Sunday, May 5, 2024
HomeUSAന്യുയോർക്ക് സിറ്റി പോലീസ് ക്യാപ്റ്റൻ സ്റ്റാൻലി ജോർജ് വിരമിച്ചു; ആദ്യ ഇന്ത്യൻ ഓഫീസർ

ന്യുയോർക്ക് സിറ്റി പോലീസ് ക്യാപ്റ്റൻ സ്റ്റാൻലി ജോർജ് വിരമിച്ചു; ആദ്യ ഇന്ത്യൻ ഓഫീസർ

ന്യൂയോർക്ക് പോലീസ് ഡിപ്പാർട്മെന്റിലെ ആദ്യ ദക്ഷിണേഷ്യൻ ഓഫിസറും പിന്നീട് ലുട്ടനന്റും   ക്യാപ്റ്റനായ   സ്റ്റാൻലി ജോർജ്, 33 വർഷത്തെ സേവനത്തിനു ശേഷം ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചു.

ലോകത്തിലെ ഏറ്റംവലുതും പ്രശസ്തവുമായ മുനിസിപ്പൽ പോലീസ് സേനയാണ് NYPD . 40000 ൽ പരം  പേർ  അടങ്ങിയതാണ്  ന്യൂയോർക്ക് പോലീസ് ഡിപ്പാർട്മെന്റ്.

സിവിലിയൻ അക്കൗണ്ടന്റായി ജോലിയിൽ  പ്രവേശിച്ച സ്റ്റാൻലി താമസിയാതെ യൂണിഫോംഡ് ഓഫീസറാവുകയും, പിന്നീട് കഠിനാദ്ധ്വാനത്തിലൂടെയും സമർപ്പിതസേവനത്തിലൂടെയും പടിപടിയായി ഉയർന്ന് ആദ്യ ഇന്ത്യൻ ക്യാപ്റ്റൻ എന്ന പദവിക്കർഹനാവുകയായിരുന്നു.

ബ്രോങ്ക്സ് ക്രിമിനൽ ജസ്റ്റിസ് ബ്യുറോ  കമ്മാണ്ടിങ് ഓഫീസർ, കൌണ്ടർ ടെററിസം യൂണിറ്റ്, മാനേജ്‌മെന്റ് ആൻഡ് ബജറ്റ് ഓഫീസ് ക്യാപ്റ്റൻ  തുടങ്ങിയ വളരെ പ്രധാനപ്പെട്ട  സ്ഥാനങ്ങൾ അലങ്കരിച്ച സ്റ്റാൻലി തനിക്കു ലഭിച്ച അധികാരങ്ങളും സ്വാധീനവും ഇന്ത്യൻ സമൂഹത്തിന്റെയും, പ്രത്യേകിച്ച് മലയാളികളുടെയും സേവനത്തിനായി ഉപയോഗിക്കുന്നതിൽ എപ്പോഴും ശ്രദ്ധാലുവായിരുന്നു.

വളരെയേറെ അഭിനന്ദനങ്ങളും അവാർഡുകളും ഏറ്റുവാങ്ങിയിട്ടുള്ള അദ്ദേഹം അന്യൂനമായ സേവനചരിത്രവുമായിട്ടാണ് ഡിപ്പാർട്മെന്റിന്റെ പടിയിറങ്ങുന്നത്. ഗാന്ധി പീസ് അവാർഡ്, കേരളാ പ്രവാസി അവാർഡ്, കേരളാ സെന്റർ അവാർഡ്, PCNAK , AGIFNA  പുരസ്‌കാരങ്ങൾ തുടങ്ങിയവ അവയിൽ ചിലതു മാത്രം. മുൻ ഇന്ത്യൻ പ്രസിഡന്റ് അബ്ദുൽ കലാമിൽനിന്നും നേരിട്ടുള്ള അഭിനന്ദനങ്ങളൂം സ്വീകരിച്ചിട്ടുണ്ട്.

ന്യൂയോർക്ക്  ഇന്ത്യൻ സമൂഹത്തിന്റെ ശക്തനായ പ്രതിനിധി പ്രേം ഭണ്ഡാരി സ്റാൻലിയുടെ സാമൂഹ്യപ്രതിബദ്ധതയെ പ്രകീർത്തിച്ചുകൊണ്ടു ഫേസ്ബുക്കിൽ എഴുതി: ” സ്റ്റാൻലി ജോർജ് ഒരു സാക്ഷാൽ ഭാരതീയനാണ്. സമൂഹത്തെ സേവിക്കുവാൻ സമ്പൂർണമായി സമർപ്പിക്കപെട്ടയാൾ….. വരുംകാലങ്ങളിൽ ഇതിലേറെ വന്കാര്യങ്ങൾ അദ്ദേഹത്തിൽനിന്നും പ്രതീക്ഷിക്കാം.”

“അദ്ദേഹം സമൂഹത്തിനു നൽകിയിട്ടുള്ള സേവനങ്ങൾ തിളക്കമാർന്നതും അങ്ങേയറ്റം അഭിനന്ദനാര്ഹവുമാണ്”, ഇന്ത്യൻ  അംബാസഡറായിരുന്ന  ഹർഷ് വർദ്ധൻ  ഷ്രിമ്ഗ്‌ള ഫേസ്ബുക്കിൽ കുറിച്ചു.

അസ്സംബ്ലീസ്‌  ഓഫ് ഗോഡ് ശുശ്രുഷകനായിരുന്ന പാസ്റ്റർ വി എസ് ജോർജിന്റെയും റെബേക്കാമ്മയുടെയും പുത്രനായി ജനിച്ച സ്റ്റാൻലി 1983 ൽ  ആണ് കുടുംബത്തോടൊപ്പം അമേരിക്കയിലേക്ക് കുടിയേറിയത്. വിദ്യാർത്ഥിയായിരുന്ന കാലംമുതൽ ന്യൂയോർക്കിലെ ആത്മീക – സഭാ രംഗങ്ങളിൽ വളരെ താല്പര്യപൂർവം പ്രവർത്തിച്ചുതുടങ്ങിയ അദ്ദേഹം PYFA ,PCNAK , AGIFNA തുടങ്ങിയ സംഘടനകളിൽ തന്റെ നേതൃപാടവം തെളിയിക്കുകയും, കാതലായ സംഭാവനകൾ നൽകുകയും ചെയ്തിരുന്നു. പ്രവർത്തിച്ച മേഖലകളിലെല്ലാം തന്റെ അതുല്യമായ കയ്യൊപ്പു ചാർത്തുവാൻ കഴിഞ്ഞിട്ടുണ്ട് എന്നത് അഭിമാനകരമായ നേട്ടം തന്നെ.

എല്ലാ കഴിവുകളും നേട്ടങ്ങളും ദൈവീക അനുഗ്രഹം മാത്രമാണെന്ന് വിശ്വസിക്കുകയും സാക്ഷിക്കുകയും ചെയ്യുന്ന സ്റ്റാൻലി ഒരു നല്ല സുവിശേഷപ്രഭാഷകനുമാണ്. സമീപകാലത്തു പൂനാ യൂണിയൻ ബിബ്ലിക്കൽ സെമിനാരിയിൽ നിന്നും MDiv ബിരുദവും  നേടിയിട്ടുണ്ട്. ജീവിതത്തിന്റെ അടുത്ത ഘട്ടത്തിൽ ദൈവാരാജ്യപ്രവർത്തന   മണ്ഡലത്തിൽ തന്റെ കഴിവുകൾ വിനിയോഗിക്കണമെന്നാണ് അദ്ദേഹത്തിന്റെ താല്പര്യം.

ഭാര്യ ബീന സെൻറ് ലൂക് ഹോസ്പിറ്റലിൽ ക്ലിനിക്കൽ ഡോക്യൂമെന്റഷൻ സ്പെഷ്യലിസ്റ് RN ആയി പ്രവർത്തിക്കുന്നു. മകൻ കെവിൻ മാസ്റ്റേഴ്സ് പൂർത്തിയാക്കി ഉദ്യോഗത്തിൽ പ്രവേശിക്കാനൊരുങ്ങുന്നു. മകൾ ക്രിസ്റ്റൻ  മെഡിക്കൽ വിദ്യാർത്ഥിയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular