Thursday, May 2, 2024
HomeUSAയു.എഫ്.ഒ വീഡിയോകള്‍ ഉണ്ട്, പുറത്തുവിടില്ലെന്ന് യു.എസ് നേവി

യു.എഫ്.ഒ വീഡിയോകള്‍ ഉണ്ട്, പുറത്തുവിടില്ലെന്ന് യു.എസ് നേവി

വാഷിംഗ്ടണ്‍ : ഇതുവരെ പൊതുജനങ്ങള്‍ കണ്ടിട്ടില്ലാത്ത നിരവധി യു.എഫ്.ഒ വീഡിയോകള്‍ തങ്ങളുടെ പക്കലുണ്ടെന്നും എന്നാല്‍ രാജ്യ സുരക്ഷ കണക്കിലെടുത്ത് അവ പുറത്തുവിടില്ലെന്നും അമേരിക്കന്‍ നേവി.

ഫ്രീഡം ഒഫ് ഇന്‍ഫര്‍മേഷന്‍ ആക്‌ട് പ്രകാരം ഒരു യൂട്യൂബ് ചാനല്‍ ഫയല്‍ ചെയ്ത അഭ്യര്‍ത്ഥനയ്ക്ക് മറുപടി നല്‍കുകയായിരുന്നു നേവി.

തിരിച്ചറിയാന്‍ കഴിയാത്ത അജ്ഞാത ആകാശ വസ്തുക്കളാണ് പൊതുവെ പറക്കും തളികകള്‍ അല്ലെങ്കില്‍ യു.എഫ്.ഒകള്‍ അല്ലെങ്കില്‍ തിരിച്ചറിഞ്ഞിട്ടില്ലാത്ത ആകാശ പ്രതിഭാസങ്ങള്‍ (യു.എ.പി – Unidentified aerial phenomena) എന്നറിയപ്പെടുന്നത്. യു.എ.പി എന്നാണ് സര്‍ക്കാര്‍ യു.എഫ്.ഒകളെ അഭിസംബോധന ചെയ്യുന്നത്. യു.എഫ്.ഒകളെ അന്യഗ്രഹ ജീവികളുമായി ബന്ധപ്പെടുത്തി നിരവധി കഥകള്‍ പ്രചാരത്തിലുണ്ടെങ്കിലും അവ സാങ്കല്പികമാണെന്ന് ശാസ്ത്രലോകം പറയുന്നു.

‘ വിവരങ്ങള്‍ പുറത്തുവിടുന്നത് ദേശീയ സുരക്ഷയെ ദോഷകരമായി ബാധിക്കും. കാരണം, പ്രതിരോധ വകുപ്പ് / നേവിയുടെ പ്രവര്‍ത്തനങ്ങള്‍, കഴിവുകള്‍, അപകട സാദ്ധ്യതകള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട വിലപ്പെട്ട വിവരങ്ങള്‍ ഇവ പുറത്തുവിടുന്നതിലൂടെ ശത്രുക്കള്‍ക്ക് മനസിലാക്കാനാകും. അതിനാല്‍ വീഡിയോകളുടെ ഒരു ഭാഗവും വേര്‍തിരിച്ച്‌ പുറത്തുവിടാനാകില്ല. ” നേവിയുടെ ഫ്രീഡം ഒഫ് ഇന്‍ഫര്‍മേഷന്‍ ആക്‌ട് ഓഫീസ് ഡയറ്കടര്‍ ഗ്രിഗറി കേസണ്‍ നല്‍കിയ മറുപടിയില്‍ പറയുന്നു.

ബ്ലാക്ക് വോള്‍ട്ട് എന്ന വെബ്സൈറ്റ് രണ്ട് വര്‍ഷം മുമ്ബാണ് വീഡിയോകള്‍ പുറത്തുവിടണമെന്ന് കാട്ടി അപേക്ഷ നല്‍കിയതെന്ന് പറയപ്പെടുന്നു. യു.എഫ്.ഒ വീഡിയോകള്‍ ഉണ്ടെന്ന് നേവി സമ്മതിക്കുന്നുണ്ടെങ്കിലും പുറത്തുവിടില്ലെന്ന് നേവി വ്യക്തമാക്കുന്നു. നേരത്തെ മൂന്ന് യു.എഫ്.ഒ വീഡിയോകള്‍ നേവി പുറത്തുവിട്ടിരുന്നു. ഈ വീഡിയോകള്‍ അനൗദ്യോഗിക ചാനലുകളിലൂടെ പുറത്തുവിട്ട ശേഷമാണ് ഔദ്യോഗികമായി പുറത്തുവിട്ടത്.

യു.എഫ്.ഒകളെ ആകാശത്ത് കണ്ടത് സംബന്ധിച്ച നിരവധി റിപ്പോര്‍ട്ടുകള്‍ നേരത്തെ യു.എസ് പ്രതിരോധ വിഭാഗമായ പെന്റഗണ്‍ പുറത്തുവിട്ടിട്ടുണ്ട്. യു.എഫ്.ഒകളുടെ ഉത്ഭവത്തിന് ഭൂമിയ്ക്ക് പുറത്തേക്ക് ബന്ധമില്ലെന്ന് പെന്റഗണ്‍ പറയുന്നു. യു.എഫ്.ഒകള്‍ എന്താണെന്ന് കൃത്യമായ വിശദീകരണം നല്‍കാന്‍ യു.എസിന് കഴിഞ്ഞിട്ടില്ല. ആകാശത്തെ അജ്ഞാത വസ്തുക്കള്‍ക്ക് പിന്നില്‍ ചൈനയോ റഷ്യയോ ആകാമെന്ന പ്രചാരണങ്ങളുമുണ്ട്.

യു.എസിന്റെ പ്രതിരോധ സംവിധാനങ്ങളെ നിരീക്ഷിക്കാനുള്ള അജ്ഞാത ഡ്രോണുകളോ മറ്റോ ആകാമെന്നും ഒരു വിഭാഗം ആരോപിക്കുന്നു. യു.എസിന്റെ പ്രതിരോധ സംവിധാനങ്ങള്‍ക്ക് ഭീഷണിയാണെന്ന് വിലയിരുത്തപ്പെടുന്നവയാണ് യു.എഫ്.ഒകള്‍. യു.എഫ്.ഒകളെ പറ്റി അമേരിക്കന്‍ സ്പേസ് ഏജന്‍സിയായ നാസയുടെ ഒമ്ബത് മാസം നീളുന്ന അന്വേഷണം ഈ വര്‍ഷം അവസാനം ആരംഭിക്കുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular