Monday, May 6, 2024
HomeUSAട്രംപിന്റെ മൂന്നാമൂഴത്തിനു ചേരാൻ ഇവാങ്കയും കുഷ്‌നറും തയാറില്ലെന്നു റിപ്പോർട്ട്

ട്രംപിന്റെ മൂന്നാമൂഴത്തിനു ചേരാൻ ഇവാങ്കയും കുഷ്‌നറും തയാറില്ലെന്നു റിപ്പോർട്ട്

മൂന്നാമത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പരിശ്രമത്തിൽ ജനപ്രീതിയുള്ള മകൾ ഇവാങ്കയെയും മരുമകൻ ജാരദ്  കുഷ്‌നറെയും രംഗത്തിറക്കാനുള്ള ശ്രമങ്ങളിൽ ഡൊണാൾഡ് ട്രംപ് വിജയം കണ്ടിട്ടില്ലെന്നു അദ്ദേഹത്തോട് അടുപ്പമുള്ള വൃത്തങ്ങൾ പറയുന്നു. ചൊവാഴ്ച രാത്രി ഫ്‌ളോറിഡയിലെ മാർ-എ-ലാഗോ വസതിയിൽ പ്രഖ്യാപനം നടത്തുമ്പോൾ ഇവർ ഇരുവരും വേദിയിൽ കൂടെ ഉണ്ടാവണം എന്നാണ് മുൻ പ്രസിഡന്റിന്റെ ആഗ്രഹം.

ട്രംപ് കഴിഞ്ഞാൽ വേദികളിൽ ഏറ്റവും തിളങ്ങാറുള്ള മൂത്ത മകൾ പക്ഷെ മടിച്ചു നിൽപ്പാണ്. വൈറ്റ് ഹൗസിൽ ട്രംപിനൊപ്പം ജോലി ചെയ്ത അനുഭവം അത്ര സുഖകരമല്ലായിരുന്നു എന്നത് കൊണ്ട്  കുഷ്‌നറും താൽപര്യം കാട്ടുന്നില്ല. രണ്ടാം ഭാര്യ മാർല മേപ്പിൾസിൽ നിന്നുള്ള ഏക പുത്രി ടിഫാനിയുടെ വിവാഹത്തിനു വാരാന്ത്യത്തിൽ എത്തിയ ഇവാങ്കയോടും  കുഷ്‌നറോടും ട്രംപ് ഏറെ നേരം സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല എന്നാണ് അദ്ദേഹത്തിന്റെ അടുപ്പക്കാരെ ഉദ്ധരിച്ചു ‘ന്യൂ യോർക്ക് പോസ്റ്റ്’ പറയുന്നത്.

“വാഷിംഗ്‌ടണിൽ ‘പൊള്ളലേറ്റു’ എന്നാണ് അവർ പറയുന്നത്. ഇനി അങ്ങോട്ടു പോകാൻ താല്പര്യമില്ല. പ്രത്യേകിച്ച് പ്രചാരണം അതികഠിനമാവും എന്ന് ഉറപ്പുള്ളപ്പോൾ.”

ഇവാങ്കയുടെ സഹോദരന്മാർ ഡൊണാൾഡ് ജൂനിയറും എറിക്കും കച്ചമുറുക്കി നിൽപ്പാണ്.

ട്രംപിന്റെ സഖാക്കളായ ക്രിസ് ക്രിസ്റ്റി, കെല്ല്യനെ കോൺവോയ്, സ്റ്റീവ് ബാനൻ തുടങ്ങിയവർ ഇവാങ്ക-കുഷ്‌നർ ദമ്പതിമാരെ വിമർശിച്ചിരുന്നു. 2020 തിരഞ്ഞെടുപ്പ് ട്രംപിന് ദുരന്തമാക്കി എന്നതാണ് കുഷ്‌നർക്കു എതിരായി ഇവർ ഉന്നയിച്ച ഒരു ആരോപണം. ഇവാങ്കയോട് ട്രംപിന്റെ ചീഫ് ഓഫ് സ്റ്റാഫ് ജോൺ കെല്ലി പരുഷമായി പെരുമാറി എന്നു കുഷ്‌നർ ‘ബ്രേക്കിംഗ് ഹിസ്റ്ററി’ എന്ന തന്റെ പുസ്തകത്തിൽ എഴുതി. 2019 നവംബറിൽ കുഷ്‌നർക്കു തൈറോയ്ഡ് കാന്സറിനു ശസ്ത്രക്രിയ വേണ്ടിവന്നു.

വൈറ്റ് ഹൗസിൽ മരുമകനു പക്ഷെ ഗണ്യമായ സ്വാധീനം ഉണ്ടായിരുന്നു. ആഭ്യന്തര-വിദേശ നയങ്ങൾ ആവിഷ്ക്കരിക്കുന്നതിൽ പങ്കു വഹിച്ച അദ്ദേഹം ജീവനക്കാരുടെ നിയമനത്തിലും അവസാന വാക്കായിരുന്നു. 2018ൽ യുഎസ്-മെക്സിക്കോ-കാനഡ വ്യാപാര ഉടമ്പടിക്കു രൂപം നൽകുന്നതിൽ പങ്കു വഹിച്ചു. കോവിഡ് വാക്‌സിനുകൾ വികസിപ്പിച്ചെടുക്കാനുള്ള ശ്രമങ്ങളിലും സജീവമായി.

ഇസ്രയേലും അറബ് രാജ്യങ്ങളും തമ്മിലുള്ള എബ്രഹാം ഉടമ്പടി സാധ്യമാക്കുന്നതിനു കുഷ്‌നർ ഗണ്യമായ പങ്കു വഹിച്ചു. ഇതൊക്കെ ആണെങ്കിലും ഒരിക്കൽ കൂടി ട്രംപിനു വേണ്ടി ഇറങ്ങാൻ അദ്ദേഹം തയാറല്ല.

ട്രംപ് പക്ഷെ ഊർജസ്വലനാണെന്നു സഹായികൾ പറയുന്നു. ഫ്‌ളോറിഡ ഗവർണർ റോൺ ഡിസാന്റിസ് പാർട്ടിയിൽ വെല്ലുവിളി ഉയർത്തിയാൽ അദ്ദേഹത്തെ അടിച്ചൊതുക്കുമത്രേ. രാഷ്ട്രീയ സത്യങ്ങൾ പക്ഷെ മറ്റൊന്നാണ് — റിപ്പബ്ലിക്കൻ പാർട്ടിക്ക് ട്രംപ് അനഭിമതനായി കൊണ്ടിരിക്കെ ഡിസാന്റിസ് ഉദയതാരമാവുകയാണ്.

ചൊവാഴ്ച രാത്രി മാർ-ആ-ലാഗോ ബോൾറൂമിൽ ട്രംപ് പ്രഖ്യാപനം നടത്തുമ്പോൾ ആയിരത്തോളം വി ഐ പികൾ ഉണ്ടാവുമെന്ന് മുൻ സഹായി ജെയ്‌സൺ മില്ലർ പറയുന്നു. കുടുംബാംഗങ്ങളുടെ കാര്യം അറിയില്ല. “ബൈഡനോട് ഏറ്റു മുട്ടാൻ കൈതരിച്ചു നിൽപ്പാണ് ട്രംപ്.”

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular