Saturday, May 4, 2024
HomeIndiaരാജീവ്ഗാന്ധി കേസിലെ പ്രതികളെപ്പോലെ പരിഗണിക്കണം; ഭാര്യയെ കൊന്ന് ജയിലിലായ 'ആള്‍ദൈവം' സുപ്രീംകോടതിയില്‍

രാജീവ്ഗാന്ധി കേസിലെ പ്രതികളെപ്പോലെ പരിഗണിക്കണം; ഭാര്യയെ കൊന്ന് ജയിലിലായ ‘ആള്‍ദൈവം’ സുപ്രീംകോടതിയില്‍

ഭാര്യയെ കൊന്നതിന് മരണം വരെ കഠിനതടവിന് വിധിക്കപ്പെട്ട് മദ്ധ്യപ്രദേശിലെ ജയിലില്‍ കഴിയുന്ന സ്വയം പ്രഖ്യാപിത ‘ആള്‍ദെവം’ സ്വാമി ശ്രദ്ധാനന്ദ് ജയില്‍ മോചിതനാക്കണം എന്ന ഹര്‍ജിയുമായി സുപ്രീം കോടതിയില്‍.

രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളുടെ ഹര്‍ജി പരിഗണിച്ചതു പോലെ തന്റേതും പരിഗണിക്കണം എന്നാണ് ആവശ്യം.

പരോളിനു പോലും ഇറങ്ങാതെ ഇതിനകം താന്‍ 29 വര്‍ഷം ജയിലില്‍ കഴിഞ്ഞെന്നും ഇനി തന്നെ വിട്ടയക്കണമെന്നും ശ്രദ്ധാനന്ദ് ഹര്‍ജിയില്‍ പറയുന്നു. ഭാര്യയും മൈസൂരിലെ മുന്‍ ദിവാന്‍ സര്‍ മിര്‍സ ഇസ്മയിലിന്റെ കൊച്ചുമകളുമായ ഷക്കറെയെ ജീവനോടെ കുഴിച്ചുമൂടിയതിനാണ് 1994 ല്‍ ഇയാള്‍ അറസ്റ്റിലായത്. 600 കോടി വിലവരുന്ന ഷക്കറെയുടെ സ്വത്തുക്കള്‍ സ്വന്തമാക്കാനാണ് കുറ്റകൃത്യം നടത്തിയത്.

ബംഗളൂരുവിലെ സെന്‍ട്രല്‍ ജയിലില്‍ തടവിലായിരുന്ന ശ്രദ്ധാനന്ദിനെ 2011-ലാണ് സ്വദേശമായ മദ്ധ്യപ്രദേശിലെ സാഗര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയത്. ഇയാളുടെ അഭ്യര്‍ത്ഥന പരിഗണിച്ചായിരുന്നു ഇത്. സാഗര്‍ സര്‍വകലാശാലയിലെ പ്രൊഫസറായ സഹോദരന്‍ മാത്രമാണ് ഇയാളെ ജയിലിലെത്തി സന്ദര്‍ശിച്ചിട്ടുള്ളത്. രണ്ട് വര്‍ഷം മുമ്ബായിരുന്നു അദ്ദേഹത്തിന്റെ അവസാന സന്ദര്‍ശനമെന്ന് ജയില്‍ വൃത്തങ്ങള്‍ പറയുന്നു.

ജയിലിലെ നല്ല പെരുമാറ്റം കണക്കിലെടുത്ത് തന്നെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ശ്രദ്ധാനന്ദ് രാഷ്ട്രപതിക്ക് കത്തയക്കുമെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു. ”പ്രായമായ കുറ്റവാളികളെ പാര്‍പ്പിച്ചിരിക്കുന്നിടത്ത് മറ്റ് 38 തടവുകാര്‍ക്കൊപ്പമാണ് അദ്ദേഹം കഴിയുന്നത്. ശ്രദ്ധാനന്ദിന് ആരോഗ്യപ്രശ്നങ്ങളുണ്ട്. കൂടുതല്‍ സമയവും മറ്റുള്ളവരെ പഠിപ്പിക്കാനും ആത്മീയ പ്രഭാഷണങ്ങള്‍ നല്‍കാനുമാണ് അദ്ദേഹം സമയം ചെലവഴിക്കുന്നത്”, സാഗര്‍ ജയില്‍ സൂപ്രണ്ട് നാഗേന്ദ്ര ചൗധരി ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. ജയില്‍ മാനുവല്‍ പ്രകാരം ശ്രദ്ധാനന്ദക്ക് ആത്മീയ പുസ്തകങ്ങളും പത്രങ്ങളും എത്തിച്ചു നല്‍കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

ഷക്കറെയുടെ കൊലപാതകവും വിചാരണയുമൊക്കെ ദേശീയ തലത്തില്‍ തന്നെ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. ആദ്യ ഭര്‍ത്താവില്‍ നിന്നും വിവാഹമോചനം നേടി ഒരു വര്‍ഷത്തിന് ശേഷം, 1986 ലാണ് ഷാക്കറെ ശ്രദ്ധാനന്ദിനെ വിവാഹം ചെയ്തത്. ഓസ്‌ട്രേലിയയിലെയും ഇറാനിലെയും മുന്‍ ഇന്ത്യന്‍ പ്രതിനിധി അക്ബര്‍ ഖലീലി ആയിരുന്നു ഷാക്കറെയുടെ ആദ്യ ഭര്‍ത്താവ്.

ഷക്കറെയുടെ ആദ്യ വിവാഹത്തിലെ മകള്‍ സബാ ഖലീലിയാണ്, 1991 ഏപ്രില്‍ 19 മുതല്‍ അമ്മയെ കാണാനില്ലെന്ന പരാതിയുമായി ബാംഗ്ലൂര്‍ പോലീസിനെ സമീപിച്ചത്. മൂന്ന് വര്‍ഷത്തെ അന്വേഷണത്തിനൊടുവിലാണ് കേസിന്റെ ചുരുളഴിഞ്ഞതും ശ്രദ്ധാനന്ദ് പിടിയിലായതും. ഷക്കറെയെ മയക്കിക്കിടത്തി ബംഗളൂരുവിലെ വീട്ടുമുറ്റത്ത് ജീവനോടെ കുഴിച്ചുമൂടുകയായിരുന്നു. ഷക്കറെയുടെ മൃതദേഹം പുറത്തെടുക്കുകയും 1994 ഏപ്രില്‍ 30 ന് ശ്രദ്ധാനന്ദ അറസ്റ്റിലാകുകയും ചെയ്തു.

ഒരു ജനറല്‍ പവര്‍ ഓഫ് അറ്റോണിയും ശ്രദ്ധാനന്ദിന്റെ പേരില്‍ വില്‍പത്രവും എഴുതി വാങ്ങിയ ശേഷമാണ് ഷക്കറയെ കൊലപ്പെടുത്തിയതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. 2000-ല്‍ വിചാരണ കോടതി ശ്രദ്ധാനന്ദക്ക് വധശിക്ഷ വിധിച്ചു. 2005ല്‍ കര്‍ണാടക ഹൈക്കോടതി വധശിക്ഷ ശരിവച്ചു. തുടര്‍ന്ന് ശ്രദ്ധാനന്ദ സുപ്രീം കോടതിയെ സമീപിച്ചു. 2008-ല്‍, സുപ്രീം കോടതി വധശിക്ഷയില്‍ ഇളവു നല്‍കുകയും ജീവിതകാലം മുഴുവന്‍ തടവുശിക്ഷ അനുഭവിക്കണം എന്ന് വിധിക്കുകയും ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular