Monday, May 6, 2024
HomeUSAപാർക്‌ലാൻഡ് കൂട്ടക്കൊല പ്രതിക്ക് 17 ജീവപര്യന്തം ശിക്ഷകൾ

പാർക്‌ലാൻഡ് കൂട്ടക്കൊല പ്രതിക്ക് 17 ജീവപര്യന്തം ശിക്ഷകൾ

ഫ്ളോറിഡയിലെ പാർക്‌ലാൻഡിൽ 14 കുട്ടികളെയും മൂന്ന് അധ്യാപകരെയും കൊലപ്പെടുത്തിയ നിക്കോളാസ് ക്രൂസിനു 17 ജീവപര്യന്തം ശിക്ഷകൾ. 2018ലെ വലൻന്റൈൻ ദിനത്തിൽ മജോറി സ്റ്റോൺമാൻ ഡഗ്ളസ് ഹൈ സ്കൂളിൽ കയറി എ ആർ 15 റൈഫിൾ കൊണ്ടു നിറയൊഴിച്ചാണ് ഇപ്പോൾ 24 വയസുള്ള ക്രൂസ് കൂട്ടക്കൊല നടത്തിയത്.

കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾ ക്രൂസിനു വധശിക്ഷ നൽകണമെന്നു ശക്തമായി വാദിച്ചെങ്കിലും അതു വേണമെന്നു ജൂറി ഒറ്റക്കെട്ടായി തീരുമാനിക്കണം എന്ന ഫ്ളോറിഡ നിയമം സർക്യൂട് ജഡ്ജ് എലിസബത്ത് ഷേറെർക്കു തടസമായി. ജൂറിയിലെ 9 അംഗങ്ങൾ വധശിക്ഷയെ അനുകൂലിച്ചപ്പോൾ മൂന്നു പേർ എതിർത്തു.

ക്രൂസിന്റെ 17 ഇരകളെ പരിഗണിച്ചാണ് 17 ജീവപര്യന്തം ശിക്ഷകൾ ഷേറെർ നൽകിയത്. രാജ്യത്തിൻറെ ചരിത്രത്തിലെ ഏറ്റവും ഭീകരമായ കൂട്ടാക്കൊലകളിൽ ഒന്നായിരുന്നു പാർക്‌ലാണ്ടിൽ ഉണ്ടായത്. വെടിയേറ്റവരിൽ ചിലർ മരിച്ചില്ലെന്നു തോന്നിയപ്പോൾ ക്രൂസ് തിരിച്ചു ചെന്നു വീണ്ടും വെടി വച്ചുവെന്നു പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞിരുന്നു.

ഷേറെർ മരിച്ചവരുടെ പേരുകൾ വായിച്ചപ്പോൾ തിങ്ങി നിറഞ്ഞ ഗാലറിയിൽ നിന്നു നിലവിളി ഉയർന്നു. യാതൊരു ഭാവഭേദവും ഇല്ലാതെയാണ് പ്രതി വിധി കേട്ടത്.

ക്രൂസിനു മരണം ഒഴിവായി കിട്ടിയതിൽ മരിച്ചവരുടെ കുടുംബങ്ങൾ രോഷവും ദുഖവും പ്രകടിപ്പിച്ചു. അതിനു കാരണമായ നിയമത്തെ അവർ വിമർശിച്ചു.

മൂന്നു നില കെട്ടിടത്തിൽ ഏഴു മിനിറ്റ് അഴിഞ്ഞാടിയ ക്രൂസ് 140 തിരകളാണു  വർഷിച്ചത്. ഏഴു മാസം നീണ്ട ഒരുക്കത്തിന് ശേഷമായിരുന്നു കൂട്ടക്കൊല. സസൂക്ഷ്മം ആസൂത്രണം ചെയ്ത കുറ്റകൃത്യത്തിനു വധശിക്ഷ നൽകണമെന്നു പ്രോസിക്യൂഷൻ ശക്തമായി വാദിച്ചു.

ക്രൂസ് കഠിനമായ ബാല്യത്തിലൂടെ കടന്നു പോന്ന യുവാവാണെന്നു അയാളുടെ അഭിഭാഷകർ വാദിച്ചു. ലൈംഗിക തൊഴിലാളിയുടെ മകനായി പിറന്ന അയാൾക്ക്‌ തലച്ചോറിൽ ക്ഷതമേറ്റിരുന്നു എന്നും അവർ ചൂണ്ടിക്കാട്ടി. എന്നാൽ കൂട്ടക്കൊല ആസൂത്രണം ചെയ്ത രീതി നോക്കുമ്പോൾ ക്രൂസ് തികച്ചും ബോധവാനായിരുന്നു എന്നു പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular