Saturday, May 4, 2024
HomeGulfഫാക് കുര്‍ബ പദ്ധതി: 319 പേര്‍ക്ക് മോചനം

ഫാക് കുര്‍ബ പദ്ധതി: 319 പേര്‍ക്ക് മോചനം

സ്കത്ത് : ഫാക് കുര്‍ബ പദ്ധതിയിലൂടെ റമദാനില്‍ ഇതുവരെയായി 319 തടവുകാരെ ജയിലുകളില്‍നിന്ന് മോചിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു.

ചെറിയ കുറ്റങ്ങള്‍ക്ക് പിഴ അടക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ജയിലിലകപ്പെട്ടവരെ മോചിതരാക്കാന്‍ സഹായിക്കുന്ന പദ്ധതിയാണ് ഫാക് കുര്‍ബ. റമദാനിലെ എട്ട് ദിവസങ്ങള്‍ക്കുള്ളിലാണ് ഇത്രയും ആളുകളെ ഉറ്റവരുടെ സ്നേഹത്തണലിലേക്ക് എത്തിക്കാന്‍ സാധിച്ചത്.

വടക്കന്‍ ബാത്തിന 98, ദാഹിറ-54, ബുറൈമി-42, തെക്കന്‍ ശര്‍ഖിയ-32, മസ്‌കത്ത്- 29, തെക്കന്‍ ബാത്തിന-26, ദാഖിലിയ-20, വടക്കന്‍ ശര്‍ഖിയ-13, ദോഫാര്‍-നാല്, മുസന്ദം-ഒന്ന് എന്നിങ്ങനെയാണ് വിവിധ ഗവര്‍ണറേറ്റുകളില്‍നിന്ന് മോചിതരായവരുടെ കണക്കുകള്‍. ഫാക് കുറുബ പദ്ധതിയുടെ പത്താം പതിപ്പാണ് ഈ വര്‍ഷം നടക്കുന്നത്. ഒമാന്‍ ലോയേഴ്‌സ് അസോസിയേഷനാണ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. 1,300 തടവുകാര്‍ക്ക് ഈ വര്‍ഷം മോചനം സാധ്യമാക്കാനാകുമെന്നാണ് ഒമാന്‍ ലോയേഴ്സ് അസോസിയേഷന്‍ കരുതുന്നത്.

പൊതുജനങ്ങളില്‍നിന്ന് പണം സ്വരൂപിച്ചാണ് ജയിലില്‍ കഴിയുന്നവരെ മോചിപ്പിക്കുന്നത്. 2012ല്‍ തുടങ്ങിയ പദ്ധതിയിലൂടെ ആയിരക്കണക്കിന് ആളുകളെ ജീവിതത്തിന്‍റെ നിറങ്ങളിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ട്. ഒമാനി സമൂഹത്തിലെ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും അകമഴിഞ്ഞ പിന്തുണയാണ് ‘ഫാക് കുര്‍ബ’ പദ്ധതിയുടെ വിജയത്തിന് പിന്നില്‍. ഒരു അഭിഭാഷകന്‍ ആരംഭിച്ച സംരംഭം, പിന്നീട് ഒരു കൂട്ടം അഭിഭാഷകര്‍ ഏറ്റെടുക്കുകയായിരുന്നു. ഇന്നത് വ്യക്തികളും ഗ്രൂപ്പുകളും സ്ഥാപനങ്ങളും ചേര്‍ന്ന് വിജയകരമാക്കാന്‍ ഒരുമിച്ച്‌ പ്രവര്‍ത്തിക്കുന്ന അവസ്ഥയിലേക്ക് എത്തിയിട്ടുണ്ട്. പദ്ധതിക്ക് സഹായവുമായി നിരവധി പേരാണ് എത്തിക്കൊണ്ടിരിക്കുന്നത്. ദാഹിറ ഗവര്‍ണറേറ്റിലെ പേരുവെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത സ്വദേശി പൗരന്‍ 38 പേരുടെ മോചനത്തിനായി സംഭാവന നല്‍കിയിരുന്നു. തുടര്‍ച്ചയായി ഏഴാം വര്‍ഷമാണ് ഇയാള്‍ സഹായത്തിന്‍റെ കരങ്ങള്‍ നീട്ടുന്നത്.

കുര്‍ബ പദ്ധതിക്ക് സഹായഹസ്തവുമായി അഹദ് ഫൗണ്ടേഷനും ദിവസങ്ങള്‍ക്ക് മുമ്ബ് എത്തിയിരുന്നു. സംഭാവന ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍, സംരംഭത്തിന്റെ വെബ്‌സൈറ്റ് വഴിയും (www.fakkrba.om) മസ്കത്ത് ബാങ്ക് അക്കൗണ്ടിലൂടെയും (0317024849660014) നല്‍കാമെന്ന് അധികൃതര്‍ അറിയിച്ചു. മാര്‍ച്ച്‌ 16 വരെ ഫാക് കുര്‍ബ പദ്ധതി തുടരും. പദ്ധതിക്ക് സാമ്ബത്തിക പിന്തുണയുമായി സുല്‍ത്താന്‍റെ പത്നിയും പ്രഥമ വനിതയുമായ അസ്സയിദ അഹദ് അബ്ദുല്ല ഹമദ് അല്‍ ബുസൈദി, സയ്യിദ് ബില്‍ അറബ് ബിന്‍ ഹൈതം അല്‍ സഈദ് എന്നിവരും കഴിഞ്ഞ വര്‍ഷം എത്തിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular