Saturday, April 27, 2024
HomeKeralaവ്യാജ ഒപ്പും സീലും, ഒരു കോടിരൂപ തട്ടി; കുടുംബശ്രീ വായ്പാതട്ടിപ്പില്‍ 2 സ്ത്രീകള്‍ പോലീസ് വലയില്‍

വ്യാജ ഒപ്പും സീലും, ഒരു കോടിരൂപ തട്ടി; കുടുംബശ്രീ വായ്പാതട്ടിപ്പില്‍ 2 സ്ത്രീകള്‍ പോലീസ് വലയില്‍

കൊച്ചി: കുടുംബശ്രീ ലോണ്‍ തട്ടിപ്പ് കേസില്‍ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊച്ചി കോര്‍പറേഷൻ 20-ാം ഡിവിഷനിലെ കുടുംബശ്രീ അംഗങ്ങളായ നിഷ, ദീപ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് ഇരുവരും പോലീസ് പിടിയിലാകുന്നത്. കുടുംബശ്രീ ലോണിനെ പിൻപറ്റി ഒരു കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയെന്നതാണ് കേസ്.

കൊച്ചി കോര്‍പറേഷൻ 20-ാം ഡിവിഷനിലെ ദൃശ്യ ഗ്രൂപ്പിലെ അംഗമാണ് പിടിയിലായ നിഷ. 20-ാം ഡിവിഷനിലെ തന്നെ മറ്റൊരു ഗ്രൂപ്പായ ഒരുമയിലെ അംഗമാണ് ദീപ. കൗണ്‍സിലര്‍, സി.ഡി.എസ്. ചെയര്‍പേഴ്സണ്‍, എ.ഡി.എസ്. അംഗങ്ങളുടെയെല്ലാം ഒപ്പും വ്യാജ സീലും ഉപയോഗിച്ച്‌ കോര്‍പറേഷന്റെ രണ്ടു ഡിവിഷനുകളില്‍ മാത്രം ഒരു കോടിയിലേറെ രൂപയുടെ തട്ടിപ്പാണ് നടത്തിയിട്ടുള്ളത്. കുടുംബശ്രീ ഗ്രൂപ്പുകളിലെ അംഗങ്ങള്‍ അറിയാതെ അവരുടെ ചിത്രങ്ങളും മറ്റു വിവരങ്ങളും തട്ടിപ്പ് നത്തുന്നതിനായി ഉപയോഗിച്ചിട്ടുണ്ട്.

ബാങ്ക് വായ്പയ്ക്ക് വേണ്ടി സമര്‍പ്പിച്ച രേഖകളില്‍ സംശയം തോന്നിയ ബാങ്ക് ജീവനക്കാരാണ് വായ്പാ തട്ടിപ്പു സംബന്ധിച്ച്‌ ആദ്യം സംശയം പ്രകടിപ്പിച്ചത്. കുടുംബശ്രീ ഗ്രൂപ്പുകള്‍ക്ക് ബാങ്കുകള്‍ വായ്പ നല്‍കുന്ന പതിവുണ്ട്. കുടുംബശ്രീയുടെ വിവിധ ഘടകങ്ങളില്‍നിന്ന് അംഗീകരിച്ചുനല്‍കുന്ന ഗ്രൂപ്പുകള്‍ക്കാണ് വായ്പ അനുവദിക്കുക. ഇത്തരത്തില്‍ വിവിധ ഗ്രൂപ്പുകള്‍ക്ക് ബാങ്കുകള്‍ അനുവദിച്ചു നല്‍കിയ വായ്പയുടെ മറവിലാണ് വൻ തട്ടിപ്പ് നടത്തിയിരിക്കുന്നത്. ഗ്രൂപ്പ് അംഗങ്ങള്‍ നിലവില്‍ത്തന്നെ വായ്പയെടുത്തിട്ടുണ്ട്. അതിനു പിറകെയാണ് ഇവരുടെ പേരില്‍ വ്യാജമായി മറ്റൊരു വായ്പകൂടി തട്ടിപ്പുസംഘം എടുത്തിരിക്കുന്നത്.

അതേസമയം കുടുംബശ്രീ ലോണ്‍ തട്ടിപ്പിനെ നിയമപരമായി നേരിടുമെന്നും തട്ടിപ്പ് നടത്തിയവരെ ഒരു തരത്തിലും സഹായിക്കില്ലെന്നും കൊച്ചി കോര്‍പറേഷൻ മേയര്‍ എം. അനില്‍ കുമാര്‍ നേരത്തെ മാതൃഭൂമി ഡോട്ട്കോമിനോട് പ്രതികരിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular