ന്യൂയോര്‍ക്ക് : യുക്രെയിന് അധിനിവേശത്തിനിടെ ഉത്തര കൊറിയയില്‍ നിന്ന് കോടികള്‍ വിലമതിക്കുന്ന റോക്കറ്റുകളും പീരങ്കി ഷെല്ലുകളും വാങ്ങാനുള്ള ശ്രമത്തിലാണ് റഷ്യന്‍ പ്രതിരോധ മന്ത്രാലയം എന്ന് യു.എസ് ഇന്റലിജന്‍സ് വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ട്.
യുക്രെയിനില്‍ റഷ്യന്‍ സൈന്യം ആയുധക്ഷാമം നേരിടുന്നതായി നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. പാശ്ചാത്യ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധങ്ങളാണ് ഇതിന് കാരണം. എത്രത്തോളം ആയുധങ്ങള്‍ ഉത്തര കൊറിയയില്‍ നിന്ന് റഷ്യ വാങ്ങാന്‍ ഉദ്ദേശിക്കുന്നെന്ന് വ്യക്തമല്ല. പാശ്ചാത്യ രാജ്യങ്ങളുമായി ഇടഞ്ഞ റഷ്യയുമായി ബന്ധം ശക്തമാക്കാന്‍ ഉത്തര കൊറിയ സമീപ കാലത്ത് ശ്രമങ്ങള്‍ നടത്തിയിരുന്നു.
ഇറാനിയന്‍ നിര്‍മ്മിത ഡ്രോണുകള്‍ ഓഗസ്റ്റില്‍ റഷ്യന്‍ സൈന്യം യുക്രെയിനെതിരെ വിന്യസിച്ചെന്ന് യു.എസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ഇവയ്ക്ക് സാങ്കേതിക തകരാറുകള്‍ കണ്ടെത്തിയെന്നും യു.എസ് പറയുന്നു.