Thursday, May 9, 2024
HomeIndiaനോട്ടീസ് കാര്യമാക്കാതെ മോദി; ഏറ്റുപിടിച്ച്‌ അമിത് ഷായും യോഗിയും

നോട്ടീസ് കാര്യമാക്കാതെ മോദി; ഏറ്റുപിടിച്ച്‌ അമിത് ഷായും യോഗിയും

ന്യൂഡല്‍ഹി: മുസ്ലിംകള്‍ക്കെതിരായ വിദ്വേഷ പ്രസംഗത്തിന് തെരഞ്ഞെടുപ്പു കമീഷൻ ബി.ജെ.പി അധ്യക്ഷൻ ജെ.പി. നഡ്ഡ വഴി വിശദീകരണം തേടിയതു കാര്യമാക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി.

അദ്ദേഹത്തിന്‍റെ പ്രസംഗം ഏറ്റുപിടിച്ച്‌ പ്രചാരണ യോഗങ്ങളില്‍ കുട്ടി നേതാക്കള്‍.

മുസ്ലിംകളെ പ്രീണിപ്പിക്കാൻ ഒ.ബി.സി, പട്ടിക വിഭാഗക്കാരുടെ സംവരണത്തില്‍ കൈയിട്ടു വാരാനാണ് കോണ്‍ഗ്രസും പ്രതിപക്ഷ പാർട്ടികളും ഒരുങ്ങുന്നതെന്ന് ബിഹാറിലെ അരരിയയില്‍ വെള്ളിയാഴ്ച നടന്ന തെരഞ്ഞെടുപ്പു യോഗത്തില്‍ മോദി പ്രസംഗിച്ചു. കർണാടക ഭരിക്കുന്ന കോണ്‍ഗ്രസ്, മുസ്ലിം സംവരണം മറ്റിടങ്ങളിലും നടപ്പാക്കാനുള്ള നീക്കത്തിലാണ്. പിന്നാക്ക വിഭാഗങ്ങളുടെ യാതന ഒ.ബി.സിക്കാരനായ തനിക്ക് നന്നായറിയാം. ഭാവിയില്‍ അവർ പട്ടിക വിഭാഗക്കാരുടെ സംവരണവും കൊള്ളയടിച്ചെന്നു വരും. മുസ്ലിംലീഗിന്‍റെ ചിന്താധാരയാണ് കോണ്‍ഗ്രസ് പ്രകടനപത്രിക. ഒ.ബി.സി, പട്ടിക വിഭാഗങ്ങളുടെ സംവരണം അടിച്ചുമാറ്റാൻ ആരെയും അനുവദിക്കില്ല. അതാണ് മോദിയുടെ ഗാരന്‍റി -പ്രധാനമന്ത്രി പറഞ്ഞു.

കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ന്യൂനപക്ഷങ്ങള്‍ക്കുവേണ്ടി പ്രത്യേക നിയമം ഉണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ ഛത്തിസ്ഗഢില്‍ പ്രസംഗിച്ചു. മുത്തലാഖ് വീണ്ടും കൊണ്ടുവരണോ? ശരിഅത്ത് നിയമത്തിന്‍റെ അടിസ്ഥാനത്തിലാണോ രാജ്യം പ്രവർത്തിക്കേണ്ടത്? അദ്ദേഹം ചോദിച്ചു.

ലീഗിന്‍റെ അജണ്ടയുമായാണ് കോണ്‍ഗ്രസ് മുന്നോട്ടു നീങ്ങുന്നത്. അയോധ്യയിലെ പ്രാണപ്രതിഷ്ഠ ചടങ്ങിലേക്കുള്ള ക്ഷണം നിരസിച്ചവർക്ക് രാജ്യം ഭരിക്കാൻ അവകാശമില്ല. രാഹുല്‍ ബാബയെ ജനം തെരഞ്ഞെടുക്കില്ല, മുത്തലാഖ് വീണ്ടും കൊണ്ടുവരാനും പോകുന്നില്ല. പൗരത്വ ഭേദഗതി നിയമത്തെ തൊടാൻ ആരെയും അനുവദിക്കില്ല. 370ാം വകുപ്പ് പ്രകാരമുള്ള പ്രത്യേക പദവി പുനഃസ്ഥാപിക്കാനും സമ്മതിക്കില്ല.

രാജ്യത്തെ സാമുദായികാടിസ്ഥാനത്തില്‍ വിഭജിക്കാനാണ് കോണ്‍ഗ്രസും ഇൻഡ്യ കക്ഷികളും ശ്രമിക്കുന്നതെന്നാണ് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ലഖ്നോവില്‍ പ്രസംഗിച്ചത്. കോണ്‍ഗ്രസ് പ്രകടന പത്രിക രാജ്യത്തിന് വിനാശമുണ്ടാക്കും. പിന്തുടർച്ചാ സ്വത്തിനു നികുതി ചുമത്തിയും സ്വത്ത് പുനഃക്രമീകരണം നടത്തിയുമെല്ലാം സച്ചാർ സമിതി, രംഗനാഥ് മിശ്ര കമീഷൻ ശിപാർശകള്‍ക്കൊപ്പം നീങ്ങാനാണ് കോണ്‍ഗ്രസിന്‍റെ പരിപാടി. അമ്മ പെങ്ങന്മാർ സ്വർണം വാങ്ങിയാല്‍ കോണ്‍ഗ്രസുകാർ അത് കൈക്കലാക്കും. പാരമ്ബര്യ സ്വത്തിന്‍റെ പകുതി കൈയടക്കും.

യു.പിയിലെ ബി.ജെ.പി നേതാവ് കേശവ് പ്രസാദ് മൗര്യ തുടങ്ങിയവരുടെ പ്രസംഗങ്ങളും ഇതേ ശൈലിയിലായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular