Sunday, May 5, 2024
HomeIndiaഗ്രൂപ്പിസം കോണ്‍ഗ്രസിന്റെ പുനരുജ്ജീവനത്തെ സഹായിക്കില്ല; ഒറ്റക്കെട്ടായ പരിശ്രമം വേണം - ആനന്ദ് ശര്‍മ

ഗ്രൂപ്പിസം കോണ്‍ഗ്രസിന്റെ പുനരുജ്ജീവനത്തെ സഹായിക്കില്ല; ഒറ്റക്കെട്ടായ പരിശ്രമം വേണം – ആനന്ദ് ശര്‍മ

ഷിംല: കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പുനരുജ്ജീവനം വേണ​മെന്നും കൂട്ടായ പ്രയത്നത്തിലൂടെ അത് സാധ്യമാകുമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ആനന്ദ് ശര്‍മ.

ബുധനാഴ്ച ഷിംല സന്ദര്‍ശിച്ച അദ്ദേഹം ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി സംസ്ഥാന ഓഫീസില്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷ പ്രതിഭ വീര്‍ഭദ്ര സിങ്ങുമായി കൂടിക്കാഴ്ച നടത്തി.

പാര്‍ട്ടിയുടെ സ്റ്റിയറിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം രാജിവച്ചതിന് ശേഷം സ്വന്തം സംസ്ഥാനത്ത് അദ്ദേഹം പ​ങ്കെടുക്കുന്ന ആദ്യ യോഗമാണിത്.

പാര്‍ട്ടിക്കുള്ളില്‍ ചില മാറ്റങ്ങള്‍ നടപ്പാക്കിയാല്‍ കോണ്‍ഗ്രസ് ഉണര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് താന്‍ കരുതുന്നുവെന്ന് ആനന്ദ് ശര്‍മ എ.എന്‍.ഐയോട് പറഞ്ഞു. പാര്‍ട്ടിയുടെ ഇടക്കാല അധ്യക്ഷന് കത്ത് അയച്ച വിഷയത്തില്‍, തന്റെ ശബ്ദം കേള്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എ ഗ്രൂപ്പിനോ ബി ഗ്രൂപ്പിനോ കോണ്‍ഗ്രസിനെ ഉണര്‍ത്താനാകില്ല. എല്ലാവരും ആദ്യം കോണ്‍ഗ്രസുകാരാണ്. കോണ്‍ഗ്രസിന് ഒറ്റക്കെട്ടായി മാത്രമേ പുനരുജ്ജീവനം സാധ്യമാകൂ. പാര്‍ട്ടിയെ പുനര്‍നിര്‍മിക്കുന്നതിന് ഞങ്ങള്‍ പ്രതിജ്ഞാബദ്ധമാണ്. പ്രധാന സംസ്ഥാനത്ത് ഒരു വലിയ രാഷ്ട്രീയ ഇടം ഞങ്ങള്‍ അക്ഷരാര്‍ഥത്തില്‍ ഒഴിച്ചിട്ടിരിക്കുകയാണെന്നത് ആശങ്കയുളവാക്കുന്നതാണ്. രാഷ്ട്രീയ എതിരാളികളാല്‍ ഞങ്ങള്‍ അടിച്ചമര്‍ത്തപ്പെട്ടു, ആ പ്രദേശങ്ങളിലെ പുനരുജ്ജീവനത്തിനും വീണ്ടെടുക്കലിനും കൂട്ടായി പ്രവര്‍ത്തിക്കേണ്ടതുണ്ട്.

പാര്‍ട്ടിയിലെ ആഭ്യന്തര മാറ്റങ്ങള്‍ക്കും പരിഷ്കാരങ്ങള്‍ക്കുമായി മുന്നോട്ടുവെക്കുന്ന നിര്‍ദേശങ്ങള്‍ ഞങ്ങള്‍ തുടരും. എന്നെ ആവശ്യമുള്ളിടത്ത് ഞാന്‍ പാര്‍ട്ടിക്ക് വേണ്ടി പ്രചാരണം നടത്തും. കോണ്‍ഗ്രസ് ഗ്രൂപ്പിസത്തില്‍ നിന്ന് പുറത്തു വന്ന് ഒറ്റക്കെട്ടായി നില്‍ക്കണം. നമ്മെ​െളല്ലാം കോണ്‍ഗ്രസുകാരാണ്. കോണ്‍ഗ്രസ് പാര്‍ട്ടി ശക്തമാക്കുക എന്നതാണ് പ്രധാനം – ആനന്ദ് ശര്‍മ വ്യക്തമാക്കി.

ഹിമാചലില്‍ ഒരു മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ നിര്‍ത്തി പാര്‍ട്ടി വോട്ടെടുപ്പിന് പോകണോ എന്ന ചോദ്യത്തിന്, ആദ്യം കൂട്ടായ പരിശ്രമത്തിലൂടെ വിജയിക്കണമെന്ന് ആനന്ദ് ശര്‍മ്മ പറഞ്ഞു. അതിന് ഗ്രൂപ്പുകളും ഭിന്നതകളും മാറിനില്‍ക്കേണ്ടിവരും. ആദ്യം പാര്‍ട്ടി വിജയിക്കണം. അതിനായി എല്ലാവരും കൂട്ടായി പോരാടണം.

2024 ലെ തെരഞ്ഞെടുപ്പില്‍ അരവിന്ദ് കെജ്‌രിവാളും നരേന്ദ്ര മോദിയും തമ്മിലായിരിക്കും മത്സരമെന്ന മനീഷ് സിസോദിയയുടെ വാക്കുകള്‍ സംബന്ധിച്ച്‌ എല്ലാവര്‍ക്കും സ്വപ്നം കാണാനും ആഗ്രഹങ്ങള്‍ ഉണ്ടാകാനും അവകാശമുണ്ടെന്ന് ശര്‍മ പറഞ്ഞു.

വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍, രാജ്യം മുഴുവനും നേരിടുന്ന പ്രശ്‌നങ്ങള്‍ ഏതാണ്ട് ഒരേപോലെയാണ്. വിലക്കയറ്റവും തൊഴിലില്ലായ്മയും രാജ്യത്തെ സമ്ബദ്‌വ്യവസ്ഥയുടെ മോശം അവസ്ഥയുമാണ് അത്. കോണ്‍ഗ്രസില്‍ മാത്രമല്ല ബി.ജെ.പിയിലും ചേരിപ്പോരുണ്ടെന്ന് അറിഞ്ഞതായും ശര്‍മ പറഞ്ഞു.

എല്ലാവരേയും ഉള്‍ക്കൊള്ളുന്ന കൂട്ടായ ചിന്തയും നേതാവും കോണ്‍ഗ്രസിന് ആവശ്യമാണെന്ന് പറഞ്ഞ ശര്‍മ എ.ഐ.സി.സി അധ്യക്ഷയായി പ്രിയങ്കയെയോ രാഹുല്‍ ഗാന്ധിയെയോ തിരഞ്ഞെടുത്താല്‍ അംഗീകരിക്കുമോ എന്ന ചോദ്യത്തിന്, 2018 ല്‍ ഞങ്ങള്‍ രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുത്തു, പക്ഷേ രാജിവച്ചത് അദ്ദേഹമാണ്, ഞങ്ങള്‍ അദ്ദേഹത്തോട് രാജി വെക്കാന്‍ ആവശ്യപ്പെട്ടില്ല. നെഹ്‌റു-ഗാന്ധി കുടുംബം അവിഭാജ്യമായി നിലകൊള്ളുക എന്നത് പ്രധാനമാണെന്നും കൂട്ടിച്ചേര്‍ത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular