Thursday, May 2, 2024
HomeIndiaപാലക്കാട് - തിരുച്ചെന്തൂര്‍ പാസഞ്ചര്‍ മേട്ടുപ്പാളയത്തേക്ക് മാറ്റാന്‍ തമിഴ്നാട്ടില്‍ സമ്മര്‍ദം

പാലക്കാട് – തിരുച്ചെന്തൂര്‍ പാസഞ്ചര്‍ മേട്ടുപ്പാളയത്തേക്ക് മാറ്റാന്‍ തമിഴ്നാട്ടില്‍ സമ്മര്‍ദം

കൊല്ലങ്കോട്: പാലക്കാട് – തിരിച്ചെന്തൂര്‍ പാസഞ്ചര്‍ മേട്ടുപ്പാളയത്തുനിന്നും ആരംഭിക്കണമെന്ന് കേന്ദ്ര സര്‍ക്കാറില്‍ സമ്മര്‍ദവുമായി തമിഴ്നാട് എം.പിമാര്‍.

ഷണ്‍മുഖസുന്ദരം, വേലുസ്വാമി, രാജ, ജ്ഞാനദ്രവ്യം, വെങ്കടേശന്‍, മാണിക്കം എന്നീ ആറ് എം.പിമാരാണ് മേട്ടുപാളയത്തുനിന്നും തിരുച്ചെന്തൂരിലേക്ക് സര്‍വിസ് മാറ്റണമെന്നാവശ്യപ്പെട്ട് കേന്ദ്ര മന്ത്രിയെ സന്ദര്‍ശിക്കുകയും റെയില്‍വേ ബോര്‍ഡ് ഉള്‍പ്പെടെ കേന്ദ്രങ്ങളില്‍ നിവേദനം നല്‍കുകയും ചെയ്തത്. പാലക്കാട് ജില്ലയിലെ എം.പിമാര്‍ ഈ വിഷയത്തില്‍ ജാഗ്രത പാലിക്കാത്തത് യാത്രക്കാരെ ആശങ്കയിലാക്കുന്നു.

നിലവില്‍ പാലക്കാട് – പൊള്ളാച്ചി റൂട്ടില്‍ ഓടുന്ന ഏക പാസഞ്ചര്‍ ട്രെയിനാണിത്. പാലക്കാട്ടുനിന്നും വിവിധ സംഘടനകളുടെയും ജനപ്രതിനിധികളുടെയും നിരന്തര സമ്മര്‍ദത്തിന് ശേഷമാണ് തിരിച്ചെന്തൂര്‍ പാസഞ്ചര്‍ പുനരാരംഭിച്ചത്. എന്നാല്‍, സര്‍വിസ് പാലക്കാടിന് നഷ്ടമാകുന്ന അവസ്ഥയാണുള്ളതെന്ന് യാത്രക്കാര്‍ പറയുന്നു. ജില്ലയിലെ മൂന്ന് എം.പിമാര്‍ സംയുക്തമായി തിരിച്ചെന്തൂര്‍ പാസഞ്ചര്‍ നിലനിര്‍ത്താന്‍ കേന്ദ്രത്തില്‍ ഇടപെടല്‍ നടത്തണമെന്ന് പാലക്കാട് – പൊള്ളാച്ചി റെയില്‍ പാസഞ്ചേഴ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് മുരുകന്‍ ഏറാട്ടില്‍ ആവശ്യപ്പെട്ടു.

പാലക്കാട് – പൊള്ളാച്ചി ലൈനില്‍ ചരക്ക് ഗതാഗതം മാത്രം പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് റെയില്‍വേയുടേത്. പാലക്കാട് ഡിവിഷന്‍ മീറ്റര്‍ ഗേജിലായിരുന്ന സമയത്ത് സര്‍വിസ് നടത്തിയിരുന്ന ഒരു പാസഞ്ചര്‍ ട്രെയിന്‍ പോലും പുനരാരംഭിച്ചിട്ടില്ല. റെയില്‍വേ നീക്കത്തിനെതിരെ വരുംദിവസങ്ങളില്‍ പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങുകയാണ് വിവിധ സംഘടനകള്‍. നാല് പാസഞ്ചര്‍ ഉള്‍പ്പെടെ സര്‍വിസ് നടത്തിയിരുന്ന പാലക്കാട് – പൊള്ളാച്ചി റൂട്ടില്‍ നിലവില്‍ തിരുച്ചെന്തൂര്‍ പാസഞ്ചറും അമൃത എക്സ്പ്രസും പാലക്കാട് – പൊള്ളാച്ചി സ്റ്റേഷനുകള്‍ക്കിടയില്‍ എവിടെയും സ്റ്റോപ്പില്ലാത്ത ചെന്നൈ എക്സ്പ്രസും മാത്രമാണുള്ളത്. പാലക്കാട് – പൊള്ളാച്ചി – കോയമ്ബത്തൂര്‍ മെമു സര്‍വിസ് ആരംഭിക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ റെയില്‍വേ അധികൃതര്‍ക്കും മന്ത്രിക്കും കത്ത് അയച്ചെങ്കിലും നടപടികളൊന്നും ഉണ്ടായിട്ടില്ലെന്ന് പാസഞ്ചേഴ്സ് അസോസിയേഷന്‍ പറയുന്നു. ജനപ്രതിനിധിയുടെ ഭാഗത്തുനിന്നും കാര്യമായ സമ്മര്‍ദങ്ങള്‍ ഇല്ലാത്തതിനാല്‍ പാലക്കാട് ഡിവിഷനിലെ ഉദ്യോഗസ്ഥരും ലൈനിനെ അവഗണിക്കുന്നു. പഴനി, ഏര്‍വാടി, വേളാങ്കണ്ണി, തിരിച്ചെന്തൂര്‍, മധുര, രാമേശ്വരം തുടങ്ങിയ തീര്‍ത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന റൂട്ടായ പാലക്കാട് – പൊള്ളാച്ചി ലൈനില്‍ ഗുരുവായൂര്‍ – മധുര, പാലക്കാട് – പഴനി, പാലക്കാട് – രാമേശ്വരം തുടങ്ങിയ റൂട്ടുകളില്‍ ഫാസ്റ്റ് പാസഞ്ചര്‍ സര്‍വിസ് ആരംഭിക്കണമെന്നാണ് പൊതുആവശ്യം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular