Tuesday, May 7, 2024
HomeIndiaമഅദനി കേസിലെ പബ്ലിക് പ്രോസിക്യുട്ടറെ മാറ്റരുത്: AAG സുപ്രീം കോടതിയില്‍

മഅദനി കേസിലെ പബ്ലിക് പ്രോസിക്യുട്ടറെ മാറ്റരുത്: AAG സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി : കര്‍ണാടകത്തിലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ഭരണം മാറിയാലും, അബ്ദുള്‍ നാസര്‍ മഅദനി പ്രതിയായ ബെംഗളൂരു സ്‌ഫോടനക്കേസിലെ നിലവിലെ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റരുതെന്ന നിര്‍ദേശം നല്‍കണമെന്ന് അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍.

കര്‍ണാടകത്തിന്റെ അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ നിഖില്‍ ഗോയല്‍ ആണ് ഈ ആവശ്യം സുപ്രീം കോടതിയില്‍ ഉന്നയിച്ചത്. എന്നാല്‍ പ്രോസിക്യൂട്ടര്‍ തീരുമാനിക്കേണ്ട ഈ ആവശ്യത്തില്‍ ഉത്തരവിറക്കാന്‍ സുപ്രീം കോടതി വിസമതിച്ചു.

ബസവരാജ് ബൊമ്മ സര്‍ക്കാരിന്റെ അഡീഷണല്‍ അഡ്വക്കേറ്റ് ജനറലാണ് നിഖില്‍ ഗോയല്‍. നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം ഉണ്ടെന്ന അഭിപ്രായ സര്‍വ്വേ റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നതിനിടയിലാണ് അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ ഇത്തരമൊരു ആവശ്യം സുപ്രീം കോടതിയില്‍ ഉന്നയിച്ചത്.

കേരള യാത്രയ്ക്കുള്ള അകമ്ബടി ചെലവ് കുറയ്ക്കണമെന്ന മഅദനിയുടെ ആവശ്യം പരിഗണിച്ച ജസ്റ്റിസുമാരായ അജയ് റസ്തോഗി, ബേല എം ത്രിവേദി എന്നിവരടങ്ങിയ ബഞ്ചിന് മുമ്ബാകെയാണ് പ്രോസിക്യൂട്ടറെ സംബന്ധിച്ച ആവശ്യം കര്‍ണാടക സര്‍ക്കാര്‍ മുന്നോട്ടുവച്ചത്. നേരത്തെ കര്‍ണാടക ഭീകര വിരുദ്ധ സെല്ലിലെ അസിസ്റ്റന്റ് കമ്മീഷണര്‍ ഡോ. സുമിത് ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ ഈ ആവശ്യം ഉന്നയിച്ചിരുന്നില്ല. ആയതിനാല്‍ സത്യവാങ്മൂലത്തില്‍ ഉന്നയിക്കാത്ത വിഷയം എന്ന ആമുഖത്തോടെയാണ് നിഖില്‍ ഗോയല്‍ വിഷയം സുപ്രീം കോടതിയില്‍ അവതരിപ്പിച്ചത്.

തിരഞ്ഞെടുപ്പ് നടക്കുന്ന കര്‍ണാടകത്തില്‍ ഭരണം മാറിയാല്‍ അബ്ദുള്‍ നാസര്‍ മഅദനി പ്രതിയായ ബെംഗളൂരു സ്‌ഫോടനക്കേസിലെ ഇപ്പോഴത്തെ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റാനുള്ള സാധ്യതയുണ്ട്. അങ്ങനെ വന്നാല്‍ വിചാരണ വൈകും. ഈ സാഹചര്യത്തില്‍ ഇപ്പോഴത്തെ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റരുതെന്ന് ഉത്തരവിറക്കണമെന്നും അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.

ഈ ആവശ്യം അംഗീകരിക്കരുത് എന്ന് അബ്ദുള്‍ നാസര്‍ മഅദനിക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബലും, അഭിഭാഷകന്‍ ഹാരിസ് ബീരാനും സുപ്രീം കോടതിയോട് അഭ്യര്‍ഥിച്ചു. തുടര്‍ന്ന് ഇത്തരം വിഷയങ്ങളില്‍ പ്രോസിക്യുട്ടര്‍ നിലപാട് സ്വീകരിക്കുമെന്ന് വ്യക്തമാക്കി അഡീഷണല്‍ അഡ്വക്കേറ്റ് ജനറലിന്റെ ആവശ്യത്തില്‍ ഉത്തരവിറക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular