Sunday, May 5, 2024
HomeIndia'മോര്‍ബി പാലം തകര്‍ന്നും കുറേപ്പേര്‍ മരിച്ചില്ലേ'; വിഷമദ്യ ദുരന്തത്തില്‍ ബിജെപിയ്ക്ക് നിതീഷ് കുമാറിന്റെ മറുപടി

‘മോര്‍ബി പാലം തകര്‍ന്നും കുറേപ്പേര്‍ മരിച്ചില്ലേ’; വിഷമദ്യ ദുരന്തത്തില്‍ ബിജെപിയ്ക്ക് നിതീഷ് കുമാറിന്റെ മറുപടി

പാറ്റ്‌ന: ബീഹാറിലെ സരണ്‍ ജില്ലയിലെ ചപ്രയിലുണ്ടായ വിഷമദ്യ ദുരന്തത്തില്‍ മരണസംഖ്യയുയരുമ്ബോഴും പരസ്പരം പോരടിച്ച്‌ രംഗത്തെത്തിയിരിക്കുകയാണ് ബിജെപിയും ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും.

മദ്യദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 60 കഴിഞ്ഞുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഔദ്യോഗിക കണക്കുകളില്‍ 28 പേരുടെ മരണം മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

സംഭവത്തില്‍ ബീഹാര്‍ സര്‍ക്കാരിനെതിരെ തിരിഞ്ഞ ബിജെപിയെ ഗുജറാത്തിലെ മോര്‍ബി പാലം തകര്‍ന്നുണ്ടായ ദുരന്തം ഓര്‍മ്മപ്പെടുത്തികൊണ്ടാണ് നിതീഷ് കുമാര്‍ രംഗത്തെത്തിയത്.

മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ വ്യാജ മദ്യം കഴിച്ച്‌ മരണപ്പെടുന്നവരുടെ എണ്ണം ബീഹാറില്‍ കുറവാണെന്നാണ് നിതീഷിന്റെ വാദം. നിരവധി പേരുടെ മരണത്തിനിടയാക്കിയ സംഭവമായിരുന്നു ഗുജറാത്തിലെ മോര്‍ബി പാലത്തിന്റെ തകര്‍ച്ച. എന്നാല്‍ അത് ഒരു ദിവസത്തെ പത്രവാര്‍ത്ത മാത്രമായി ചുരുങ്ങിയെന്നും ഇന്ന് എല്ലാവരും അക്കാര്യം മറന്നുവെന്നും നിതീഷ് കുമാര്‍ കുറ്റപ്പെടുത്തി.

അതേസമയം, മദ്യപിക്കുന്നവര്‍ മരിക്കും എന്നാണ് അദ്ദേഹം നിയമസഭാ സമ്മേളനത്തിനിടെ പറഞ്ഞത്. നിതീഷിന്റെ ഈ പ്രസ്താവനയ്ക്ക് പിന്തുണയുമായി കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു.

സംഭവത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ വേണ്ട നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് സരണ്‍ ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു. 48 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ റെയ്ഡുകള്‍ നടത്തുകയും വ്യാജമദ്യം വില്‍ക്കുന്ന 124ഓളം കച്ചവടക്കാരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ റെയ്ഡില്‍ 4000 ലിറ്ററിലധികം വ്യാജമദ്യം പിടികൂടിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അറസ്റ്റിലായവരില്‍ ഇപ്പോള്‍ നടന്ന മദ്യദുരന്തവുമായി ബന്ധപ്പെട്ട കേസില്‍ നേരിട്ട് ഉള്‍പ്പെട്ടവരെപ്പറ്റിയുള്ള വിവരങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറാല്ലെന്നാണ് പൊലീസ് സുപ്രണ്ട് സന്തോഷ് കുമാര്‍ പറഞ്ഞത്. കേസന്വേഷണം ഇപ്പോഴും പുരോഗമിക്കുകയാണെന്നും ഈ അവസരത്തില്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തുന്നത് അന്വേഷണത്തെ ബാധിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.

അതേസമയം മൂന്ന് ഡെപ്യൂട്ടി എസ്പിമാര്‍ ഉള്‍പ്പടെയുള്ള ഒരു സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചിട്ടുണ്ട്. ഏകദേശം 31 പൊലീസുകാരെ ഈ പ്രത്യേക അന്വേഷണ സംഘത്തില്‍ നിയോഗിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റ് പിടികൂടി പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന മദ്യം സ്റ്റേഷനില്‍ നിന്ന് ചിലര്‍ മോഷ്ടിച്ച്‌ ആളുകള്‍ക്ക് വിറ്റിരുന്നു. ഈ മദ്യം കഴിച്ച ഏകദേശം 50ഓളം പേരാണ് കൊല്ലപ്പെട്ടത്. അതേസമയം വ്യാജമദ്യനിര്‍മ്മാണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 80 ലധികം പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചിരുന്നു.

അതേസമയം സംസ്ഥാനത്തെ മദ്യനിരോധനത്തെ ചോദ്യം ചെയ്തും നിതീഷ് കുമാര്‍ സര്‍ക്കാരിനെതിരെ ശക്തമായി ആഞ്ഞടിച്ചും ബിഹാര്‍ നിയമസഭയില്‍ പ്രതിപക്ഷം ശക്തമായ പ്രതിഷേധമുയര്‍ത്തിയിരുന്നു. സര്‍ക്കാരിനെതിരെ മുദ്രാവാക്യം മുഴക്കിയും വ്യാജമദ്യ ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് ബിജെപി എംഎല്‍എമാര്‍ രംഗത്തെത്തി. പോലീസും അനധികൃത മദ്യക്കച്ചവടക്കാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് മരണത്തിന് കാരണമെന്ന് ആരോപിച്ച്‌ ബിജെപി എംഎല്‍എമാര്‍ നിയമസഭയ്ക്ക് പുറത്ത് പ്രകടനം നടത്തി, ”പ്രതിപക്ഷത്താണെങ്കിലും, മദ്യനിരോധനം കൊണ്ടുവന്നപ്പോള്‍ അതിനെ പിന്തുണച്ചവരാണ് ഞങ്ങള്‍. എന്നാല്‍ അതു നടപ്പിലാക്കിയ രീതി സമ്ബൂര്‍ണ പരാജയമായിരുന്നു”, ബീഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി തര്‍കിഷോര്‍ പ്രസാദ് പറഞ്ഞു.

2016ലാണ് നിതീഷ് കുമാര്‍ സര്‍ക്കാര്‍ ബീഹാറില്‍ മദ്യത്തിന്റെ ഉപയോഗവും വില്‍പനയും നിരോധിച്ചത്. അതിനുശേഷം ഇത്തരം നിരവധി ദുരന്തങ്ങള്‍ക്ക് സംസ്ഥാനം സാക്ഷ്യം വഹിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular