Thursday, May 2, 2024
HomeIndiaഹിജാബ് വിലക്ക്: പരീക്ഷയെഴുതാനാകാതെ പോയത് 17,000 മുസ്ലിം വിദ്യാര്‍ഥിനികള്‍ക്ക്

ഹിജാബ് വിലക്ക്: പരീക്ഷയെഴുതാനാകാതെ പോയത് 17,000 മുസ്ലിം വിദ്യാര്‍ഥിനികള്‍ക്ക്

ബംഗളൂരു: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ച ഹൈകോടതി ഉത്തരവിനെ തുടര്‍ന്ന് കര്‍ണാടകയില്‍ പരീക്ഷയെഴുതാന്‍ സാധിക്കാതെ വന്നത് 17,000 വിദ്യാര്‍ഥിനികള്‍ക്ക്.

ഉത്തരവിനെതിരെ സുപ്രീംകോടതിയില്‍ ഹരജി നല്‍കിയ മുസ്ലിം വിദ്യാര്‍ഥിനികള്‍ക്കായി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹുഫെസ അഹ്മദി വാദത്തിനിടെ സെപ്റ്റംബര്‍ 17ന് കോടതിയെ ധരിപ്പിച്ചതാണ് ഇക്കാര്യം.

ഹിജാബ് വിലക്കിനെ തുടര്‍ന്ന് കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്ന് എത്ര വിദ്യാര്‍ഥിനികള്‍ കൊഴിഞ്ഞുപോയി എന്നായിരുന്നു അന്ന് സുപ്രീം കോടതി ചോദിച്ചത്. ഇക്കാര്യത്തില്‍ കൃത്യമായ കണക്കുകളുണ്ടോ? 20, 30, 40 അല്ലെങ്കില്‍ 50 പേര്‍ ആണോ കൊഴിഞ്ഞുപോയത് എന്നും ഹേമന്ദ് ഗുപ്ത, സുധാന്‍ഷു ധൂലിയ എന്നിവരുടെ ബെഞ്ച് ആരാഞ്ഞു. അപ്പോഴാണ് ഹിജാബ് വിലക്കിയ ഉത്തരവ് മൂലം 17,000 വിദ്യാര്‍ഥിനികള്‍ക്ക് പരീക്ഷയെഴുതാന്‍ സാധിച്ചിട്ടില്ലെന്ന് അഭിഭാഷകനായ ഹുഫെസ അഹ്മദി പറഞ്ഞത്.

അഭിഭാഷകനായ തന്‍റെ സുഹൃത്ത് നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഈ കണക്കെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, വിദ്യാര്‍ഥിനികളുടെ കൊഴിഞ്ഞുപോക്ക് എന്ന വിഷയം ഇതുവരെ ഹൈകോടതിയില്‍ ഉയര്‍ത്തിയിട്ടില്ലെന്നും അതിനാല്‍ തങ്ങള്‍ ഈ വിവരം സ്വീകരിക്കില്ലെന്നുമായിരുന്നു സുപ്രീംകോടതി ചൂണ്ടിക്കാട്ടിയത്.

മദ്റസകളിലെ വിവിധ നിയന്ത്രണങ്ങളില്‍പെട്ട മുസ്ലിം പെണ്‍കുട്ടികള്‍ അത്തരം വിലക്കുകള്‍ പൊട്ടിച്ചെറിഞ്ഞ് ഹിജാബ് ധരിച്ചുകൊണ്ടുതന്നെ മതേതര വിദ്യാലയങ്ങളില്‍ ഉന്നതപഠനം നടത്തുകയാണെന്നും എന്നാലിപ്പോള്‍ ഹൈകോടതി ഉത്തരവ് പ്രകാരം സ്കൂള്‍ വളപ്പില്‍ ഹിജാബ് ധരിക്കാന്‍ കഴിയുന്നില്ലെന്നും ഇതിനാല്‍ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെടുകയാണെന്നും ഹുഫെസ അഹ്മദി പറഞ്ഞു.

ഹിജാബ് ധരിച്ച ആറു മുസ്‍ലിം വിദ്യാര്‍ഥിനികളെ ഉഡുപ്പി ഗവ. പ്രീയൂനിവേഴ്സിറ്റി കോളജില്‍നിന്ന് വിലക്കിയതാണ് കര്‍ണാടകയിലെ ഹിജാബ് വിവാദത്തിന്‍റെ തുടക്കം. ഇതിനെതിരെ സംസ്ഥാനവ്യാപകമായ പ്രതിഷേധമുണ്ടായി. വിദ്യാര്‍ഥിനികളടക്കം കര്‍ണാടക ഹൈകോടതിയില്‍ ഹിജാബ് ധരിക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹരജി നല്‍കി. എന്നാല്‍, ഹിജാബ് ധരിക്കല്‍ ഇസ്‍ലാമിക വിശ്വാസപ്രകാരം നിര്‍ബന്ധമല്ലെന്നായിരുന്നു ഹൈകോടതിയുടെ ഇടക്കാല വിധി. ഇതിനെ തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരി 16ന് എല്ലാ സ്കൂളിലും ഹിജാബ് നിരോധിച്ച്‌ കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിറക്കുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular