Saturday, May 4, 2024
HomeIndiaമതംമാറിയ ദളിതര്‍ക്ക്‌ പട്ടികജാതി പദവി : വിഷയത്തില്‍ വിശദവാദം കേള്‍ക്കും: സുപ്രീംകോടതി

മതംമാറിയ ദളിതര്‍ക്ക്‌ പട്ടികജാതി പദവി : വിഷയത്തില്‍ വിശദവാദം കേള്‍ക്കും: സുപ്രീംകോടതി

ന്യൂഡല്‍ഹി : ക്രിസ്ത്യന്‍, മുസ്ലീം മതങ്ങളിലേക്ക് മാറിയ ദളിതര്‍ക്ക് പട്ടികജാതി പദവി അനുവദിക്കണമെന്ന ഹര്‍ജിയില്‍ വിശദമായ വാദംകേള്‍ക്കാന്‍ സുപ്രീംകോടതി.

കേന്ദ്രസര്‍ക്കാരിന്റെ എതിര്‍പ്പ് അവഗണിച്ചാണ് ഈ വിഷയത്തില്‍ വിശദവാദം കേള്‍ക്കാന്‍ കോടതി തീരുമാനിച്ചത്. മറ്റ് മതങ്ങളിലേക്ക് മാറിയവര്‍ക്കും പട്ടികജാതി പദവിക്ക് അവകാശമുണ്ടോയെന്ന കാര്യം പരിശോധിക്കാന്‍ പ്രത്യേകസമിതി രൂപീകരിച്ചിട്ടുള്ള സാഹചര്യത്തില്‍ ഹര്‍ജി തള്ളണമെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ വാദം. എന്നാല്‍, മതംമാറിയെങ്കിലും വിവേചനം നേരിടുന്നവര്‍ക്ക് പട്ടിജാതി പദവിക്ക് അര്‍ഹതയുണ്ടെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു.

ഈ സാഹചര്യത്തില്‍ ഇസ്ലാം, ക്രിസ്ത്യന്‍ മതങ്ങളിലും ജാതിവ്യവസ്ഥ ആരോപിക്കാന്‍ കഴിയുമോ ?, കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് (റിട്ട.) കെ ജി ബാലകൃഷ്ണന്‍ സമിതി റിപ്പോര്‍ട്ട് നല്‍കുന്നത് വരെ ഈ വിഷയത്തില്‍ നിയമപരിശോധന മാറ്റിവെക്കണോ?, സമിതി റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ തള്ളിയാല്‍ എന്ത് ചെയ്യും? –തുടങ്ങിയ ചോദ്യങ്ങള്‍ ജസ്റ്റിസ് സഞ്ജയ്കിഷന്‍കൗള്‍ അധ്യക്ഷനായ മൂന്നംഗബെഞ്ച് ഉന്നയിച്ചു. പ്രത്യേകസമിതി റിപ്പോര്‍ട്ട് വരുന്നത് വരെ കാത്തിരുന്നാല്‍ അന്തമില്ലാത്ത കാത്തിരിപ്പായിരിക്കും ഫലമെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാണിച്ചു.

ഈ വിഷയത്തില്‍ രംഗനാഥമിശ്ര കമീഷന്‍ സമര്‍പ്പിച്ചിട്ടുള്ള റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ലെന്ന് അഡീഷണല്‍ സോളിസിറ്റര്‍ജനറല്‍ കെ എം നടരാജ് കോടതിയെ അറിയിച്ചു. രംഗനാഥമിശ്ര കമീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ ആ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ പ്രായോഗികബുദ്ധിമുട്ടുണ്ടെന്ന് സുപ്രീംകോടതി പ്രതികരിച്ചു. സര്‍ക്കാര്‍ അംഗീകരിക്കാത്ത റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ നിയമപരിശോധനയ്ക്ക് ഉപയോഗിക്കാന്‍ കഴിയുമോയെന്ന പ്രശ്നത്തിന് ആദ്യം ഉത്തരം കണ്ടെത്തേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. ഈ സാഹചര്യത്തില്‍, ഹര്‍ജിക്കാര്‍ക്കും സര്‍ക്കാരിനും രണ്ടുദിവസം വീതം വാദങ്ങള്‍ അവതരിപ്പിക്കാന്‍ അവസരം നല്‍കാമെന്ന് കോടതി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular