Saturday, May 4, 2024
HomeKeralaആനിരാജയെ തള്ളി കാനം

ആനിരാജയെ തള്ളി കാനം

തിരുവനന്തപുരം: കേരളത്തിലെ വിഷയങ്ങളില്‍ ഇവിടത്തെ പാര്‍ട്ടി ഘടകവുമായി ആലോചിക്കാതെയാണ് ആനി രാജ പ്രതികരിക്കുന്നതെന്ന് വിമര്‍ശിച്ച്‌ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

സി.പി.ഐ തലസ്ഥാന ജില്ലാ സമ്മേളനത്തിലെ പ്രതിനിധി ചര്‍ച്ചയ്ക്കൊടുവില്‍ മറുപടി പറയവേയാണ് പാര്‍ട്ടി ദേശീയ എക്സിക്യൂട്ടീവംഗമായ ആനി രാജയ്ക്കെതിരെ കാനം വീണ്ടും നിലപാടെടുത്തത്. തനിക്കെതിരായ വ്യക്തിപരമായ വിമര്‍ശനങ്ങള്‍ക്ക് കുറേയെല്ലാം മറുപടി നല്‍കിയ കാനം, മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിനിധികളുയര്‍ത്തിയ വിമര്‍ശനങ്ങളോട് പ്രതികരിച്ചില്ല.

ആനി രാജയുടെ നടപടി പാര്‍ട്ടി നിലപാടിന് ചേര്‍ന്നതായില്ലെന്ന് കാനം പറഞ്ഞു. ദേശീയ എക്സിക്യൂട്ടീവ് അംഗമായ അവര്‍ ദേശീയ നേതൃത്വത്തിലെ കേരളത്തില്‍ നിന്നുള്ള സഹപ്രവര്‍ത്തകരോടെങ്കിലും കാര്യങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടേ? പകരം ഒരു മാദ്ധ്യമ പ്രവര്‍ത്തകനോടാണ് ആദ്യമേ പ്രതികരിച്ചത്.

മൂവാറ്റുപുഴയിലെ മുന്‍ എം.എല്‍.എ എല്‍ദോ എബ്രഹാം സര്‍ക്കാരിനെതിരെ പ്രത്യക്ഷസമരത്തിന് പാര്‍ട്ടിയില്‍ ആലോചിക്കാതെയാണ് പോയത്. പാര്‍ട്ടി നിയമസഭാകക്ഷിയിലും ആലോചിച്ചില്ല. പാര്‍ട്ടി സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യന്‍ മൊകേരി നേരിട്ട് പോയി അന്വേഷിച്ചപ്പോള്‍ പാര്‍ട്ടി അറിഞ്ഞല്ല സമരത്തില്‍ പങ്കെടുത്തതെന്ന് ബോദ്ധ്യമായി. എം.ജി സര്‍വകലാശാലയില്‍ എ.ഐ.എസ്.എഫ് പ്രവര്‍ത്തക നിമിഷ രാജുവിന് മര്‍ദ്ദനമേറ്റ സംഭവത്തിലുണ്ടായത് സാധാരണ വിദ്യാര്‍ത്ഥി സംഘട്ടനമാണ്. അവിടെ എസ്.സി-എസ്.ടി ആക്‌ട് പ്രകാരം കേസ് നല്‍കുന്ന കാര്യം പാര്‍ട്ടിയറിഞ്ഞിരുന്നില്ല. രണ്ട് എസ്.എഫ്.ഐക്കാരുടെ പഠിത്തം മുടങ്ങുമെന്ന് വന്നപ്പോഴാണ് കേസുമായി മുന്നോട്ട് പോകേണ്ടെന്ന് പാര്‍ട്ടി പറഞ്ഞത്.

സി.പി.എമ്മുമായി എപ്പോഴും തര്‍ക്കവും വഴക്കും വേണമെന്ന് ആഗ്രഹിക്കുന്നവര്‍ പാര്‍ട്ടിയിലുണ്ട്. എന്നാല്‍ അതല്ല ഇക്കാലം ആവശ്യപ്പെടുന്നതെന്നും കാനം ചൂണ്ടിക്കാട്ടി.

 സി.പി.എമ്മിനും പൊലീസിനും വീണ്ടും വിമര്‍ശനം

പ്രവര്‍ത്തന റിപ്പോര്‍ട്ടിന്മേല്‍ ഇന്നലെ നടന്ന ചര്‍ച്ചയില്‍ പൊലീസിനെതിരെ നിശിത വിമര്‍ശനമുയര്‍ന്നു. എ.ഐ.എസ്.എഫുകാരെ കൈകാര്യം ചെയ്യാന്‍ മാത്രമാണ് പൊലീസിന് ഉത്സാഹമെന്ന് ചിലര്‍ കുറ്റപ്പെടുത്തി. വീണുപോകുമെന്ന് സി.പി.എം കരുതുന്നിടത്തേ സി.പി.ഐയെ അവര്‍ സഹകരിപ്പിക്കൂ. ഇത്തരം പോരായ്മകളൊന്നും എടുത്തുപറയാത്ത ജില്ലാ സെക്രട്ടറിയുടെ പ്രവര്‍ത്തനറിപ്പോര്‍ട്ട് തട്ടിക്കൂട്ടാണ്. പാര്‍ട്ടി നേതാക്കളെക്കുറിച്ചുള്ള വിമര്‍ശനമോ സ്വയം വിമര്‍ശനമോ അതിലില്ല.

എല്‍.ഡി.എഫ് സര്‍ക്കാരിനെ പിണറായി സര്‍ക്കാരെന്ന് ബ്രാന്‍ഡ് ചെയ്യിക്കാന്‍ സി.പി.എം ബോധപൂര്‍വ്വം ശ്രമിക്കുന്നു. എല്‍.ഡി.എഫിന്റെ കെട്ടുറപ്പ് നിലനിറുത്തേണ്ട ബാദ്ധ്യത സി.പി.ഐക്ക് മാത്രമല്ല. സി.പി.എമ്മില്‍ നിന്നെത്തുന്നവര്‍ക്ക് കൂടുതല്‍ പരിഗണന പാര്‍ട്ടി നല്‍കണം. തിരുവനന്തപുരം ലോക്‌സഭാമണ്ഡലം തിരിച്ചുപിടിക്കാന്‍ നേതൃത്വം ശക്തമായി ഇടപെടണം. താഴേത്തലത്തില്‍ ജില്ലയിലെ സി.പി.എം- സി.പി.ഐ യോജിപ്പ് പലേടത്തും കാര്യമായില്ലെന്ന് പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular