Thursday, May 16, 2024
HomeUSAകലാരരംഗത്തു തിളങ്ങിയ പ്രിയങ്ക മാത്യുവിന് അശ്രുപൂജ

കലാരരംഗത്തു തിളങ്ങിയ പ്രിയങ്ക മാത്യുവിന് അശ്രുപൂജ

ന്യൂയോർക്ക് ആർട്ട് സർക്കിളുകളിൽ അറിയപ്പെടുന്ന പേരായിരുന്നു  പ്രിയങ്ക മാത്യു എന്ന മലയാളിയുടേത്. വർഷങ്ങളോളം ബാങ്കറായി പ്രവർത്തിച്ചതിന് ശേഷമാണ് തന്റെ ഹൃദയമന്ത്രണങ്ങൾക്കൊത്ത് ജീവിക്കണമെന്ന തീരുമാനത്തോടെ പ്രിയങ്ക ഫൈൻ ആർട്‌സിന്റെ ലോകത്തേക്ക് ചുവടുവച്ചത്. ‘സൗത്ത് ഏഷ്യൻ ആർട്ട് ഡീലർ’ എന്ന വിശേഷണത്തിലേക്ക് എത്തപ്പെടാൻ പ്രിയങ്ക മാത്യുവിന് ഒട്ടും പ്രയാസമുണ്ടായിരുന്നില്ല. സാമ്പത്തികസുരക്ഷിതത്വം ഉറപ്പുനൽകുന്ന കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് ദക്ഷിണേന്ത്യൻ കലാസൃഷ്ടികൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ വേണ്ടി പ്രവർത്തിക്കുക എന്ന സാഹസത്തെ ഭ്രാന്തൻ തീരുമാനമായി ചുറ്റുമുള്ളവർ അടക്കം പറഞ്ഞപ്പോഴും, സ്വന്തം തീരുമാനത്തിൽ നിന്ന് വ്യതിചലിച്ചില്ല. ആ നിശ്ചയദാർഢ്യം വിജയം കാണുകയും ചെയ്തു.

ഇന്ത്യയുടെ മുൻ പ്രസിഡന്റ് എ.പി.ജെ.അബ്ദുൽ കലാം അടക്കമുള്ള പ്രമുഖർ പ്രിയങ്ക സംഘടിപ്പിച്ച എക്‌സിബിഷനിൽ നിന്ന് ചിത്രങ്ങൾ വാങ്ങിയിട്ടുണ്ട്. അമൃത ഷെർഗിലിന്റെ സെൽഫ് പോർട്രെയ്റ്റ് പോലെയുള്ളവ $2.9 മില്യൺ ഡോളറിന് വിറ്റതും മറ്റൊരു പൊൻതൂവൽ. വനിതാ ദക്ഷിണേഷ്യൻ ആധുനിക ചിത്രകാരിക്ക് ലഭിച്ചിട്ടുള്ള തുകയിലെ ലോക റെക്കോർഡാണിത്.

ലോകമെമ്പാടും വ്യാപിച്ചുകിടക്കുന്ന ഏറ്റവും പ്രമുഖമായ ശേഖരങ്ങളിൽ പ്രിയങ്ക പ്രവർത്തിച്ചിട്ടുണ്ട്. ജപ്പാനിലെ ഗ്ലെൻബെറ മ്യൂസിയം ഓഫ് ആർട്ടിൽ നിന്നുള്ള ‘ബ്ലൂ ടൈബ്’, ഗെയ്‌ടോണ്ടെയുടെ പെയിന്റിംഗുകൾ എന്നിവയും വിപണിയിൽ എത്തിച്ചത് മറ്റാരുമല്ല. അമയ കളക്ഷൻ പോലുള്ള നിർണായകവും വിപണിയെ നിർവചിക്കുന്നതുമായ ശേഖരങ്ങളുടെ ലേലങ്ങൾ സംഘടിപ്പിച്ചും ചുരുങ്ങിയകാലം കൊണ്ട് ഈ മേഖലയിൽ സ്വന്തമായ കയ്യൊപ്പ് ചാർത്തി.

അർജന്റീനിയൻ ടാംഗോ നർത്തകിയും ഭക്ഷണപ്രിയയുമായ പ്രിയങ്കയുടെ വിയോഗം അംഗീകരിക്കാൻ സുഹൃത്തുക്കൾക്ക് ഇപ്പോഴും കഴിയുന്നില്ല. എപ്പോഴും സന്തോഷവതിയായി തമാശകൾ പറഞ്ഞ് യാത്രകൾ ചെയ്തിരുന്ന കൂട്ടുകാരി ഇനി കൂടെയില്ലെന്ന് അംഗീകരിക്കാൻ ആർക്കാണ് കഴിയുക?

വിർജീനിയ സർവകലാശാലയിൽ നിന്ന് ബിരുദം നേടിയ ശേഷം, ലേമാൻ ബ്രദേഴ്സിലും പിന്നീട് ഗോൾഡ്മാൻ സാക്‌സിലും ഫിനാൻഷ്യൽ അനലിസ്റ്റായി  ജോലി ചെയ്യുമ്പോഴും ഇതല്ല തന്റെ മേഖലയെന്ന് പ്രിയങ്കയ്ക്ക് തോന്നിയിരുന്നു. ഇൻവെസ്റ്റ്‌മെന്റ് ബാങ്കിംഗ് മേഖലയിൽ അഞ്ച് വർഷം ചിലവഴിച്ചിട്ടാണ്  ആധുനിക ദക്ഷിണേഷ്യൻ കലകൾ പ്രദർശിപ്പിക്കുന്ന പ്രമുഖ ഗാലറിയായ ഐക്കൺ ഗാലറിയുടെ ഡയറക്ടറായി ഇന്ത്യൻ കലാലോകത്തേക്ക് അവൾ കടന്നത്.

ഐക്കൺ ഗാലറി ദത്ത സഹോദരന്മാരുടെ ഉടമസ്ഥതയിലായിരുന്നു. കലാപരിപാടികളും ഇവന്റുകളും സംഘടിപ്പിച്ചുകൊണ്ടാണ് അവൾ ചിത്രപ്രദര്ശനങ്ങൾ കൂടുതൽ പേരിലേക്ക് എത്തിച്ചത്. ന്യൂയോർക്ക്, പാലോ ആൾട്ടോ, ലണ്ടൻ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ സൗത്ത് ഏഷ്യൻ ആർട്ട് ഗാലറിയായി ഐക്കൺ ഗാലറി മാറിയതിന്റെ മുഴുവൻ ക്രെഡിറ്റും ഈ ഇന്ത്യക്കാരിക്ക് അവകാശപ്പെട്ടതാണ്. പിന്നീട് സതേബിയിൽ ചേർന്നപ്പോഴും, ലേലത്തിന് മുമ്പുള്ള ഷോകൾ നടത്താൻ അസാമാന്യമായ മികവ് പ്രകടിപ്പിച്ചിരുന്നു. നിരൂപക പ്രശംസ നേടിയ ഇന്ത്യൻ ഇങ്കിന്റെ സ്റ്റേജ് മാനേജരായും ശ്രദ്ധിക്കപ്പെട്ടു. സെക്‌സ് ആൻഡ് അദർ പീപ്പിൾസ് ഹൗസ് പോലുള്ള നാടകങ്ങളുടെ അസിസ്റ്റന്റ് ഡയറക്ടറായും പ്രവർത്തിച്ചു.

ഇൻഡോ അമേരിക്കൻ ആർട്‌സ് കൗൺസിൽ (IAAC) സംഘടിപ്പിച്ച വിജയ് ടെണ്ടുൽക്കർ പ്ലേ ഫെസ്റ്റിവൽ ’04’ന്റെ ഭാഗമായി ആൾട്ടർ ഈഗോ അവതരിപ്പിച്ച പരിപാടിയുടെ നിർമ്മാണ പങ്കാളിയുമായിരുന്നു.

പ്രിയപ്പെട്ടവരുടെ സങ്കടങ്ങളിലും സന്തോഷങ്ങളിലും ഒപ്പം നിന്നിരുന്ന പ്രിയങ്ക, തനിക്ക് ക്യാൻസർ ബാധിച്ച വിവരം ഉറ്റസുഹൃത്തുക്കളോട് മാത്രമേ ആദ്യം അറിയിച്ചിരുന്നുള്ളു.അവർക്ക് ഓർമ്മിക്കാൻ ഒരു ആയുഷ്കാലത്തിന്റെ മധുരതരമായ ഓർമ്മകൾ അവൾ ബാക്കിവച്ചിട്ടുണ്ട്. കാൻസറിനെ അവൾ പോരാടി തോൽപ്പിക്കുമെന്ന് തന്നെയാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, സെപ്റ്റംബർ 29-ന് തന്റെ പോരാട്ടങ്ങൾ അവസാനിപ്പിച്ച് അവൾ രോഗത്തിന് കീഴടങ്ങി. നാല്പതുകളുടെ മധ്യത്തിൽ തീരേണ്ടതായിരുന്നില്ല ആ ജീവിതയാത്ര.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular