Saturday, May 4, 2024
HomeUSAയു എസിലെ ആദ്യ കത്തോലിക്ക ഇന്ത്യൻ അമേരിക്കൻ ബിഷപ് അഭിഷിക്തനായി

യു എസിലെ ആദ്യ കത്തോലിക്ക ഇന്ത്യൻ അമേരിക്കൻ ബിഷപ് അഭിഷിക്തനായി

കൊളംബസ് രൂപതയെ നയിക്കാൻ ഫ്രാൻസിസ് മാർപാപ്പ നിയോഗിച്ച ഇന്ത്യൻ അമേരിക്കൻ ബിഷപ്പ് ഏൾ ഫെർണാണ്ടസ് അഭിഷിക്തനായി. യു എസിലെ ഇന്ത്യൻ രക്തമുള്ള ആദ്യ ബിഷപ്പായി, 49 വയസിൽ ഫെർണാണ്ടസ്.

രൂപതയുടെ 13ആം ബിഷപ്പായി അഭിഷിക്തനാവുമ്പോൾ ഫെർണാണ്ടസ് പറഞ്ഞു: “ഞാൻ നിങ്ങൾക്കു വേണ്ടി കഠിനാധ്വാനം ചെയ്യുമെന്ന് ഉറപ്പു നൽകുന്നു. എന്റെ രക്തം  നിങ്ങൾക്കു വേണ്ടി ചിന്തും.”

ഗോവയിൽ നിന്നു കുടിയേറിയ ഡോക്ടറുടെയും അധ്യാപികയായ അമ്മയുടെയും മകനായ ഫെർണാണ്ടസ് രൂപതയിലെ വെള്ളക്കാരനല്ലാത്ത ആദ്യ ബിഷപ്പുമാണ്. മെഡിക്കൽ പഠനം ഉപേക്ഷിച്ചു വൈദികവൃത്തി തിരഞ്ഞെടുത്തയാൾ.

മറ്റു സഭകളിൽ ഇന്ത്യക്കാർ ബിഷപ്പുമാർ ആയിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് റോമൻ കത്തോലിക്കാ സഭയിൽ  ഇന്ത്യാക്കാരൻ ബിഷപ്പാവുന്നത്. ഏപ്രിൽ രണ്ടിനായിരുന്നു അദ്ദേഹത്തെ മാർപാപ്പ നിയമിച്ചത്. “മഹത്തായ വാർത്ത” എന്നാണ് അന്നു ബിഷപ്പ് റോബർട്ട് ബ്രണ്ണൻ അതിനെ വിശേഷിപ്പിച്ചത്.

സിൻസിനാറ്റി അതിരൂപതയിലെ വൈദികനായിരിക്കെ ബിഷപ്പായി നിയമിക്കപ്പെട്ട ഫെർണാണ്ടസിനെ വാഴിച്ചത് ആർച്ച്ബിഷപ് ഡെനിസ് ഷ്നൂരും  ബിഷപ്പ് ബ്രണ്ണനും ചേർന്നാണ്. ബ്രണ്ണൻ ബ്രൂക്ലിൻ ബിഷപ്പായി പോകുന്ന ഒഴിവാണിത്.

കൊളംബസിൽ നിന്ന് 15 മൈൽ വടക്കുകിഴക്ക്‌ വെസ്റ്റർവില്ലിലെ
സെന്റ് പോൾ ദ അപ്പോസൽ കത്തോലിക്ക പള്ളിയിൽ ചൊവാഴ്ച്ച നടന്ന ചടങ്ങിൽ ഉടനീളം ബിഷപ് ഫെർണാണ്ടസ് തന്റെ സ്വാഭാവികമായ പുഞ്ചിരി പൊഴിച്ചു കൊണ്ടിരുന്നു. എന്നാൽ സംസാരിക്കുമ്പോൾ ഗൗരവത്തോടെ അദ്ദേഹം പറഞ്ഞു: “സുവിശേഷത്തിന്റെ സേവനത്തിനു സ്വയം സമർപ്പിക്കാൻ നമുക്ക് കൂടുതൽ മിഷനറിമാരെയും പുരോഹിതന്മാരെയും വേണം. അതിനു വേണ്ടി പ്രാർത്ഥിക്കാൻ ഓരോ പുരുഷനോടും സ്ത്രീയോടും കുട്ടിയോടും ഞാൻ അപേക്ഷിക്കുന്നു.”

ബിഷപ് ബ്രണ്ണനു പുറമെ രൂപതയിലെ മുൻ ബിഷപ്പുമാർ എമിരറ്റസ് ജെയിംസ് ഗ്രിഫിൻ, ഫ്രഡറിക് ക്യാമ്പ്ബെൽ എന്നിവരും പങ്കെടുത്തു. പള്ളി നിറയെ വിശ്വാസികളും സുഹൃത്തുക്കളും ബന്ധുക്കളും ഉണ്ടായിരുന്നു.

ഫെർണാണ്ടസിനെ നിയമിക്കുന്ന മാർപാപ്പയുടെ കത്ത്  യു എസ് അപ്പോസ്റ്റലിക്  ന്യൂൺഷ്യേച്ച  ക്രിസ്റ്റഫേ പിയറെ വായിച്ചു. മികവ് പരിഗണിച്ചാണ് പരിശുദ്ധ പിതാവ് ഫെർണാണ്ടസിനെ തിരഞ്ഞെടുത്തതെന്ന് അദ്ദേഹം പറഞ്ഞു.

കീഴ്വഴക്കം മാനിച്ചു പാപ്പയുടെ കത്ത് ഉയർത്തിപ്പിടിച്ചു വിശ്വാസസമൂഹത്തിനിടയിൽ കൂടി ഫെർണാണ്ടസ് നടന്നപ്പോൾ കരഘോഷം ഉയർന്നു.

1972 സെപ്റ്റംബർ 21നു ഒഹായോവിലെ ടോളഡോയിലാണ് ഫെർണാണ്ടസ് ജനിച്ചത്. ഡോക്ടർ സിഡ്‌നി ഫെർണാണ്ടസിന്റെയും തെൽമയുടെയും അഞ്ചു പുത്രന്മാരിൽ നാലാമനായി. ആരോഗ്യ പരിമിതികൾ മൂലം അമ്മയ്ക്കു ചടങ്ങിന് എത്താൻ  കഴിഞ്ഞില്ല. തന്റെ നിയമന വാർത്ത അറിയിച്ചപ്പോൾ ‘അമ്മ ഇങ്ങിനെ പറഞ്ഞുവെന്നു ഫെർണാണ്ടസ് ഓർമിച്ചു: “നല്ല വാർത്ത. ഇതൊരു അനുഗ്രഹമാകും. നമ്മുടെ കുടുംബത്തിന്. എല്ലാവർക്കും.”

“‘അമ്മ പറഞ്ഞ വാക്കുകൾ പ്രവചനം പോലെയാവട്ടെ എന്ന് ആശിക്കാകെയും പ്രാർത്ഥിക്കയും ചെയ്യാം,” ഫെർണാണ്ടസ് പറഞ്ഞു.

പിതാവിന്റെ വഴിയിൽ നീങ്ങാൻ മെഡിക്കൽ വിദ്യാഭ്യാസത്തിനു പോയെങ്കിലും രണ്ടു വർഷം കഴിഞ്ഞു അതുപേക്ഷിച്ച ഫെർണാണ്ടസ് 2002 ൽ പുരോഹിതനായി. റോമിലെ അൽഫോൻസിയൻ അക്കാദമിയിൽ നിന്ന് മോറൽ തിയോളജിയിൽ ഡോക്ടറേറ്റ് നേടി. 2016 മുതൽ 2019 വരെ വാഷിംഗ്ടൺ ഡിസിയിൽ  അപ്പോസ്തോലിക് ന്യൂൺഷ്യേച്ചറിന്റെ സ്റ്റാഫിലും  സേവനമനുഷ്ഠിച്ചു. 2002 മെയ് 18-ന് സിൻസിനാറ്റി അതിരൂപതയിൽ ആദ്യമായി വൈദികനായ അദ്ദേഹം ഹോളി ഏഞ്ചൽസ് ചർച്ചിലെ ഇടവക വികാരിയായിരുന്നു. കൂടാതെ 2002 മുതൽ 2004 വരെ ഷെൽബി കൗണ്ടിയിലെ സിഡ്‌നിയിലുള്ള   ലേമാൻ കാത്തലിക് ഹൈസ്‌കൂളിൽ മതം പഠിപ്പിക്കുകയും ചെയ്‌തു.

“ബിഷപ് ബ്രണ്ണനു ഞാൻ നന്ദി പറയുന്നു. ഒഹായോവിലേക്കു വീണ്ടും സ്വാഗതം. എനിക്ക് വലിയൊരു ചെരുപ്പാണു തന്നത്.”
ബിഷപ് ബ്രണ്ണൻ പറഞ്ഞു: “ദൈവത്തിനു നന്ദി പറയുന്നു, എന്റെ പിൻഗാമിയെ വഴിക്കാണ് ഇവിടെ തിരിച്ചു വരാൻ കഴിഞ്ഞതിൽ. ഈ രൂപതയിലെ വിശ്വാസികളെ അറിയാവുന്നതു കൊണ്ട് പറയാം, കൊളംബസിൽ ദൈവത്തിന്റെ ജനതയ്ക്കു അദ്ദേഹം മികച്ച ഇടയാനാവും.

“വലിയ സന്തോഷത്തോടെയും പ്രാർത്ഥനകളോടെയും ഞാൻ ബിഷപ് ഫെർണാണ്ടസിനു ആശംസകൾ നേരുന്നു.”

കൊളംബസ് രൂപതയിൽ മധ്യ, ദക്ഷിണ ഒഹായോവിലെ 23 കൗണ്ടികളുണ്ട്. 207,000 കത്തോലിക്ക വിശ്വാസികളുണ്ട് ഈ 11,310 ചതുരശ്ര മൈലിൽ.

യു എസിലെ ആദ്യ കത്തോലിക്ക ഇന്ത്യൻ അമേരിക്കൻ ബിഷപ് അഭിഷിക്തനായി 
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular