Thursday, May 2, 2024
HomeUSAമയക്കുമരുന്ന് കേസില്‍ ക്ലീന്‍ ചിറ്റ്: ഇറാനില്‍ തടവിലായിരുന്ന അഞ്ച് ഇന്ത്യന്‍ നാവികര്‍ നാലു വര്‍ഷത്തിനു ശേഷം...

മയക്കുമരുന്ന് കേസില്‍ ക്ലീന്‍ ചിറ്റ്: ഇറാനില്‍ തടവിലായിരുന്ന അഞ്ച് ഇന്ത്യന്‍ നാവികര്‍ നാലു വര്‍ഷത്തിനു ശേഷം നാട്ടിലേക്ക് മടങ്ങി

യക്കുമരുന്ന് കടത്തിയെന്ന് ആരോപിച്ച്‌ ഇറാനിയന്‍ നാവിക സേന അറസ്റ്റ് ചെയ്ത് തടവിലാക്കിയ അഞ്ച് ഇന്ത്യന്‍ മര്‍ച്ചന്റ് നേവി നാവികര്‍ നാലു വര്‍ഷത്തിനു ശേഷം നിരപരാധിത്വം തെളിയിച്ച്‌ നാട്ടിലേക്ക് മടങ്ങി.

400 ദിവസം ഇറാന്‍ ജയിലില്‍ കഴിയേണ്ടി വന്ന മുംബൈ സ്വദേശികളായ അനികേത് യെന്‍പുരെ (31), മന്ദര്‍ വോര്‍ലിക്കര്‍ (28), പട്‌നയില്‍ നിന്നുള്ള പ്രണവ് തിവാരി (23), ഉത്തരാഖണ്ഡിലെ ബാഗേശ്വര്‍ സ്വദേശി നവീന്‍ സിങ് (24), തമിഴ്‌നാട് നാഗപട്ടണം സ്വദേശി തമിഴ് സെല്‍വന്‍ (25) എന്നിവരാണ് നാലു വര്‍ഷത്തിനു ശേഷം ഇന്ത്യയില്‍ തിരിച്ചെത്തിയത്. 2021 മാര്‍ച്ചില്‍ ഇറാനിയന്‍ പ്രാദേശിക കോടതി അവരെ കുറ്റവിമുക്തരാക്കിയിരുന്നെങ്കിലും നയതന്ത്ര പ്രശ്നങ്ങള്‍ മൂലം മടക്കം വൈകുകയായിരുന്നു.

2019 ജൂലൈയിലാണ് സംഘം യാത്രപുറപ്പെടുന്നത്. ഇവര്‍ സഞ്ചരിച്ച ചരക്കു കപ്പലില്‍ അനധികൃത മയക്കുമരുന്ന് കയറ്റിയിരുന്നു. ഇത് കപ്പലിന്റെ ക്യാപ്റ്റനും മറ്റ് ഉന്നതരായ ചിലര്‍ക്കും മാത്രമറിയാവുന്ന രഹസ്യമായിരുന്നു. എന്നാല്‍ നടുക്കടലില്‍ വെച്ച്‌ ചരക്ക് കയറ്റിവിടുന്നത് കണ്ടപ്പോള്‍ സംശയം തോന്നിയ ഇവര്‍ അഞ്ചുപേരും സംഭവം ഫോണില്‍ പകര്‍ത്തി.

കപ്പല്‍ ഇറാന്‍ തീരത്തെത്തിയപ്പോള്‍ ഇറാനിയന്‍ നാവിക സേന കപ്പലിലെ മുഴുവന്‍ ജീവനക്കാരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാല്‍ ഈ അഞ്ചുപേരുടെയും കൈവശം ചരക്ക് കയറ്റി വിടുന്നതിന്റെ ദൃശ്യങ്ങളുണ്ടായതിനാല്‍ കോടതിയില്‍ നിരപരാധിത്വം തെളിയിക്കാനായി.

അതേസമയം, ജയില്‍വാസം ഭയപ്പെടുത്തുന്നതായിരുന്നെന്ന് ഇവര്‍ പറഞ്ഞു. ഇറാനിയല്‍ ഉദ്യോഗസ്ഥരും സഹതടവുകാരുമെല്ലാം സൗമ്യമായാണ് പെരുമാറിയത്. ഇന്ത്യക്കാരാണെന്നറിഞ്ഞതിനാല്‍ കൂടുതല്‍ സഹായങ്ങള്‍ ലഭിച്ചു. ആശയവിനിമയം എളുപ്പമാകാന്‍ പ്രാഥമിക പേര്‍ഷ്യന്‍ ഭാഷപോലും പഠിപ്പിച്ചുവെന്നും അനികേത് പറയുന്നു.

ആദ്യ 14 ദിവസം ഒറ്റക്കായിരുന്നു തടവ്. അത് വളരെ ഭയപ്പെടുത്തുന്ന അവസ്ഥയായിരുന്നു. എന്തുചെയ്യണമെന്ന് അറിയാത്ത അവസ്ഥ. നടപടി ക്രമങ്ങളെല്ലാം വളരെ മന്ദഗതിയാണ് മുന്നോട്ടുപോയത്. മൂന്നു മാസത്തിലൊരിക്കല്‍ ഞങ്ങളെ കോടതിയില്‍ ഹാജരാക്കും. എന്നാല്‍ അടുത്ത് ഹാജരാകേണ്ട തീയതിമാത്രമാണ് ഓരോ തവണയും പ്രഖയാപിച്ചിരുന്നത്. നീണ്ട പരിശ്രമങ്ങള്‍ക്കൊടുവില്‍ 2021 മാര്‍ച്ച്‌ ഒമ്ബതിന് കോടതിയില്‍ നിരപരാധിത്വം തെളിയിക്കാനായി. കോടതി കുറ്റവിമുക്തരാക്കി.

എന്നാല്‍ പാസ്പോര്‍ട്ട് അടക്കം രേഖകളെല്ലാം നഷ്ടപ്പെട്ടിരുന്നു. അവ ലഭ്യമാക്കുന്നതിനും മറ്റ് നയതന്ത്ര പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും പിന്നെയും സമയമെടുത്തു. ഈ കാലമെല്ലാം പ്രദേശവാസികളാണ് സഹായിച്ചത്. അവര്‍ ഞങ്ങള്‍ക്ക് അവിടുത്തെ ഫോണ്‍ കാര്‍ഡും ഫോണും സംഘടിപ്പിച്ച്‌ തന്നു. വീട്ടുകാരുമായി ബന്ധപ്പെടാന്‍ സഹായിച്ചു. ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടാനും നാട്ടുകാര്‍ സഹായിച്ചു. ഏതായായലും ഒടുവില്‍ നാട്ടിലെത്താന്‍ സാധിച്ചുവെന്നും അനികേത് യെന്‍പുരെ പറഞ്ഞു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.38 ഓടെ ഛത്രപതി ശിവാജി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് അനികേത് യെന്‍പുരെയും മന്ദര്‍ വോര്‍ലിക്കറും വന്നിറങ്ങിയത്. മറ്റുള്ളവര്‍ വഴിയെ നാട്ടിലെത്തും.

വീട്ടുകാര്‍ സന്തോഷക്കണ്ണീരുമായാണ് ഇരുവരെയും വിമാനത്താവളത്തില്‍ സ്വീകരിച്ചത്. ഇനിയും മര്‍ച്ചന്റ് നേവിയില്‍ നാവികനായി പോകാന്‍ അനുവദിക്കില്ലെന്നാണ് വീട്ടുകാരുടെ പക്ഷം. എന്നാല്‍ നാവികസേനയില്‍ തന്റെ കരിയര്‍ തുടരാനാണ് ആഗ്രഹമെന്നും അനികേത് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular