Friday, May 3, 2024
HomeUSAലോകപ്രശസ്ത നര്‍ത്തകി പാരിസ് ലക്ഷ്മി ഫൊക്കാന കണ്‍വന്‍ഷനില്‍

ലോകപ്രശസ്ത നര്‍ത്തകി പാരിസ് ലക്ഷ്മി ഫൊക്കാന കണ്‍വന്‍ഷനില്‍

ഒര്‍ലാണ്ടോ :ലോകപ്രശസ്ത നര്‍ത്തകി പാരിസ് ലക്ഷ്മി ഫൊക്കാന ഒര്‍ലാണ്ടോ കണ്‍വന്‍ഷനില്‍ പങ്കെടുക്കുമെന്ന് ഫൊക്കാന പ്രസിഡന്റ് ജോര്‍ജി വര്‍ഗീസ് സെക്രട്ടറി സജിമോന്‍ ആന്റണി എന്നിവര്‍ അറിയിച്ചു .ഫ്രാന്‍സില്‍ നിന്നു പറന്നെത്തി മലയാളത്തിന്റെ സ്വന്തമായിത്തീര്‍ന്ന പാരിസ് ലക്ഷ്മി ഫൊക്കാന കണ്‍വന്‍ഷന്റെ ഭാഗമാകുമ്പോള്‍ അമേരിക്കന്‍ മലയാളികള്‍ക്കും അഭിമാനിക്കാം .കഴിഞ്ഞ രണ്ടു പതിറ്റാണ്ട് ഭാരതീയ കലകളേയും വിശ്വാസങ്ങളേയും സാംസ്‌കാരിക പൈതൃകങ്ങളേയും മുറുകെ പിടിച്ച് മലയാളിയെ വെല്ലും വിധം മലയാളത്തെ സ്‌നേഹിച്ച് ജീവിക്കുന്ന അനുഗ്രഹീത നര്‍ത്തകിയെ ഫൊക്കാന കണ്‍വന്‍ഷന്റെ ഭാഗമാക്കുവാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഫൊക്കാന പ്രസിഡന്റ് ജോര്‍ജി വര്‍ഗ്ഗീസ് പറഞ്ഞു.

ഫ്രാന്‍സിലെ പ്രോവന്‍സ് സ്വദേശികളായ ഈവിന്റേയും പാത്രേസ്യയുടേയും മൂത്ത മകളായി ജനനം. മറിയം സോഫിയ ലക്ഷ്മി എന്നാണ് പാരീസ് ലക്ഷ്മിയുടെ യഥാര്‍ത്ഥ നാമം. ഈവ് നാടക കലാകാരനും കവിയുമാണ്, പത്രേസ്യ ശില്പിയും. ഭാരത സംസ്‌കാരത്തോടും ഹൈന്ദവ ആചാരങ്ങളോടുമുള്ള താല്പര്യം കൊണ്ടാണ് മാതാപിതാക്കള്‍ അവര്‍ക്ക് ലക്ഷ്മി എന്നും ഇളയ മകനെ നാരായണന്‍ എന്നും നാമകരണം ചെയ്തത്. ഫ്രാന്‍സിലെ ക്ലാസിക് കലകള്‍ ചെറുപ്പത്തില്‍ തന്നെ പഠിച്ച അവര്‍, തന്റെ ഏഴാം വയസ്സിലാണ് മാതാപിതാക്കള്‍ക്കൊപ്പം ആദ്യമായി ഇന്ത്യയില്‍ വരുന്നത്. ആ യാത്രക്കിടയില്‍ കണ്ട ഭരതനാട്യം അവരെ ആകര്‍ഷിക്കുകയും, നൃത്തം പഠിക്കണമെന്ന മോഹം കൊണ്ട് ഒന്‍പതാം വയസ്സ് മുതല്‍ ഫ്രാന്‍സില്‍ ഭരതനാട്യം പഠിക്കാനും തുടങ്ങി. ഫ്രാന്‍സില്‍നിന്നും ഭരതനാട്യത്തിന്റെ പ്രാഥമികചുവടുകള്‍ മാത്രം അഭ്യസിച്ച അവര്‍ പിന്നീട് ഇന്ത്യയിലെത്തി, ഡോ. പത്മ സുബ്രഹ്‌മണ്യത്തിന്റെ കീഴിലും, അവരുടെ പ്രമുഖ ശിഷ്യരുടെ കീഴിലും വര്‍ഷങ്ങളോളം നൃത്തം അഭ്യസിച്ചു.

ഭരതനാട്യ വേദികളില്‍ തിരക്കേറിയപ്പോള്‍ പാരീസ് ലക്ഷ്മി എന്ന പേരു സ്വീകരിച്ചു. അമല്‍ നീരദിന്റെ ബിഗ് ബിയിലെ ‘ഓ ജനുവരി’ എന്ന ഗാനത്തില്‍ ഭരതനാട്യ ചുവടുകള്‍ വച്ച് കൊണ്ട് മലയാള സിനിമാ ലോകത്തേക്ക് കടന്നു വന്നു. ബാംഗ്ലൂര്‍ ഡേയ്‌സില്‍ മിഷേല്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതും പാരീസ് ലക്ഷ്മിയാണ്.  പ്രശസ്ത കഥകളി നടനായ പളളിപ്പുറം സുനിലാണ് പാരീസ് ലക്ഷ്മിയുടെ ഭര്‍ത്താവ്. വൈക്കത്ത് കലാശക്തി ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഫ് ആര്‍ട്സ് എന്ന സ്ഥാപനം നടത്തുകയാണ് ലക്ഷ്മി. നൃത്തത്തില്‍ മാത്രമല്ല, ചിത്രകലയിലും തല്പരയാണ് പാരീസ് ലക്ഷ്മി.

പാരിസ് ലക്ഷ്മി മലയാളത്തെ സ്നേഹിക്കുമ്പോള്‍ തിരിച്ചും മലയാളം അവരെ സ്‌നേഹിക്കുന്നു എന്നതാണ് സത്യം .കോവിഡിന്റെ പശ്ചാത്തലത്തില്‍ ലോകത്തിന്റെ അരങ്ങുകള്‍  തന്നെ ഇല്ലാതായ അവസരങ്ങളില്‍ നിന്ന് പുതിയ ഊര്‍ജവുമായി ഫൊക്കാന കണ്‍വെന്‍ഷനിലെത്തുന്ന പാരിസ് ലക്ഷ്മിക്ക് ഹൃദയപൂര്‍വം സ്വാഗതം അര്‍പ്പിക്കുന്നതായി ഫൊക്കാന പ്രസിഡന്റ് ജോര്‍ജി വര്‍ഗീസ് ,സെക്രട്ടറി സജിമോന്‍ ആന്റണി ,ട്രഷറര്‍ സണ്ണി മറ്റമന, ണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ചാക്കോ കുര്യന്‍ എന്നിവര്‍ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular