Saturday, May 4, 2024
HomeUSAഇന്ത്യൻ അമേരിക്കൻ സമൂഹം ഒരു ദശകം കൊണ്ടു കൈവരിച്ച രാഷ്ട്രീയ മുന്നേറ്റം വിസ്മയാവഹം

ഇന്ത്യൻ അമേരിക്കൻ സമൂഹം ഒരു ദശകം കൊണ്ടു കൈവരിച്ച രാഷ്ട്രീയ മുന്നേറ്റം വിസ്മയാവഹം

പത്തു വർഷം കൊണ്ട് അമേരിക്കൻ രാഷ്ട്രീയ ജീവിതത്തിൽ ഇന്ത്യൻ അമേരിക്കൻ സമൂഹം നേടിയ കുതിപ്പിൽ ഉന്നത വിദ്യാഭ്യാസവും താരതമ്യേന ഉയർന്ന സമ്പത്തും സുപ്രധാന പങ്കു വഹിച്ചെന്നു ‘ന്യൂ യോർക്ക് ടൈംസ്’ പറയുന്നു.

സംഖ്യാബലമുള്ള കുടിയേറ്റ സമൂഹമാണെങ്കിലും ഒരു പതിറ്റാണ്ടു മുൻപു ഇന്ത്യക്കാർ യുഎസിൽ രാഷ്ട്രീയമായി വലിയ നേട്ടമൊന്നും ഉണ്ടാക്കിയിരുന്നില്ല. യുഎസ് കോൺഗ്രസിൽ ഒരു ഇന്ത്യൻ വംശജൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. സംസ്ഥാന നിയമസഭകളിൽ പത്തോളം പേരും. എന്നാൽ ഇപ്പോൾ അഞ്ചു പേർ യുഎസ് കോൺഗ്രസിലുണ്ട്. സംസ്ഥാന നിയമസഭകളിലായി അൻപതോളം പേർ. വൈസ് പ്രസിഡന്റ് കമല ഹാരിസിനുമുണ്ട് ഇന്ത്യൻ രക്തം.

അടുത്ത പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ രണ്ടു ഇന്ത്യൻ അമേരിക്കൻ പൗരന്മാർ രംഗത്തുണ്ട്: റിപ്പബ്ലിക്കൻ നിക്കി ഹേലിയും വിവേക് രാമസ്വാമിയും.

സർക്കാരിന്റെ ഘടകങ്ങളിൽ ഇന്ത്യക്കാർ ഇല്ലാതിരുന്ന നില വിട്ടു ഇപ്പോൾ ഏറെക്കുറെ തുല്യത കൈവരിച്ചെന്നു ‘ഇമ്പാക്ട്’ എന്ന ഇന്ത്യൻ ഗ്രൂപ്പിന്റെ എക്സിക്യൂട്ടിവ് ഡയറക്ടർ നീൽ മഖീജ പറയുന്നു.

എന്താണ് ഈ ഇന്ത്യൻ കുതിപ്പിന്റെ പിന്നിൽ എന്നു വിശകലനം ചെയ്യാൻ ഏറെ സ്വാധീനമുള്ള പത്രം രാഷ്ട്രീയ പ്രവർത്തകർ, തിരഞ്ഞെടുക്കപ്പെട്ട പദവികളിൽ ഉള്ളവരും ഉണ്ടായിരുന്നവരും, കോൺഗ്രസിലെ അഞ്ച് അംഗങ്ങൾ എന്നിവരോടൊക്കെ സംസാരിച്ചു. ഉയർന്ന വിദ്യാഭ്യാസവും മെച്ചപ്പെട്ട സമ്പത്തും പ്രധാന ഘടകങ്ങളായി എന്ന് അവർ കണ്ടെത്തി.

ഇമ്പാക്ട്, എ എ പി ഐ വിക്ടറി ഫണ്ട് തുടങ്ങിയ സംഘടനകൾ അത്തരക്കാരെ കണ്ടെത്തി പിന്തുണച്ചു. ഇന്ത്യൻ അമേരിക്കൻ പൗരന്മാരുടെ കരുത്തിനെ കുറിച്ച് രാഷ്ട്രീയക്കാരെ ബോധ്യപ്പെടുത്തുകയും ചെയ്തു.

ജോർജിയ, പെൻസിൽവേനിയ, ടെക്സസ് തുടങ്ങിയ സംസ്ഥാനങ്ങളിൽ പ്രാദേശിക-സംസ്ഥാനതല-ദേശീയ തിരഞ്ഞെടുപ്പുകളിൽ ഫലങ്ങളെ സ്വാധീനിക്കാൻ കഴിയുന്ന കരുത്ത് ഇന്ത്യൻ സമൂഹത്തിനുണ്ട്.

‘ഇമ്പാക്ട്’ സഹസ്ഥാപകനായ രാജ് ഗോയൽ പറഞ്ഞു: “എല്ലാം ഒത്തു വന്നു. സ്വാഭാവികമായ ഒരു മുന്നേറ്റം. കൂടുതൽ സ്വീകാര്യത. പിന്നെ കരുതിക്കൂട്ടി ആസൂത്രണം ചെയ്ത രാഷ്ട്രീയ തന്ത്രങ്ങൾ. എല്ലാം കൂടി നേട്ടം നൽകി.”

ഇല്ലിനോയിൽ നിന്നുള്ള കോൺഗ്രസ് അംഗം രാജാ കൃഷ്ണമൂർത്തി പറഞ്ഞു: “ഇന്ത്യൻ സമൂഹത്തിനു രാഷ്ട്രീയ മുന്നേറ്റം മുൻഗണന ആയിരുന്നില്ല. സമ്പത്തു നേടുക, സമൂഹത്തെ സഹായിക്കുക ഇതൊക്കെ മാത്രമേ അവർ ശ്രദ്ധിച്ചുള്ളൂ.

“എന്നാൽ എന്നെപ്പോലെ ചിലർ തിരഞ്ഞടുപ്പിൽ മത്സരിച്ചു ജയിക്കുന്നതു കണ്ടപ്പോൾ രാഷ്ട്രീയ പ്രവേശം പ്രാധാന്യമുള്ളതാണെന്നു അവർക്കു തോന്നി.”

വ്യാപകമായ ജനപ്രീതി 

‘ടൈംസ്’ ചൂണ്ടിക്കാട്ടുന്ന പ്രാധാന്യമുള്ളൊരു കാര്യം ഇന്ത്യൻ അമേരിക്കൻ പൗരന്മാർക്കു ഭൂരിപക്ഷമുള്ള ഇടങ്ങളിൽ മാത്രമല്ല അവർ വിജയിക്കുന്നത് എന്നതാണ്.

സിയാറ്റിൽ ഉൾപ്പെട്ട ഡിസ്ട്രിക്റ്റിൽ നിന്നാണ് പ്രമീള ജയ്‌പാൽ ജയിച്ചു കോൺഗ്രസിൽ എത്തുന്നത്. അതു കൂടുതലും വെള്ളക്കാർ ഉള്ള മേഖലയാണ്. ശ്രീ തനേദാർ കറുത്ത വർഗക്കാർ തിങ്ങിപ്പാർക്കുന്ന ഡെട്രോയിറ്റിലെ ഡിസ്ട്രിക്ടിൽ ആണ് ജയിച്ചത്. കഴിഞ്ഞ ഡെമോക്രാറ്റിക് പ്രൈമറിയിൽ എട്ടു ആഫ്രിക്കൻ വംശജരെ തോൽപിച്ചാണ് അദ്ദേഹം സ്ഥാനാർഥിയായത്.

“ലാറ്റിനോ, ആഫ്രിക്കൻ പ്രാതിനിധ്യം പോലെയല്ല ഇത്,” കാലിഫോണിയയിൽ പോമോന കോളജിൽ രാഷ്ട്രീയം പഠിപ്പിക്കുന്ന സാറാ സദ്ധ്വാനി പറയുന്നു.  “പല വിഭാഗങ്ങളും ചേർന്ന കൂട്ടായ്മ അവർ തുന്നിയെടുക്കുന്നു.”

ഇന്ത്യക്കാർക്കു ഇംഗ്ലീഷ് കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടില്ല എന്നതും ആകർഷണീയത ആണെന്നു യൂണിവേഴ്സിറ്റി ഓഫ് കലിഫോണിയ പ്രഫസർ കാർത്തിക്ക് രാമചന്ദ്രൻ പറയുന്നു. അതേ അഭിപ്രായം  സാറാ സദ്ധ്വാനിയും അടിവരയിടുന്നു.

ഇന്ത്യൻ അമേരിക്കൻ വോട്ടർമാർ പൊതുവെ ഡെമോക്രാറ്റിക് പാർട്ടിയെ ആണ് അനുകൂലിക്കുന്നത്. ജോ ബൈഡനു 2020ൽ 74% ഇന്ത്യൻ അമേരിക്കൻ വോട്ട് വീണുവെന്നു ‘ടൈംസ്’ പറയുന്നു. മറ്റു ഏഷ്യാക്കാരെക്കാൾ ഏറെ കൂടുതൽ.

നിക്കി ഹേലി റിപ്പബ്ലിക്കൻ പാർട്ടിയിൽ ആണെങ്കിലും അവരുടെ സാന്നിധ്യം ഇന്ത്യക്കാരെ ആവേശം കൊള്ളിക്കും എന്നാണ് സദ്ധ്വാനി കരുതുന്നത്.

Indian American leap in US politics significant

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular