Friday, April 26, 2024
HomeIndiaപഞ്ചാബ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ചരണ്‍ജിത് സിംഗ് ചന്നി; ആശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി

പഞ്ചാബ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ചരണ്‍ജിത് സിംഗ് ചന്നി; ആശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി

ജനങ്ങളുടെ ഉന്നമനത്തിനായി പഞ്ചാബ് സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് തുടരുമെന്നും അദ്ദേഹം ആശംസയോടൊപ്പം കുറിച്ചു

പഞ്ചാബിലെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ചരണ്‍ജിത് സിംഗ് ചന്നിയ്ക്ക് ആശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ആശംസകളറിയിച്ചത്.

പഞ്ചാബിലെ ജനങ്ങളുടെ ഉന്നമനത്തിനായി പഞ്ചാബ് സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് തുടരുമെന്നും അദ്ദേഹം ആശംസയോടൊപ്പം കുറിച്ചു.

ഹരീഷ് റാവത്താണ് ചന്നിയെ മുഖ്യമന്ത്രിയായി ട്വിറ്ററിലൂടെ പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് നിയമസഭ കക്ഷിയോഗമാണ് പുതിയ നേതാവിനെ തെരഞ്ഞെടുത്തത്. പാര്‍ട്ടിയിലെ തര്‍ക്കങ്ങളെത്തുടര്‍ന്ന് ശനിയാഴ്ചയാണ് ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് മുഖ്യമന്ത്രിസ്ഥാനം രാജിവച്ചത്. 2022 മാര്‍ച്ച് മാസം വരെയാണ് പുതിയ മുഖ്യമന്ത്രിയുടെ കാലാവധി.

ചാംകൗര്‍ സാഹിബ് മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് ചന്നി. നിലവില്‍ സംസ്ഥാനത്തെ ടെക്നിക്കല്‍ വിദ്യാഭ്യാസമന്ത്രിയായ ചരണ്‍ജിത് സിംഗ് പഞ്ചാബില്‍ മുഖ്യമന്ത്രി പദത്തിലെത്തുന്ന ആദ്യ ദലിതനാണ്.

ജയില്‍, സഹകരണ വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന സുഖ്ജിന്ദര്‍ സിങ് റണ്‍ധവയെ മുഖ്യമന്ത്രിയാക്കുമെന്നാണ് കോണ്‍ഗ്രസ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും ഒരു വിഭാഗം എംഎല്‍എമാര്‍ രംഗത്തുവന്നതിനെ തുടര്‍ന്ന് ഒഴിവാക്കുകയായിരുന്നു. ചരണ്‍ജിത് സിങ് ഗവര്‍ണര്‍ ബല്‍വരിലാല്‍ പുരോഹിതിനെ കാണാനായി അദ്ദേഹത്തിന്റെ വസതിയിലെത്തി.

അമരീന്ദറിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് 40 എംഎല്‍എമാര്‍ ഹൈക്കമാന്‍ഡിനെ സമീപിച്ചിരുന്നു. ഇതില്‍ നാല് മന്ത്രിമാരും ഉള്‍പ്പെടുന്നു. പഞ്ചാബ് പി സി സി അധ്യക്ഷനായി നവ്ജ്യോത് സിങ് സിദ്ദു വന്നതോടെയാണ് അമരീന്ദറിനെതിരേയുള്ള നീക്കം ശക്തിപ്പെട്ടത്.

എ ഐ സി സി സമീപകാലത്ത് പഞ്ചാബില്‍ നടത്തിയ അഭിപ്രായ സര്‍വേയില്‍ മുഖ്യമന്ത്രിയുടെ ജനപ്രീതിയില്‍ വലിയ ഇടിവുണ്ടായതായി കണ്ടെത്തിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പുമായി വിവിധ ചാനലുകള്‍ നടത്തിയ അഭിപ്രായ സര്‍വേകളിലും സമാനമായ കണ്ടെത്തലാണുണ്ടായത്. ഇതോടുകൂടിയാണ് അമരീന്ദറിനെ മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ തിരിച്ചടിയുണ്ടാകുമെന്ന കാര്യം ഒരുവിഭാഗം എംഎല്‍എമാര്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചത്.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി അമരീന്ദര്‍ നേരത്തെ ടെലിഫോണില്‍ ആശയവിനിമയം നടത്തിയതിന് ശേഷമാണ് അമരീന്ദര്‍ രാജി പ്രഖ്യാപിച്ചത്. മൂന്നാം തവണയാണ് താന്‍ പാര്‍ട്ടിയില്‍ അപമാനിക്കപ്പെടുന്നതെന്നും ഇനിയും അപമാനം സഹിച്ച് തുടരാനാകില്ലെന്നും അമരീന്ദര്‍ സോണിയയെ അറിയിച്ചതായാണ് വിവരം. ഹൈക്കമാന്‍ഡ് എന്തു തീരുമാനമെടുത്താലും അംഗീകരിക്കുമെന്ന് അദ്ദേഹം നേതൃത്വത്തെ അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം അമരീന്ദര്‍ പാര്‍ട്ടി വിട്ടേക്കുമെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular