Tuesday, April 30, 2024
HomeIndiaയുപി നിയമസഭാ തിരഞ്ഞെടുപ്പിൽ 40 ശതമാനം കോൺഗ്രസ് സീറ്റുകൾ സ്ത്രീകൾക്ക്;

യുപി നിയമസഭാ തിരഞ്ഞെടുപ്പിൽ 40 ശതമാനം കോൺഗ്രസ് സീറ്റുകൾ സ്ത്രീകൾക്ക്;

ലഖ്നൗ: 2022ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപായി സുപ്രധാന പ്രഖ്യാപനവുമായി കോൺഗ്രസ്. തിരഞ്ഞെടുപ്പിൽ 40 ശതമാനം സീറ്റുകൾ സ്ത്രീകൾക്ക് വേണ്ടി മാറ്റിവെക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി പറഞ്ഞു.

“ഉത്തർപ്രദേശിൽ കോൺഗ്രസ് സ്ത്രീകൾക്കായി 40 ശതമാനം സീറ്റുകൾ മാറ്റിവെക്കും. ഉത്തർപ്രദേശ് രാഷ്ട്രീയത്തിൽ സ്ത്രീകൾക്ക് പൂർണ്ണ പങ്കാളിത്തം ഉണ്ടാകുമെന്നത് ഞങ്ങളുടെ പ്രതിജ്ഞയാണ്,” പ്രിയങ്ക പറഞ്ഞു.

ഉത്തർപ്രദേശിലെ രാഷ്ട്രീയ മാറ്റത്തിനായി കൂടുതൽ സ്ത്രീകൾ തങ്ങളോടൊപ്പം അണിനിരക്കണം എന്ന് പ്രിയങ്ക പറഞ്ഞു. സ്ത്രീകൾക്കായി 50 ശതമാനം സീറ്റുകൾ നിലനിർത്താൻ ആയിരുന്നു ആഗ്രഹം എന്നാൽ മറ്റുള്ളവരുമായി ചർച്ച നടത്തിയ ശേഷം അത് 40 ശതമാനമാക്കുകയായിരുന്നു എന്നും പ്രിയങ്ക പറഞ്ഞു. യുപിയിൽ ആകെ 403 നിയമസഭാ സീറ്റുകളാണ് ഉള്ളത്, അതനുസരിച്ചു 160 സീറ്റുകളിൽ ആയിരിക്കും കോൺഗ്രസ് സ്ത്രീകളെ മത്സരിപ്പിക്കുക.

എന്തുകൊണ്ട് 40 ശതമാനം എന്ന ചോദ്യത്തിന്, “ഇതൊരു തുടക്കം മാത്രമാണ്, അടുത്ത തിരഞ്ഞടുപ്പിന് ഇത് 50 ശതമാനമാകാം. ഉത്തർപ്രദേശ് സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി എന്ന നിലയിലാണ് ഞാൻ ഇത് പ്രഖ്യാപിച്ചത്. മറ്റു സംസ്ഥാനങ്ങൾ ഇത് പിന്തുടരാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അത് അവർക്ക് തീരുമാനിക്കാം”. പ്രിയങ്ക പറഞ്ഞു.

ഈ തീരുമാനത്തിൽ കോൺഗ്രസ് നേതാക്കൾ അവരുടെ ഭാര്യമാരെയും കുടുംബത്തിലെ മറ്റ് സ്ത്രീകളെയും മത്സരിപ്പിക്കുമോ എന്ന ചോദ്യത്തിന്, അതിൽ തെറ്റൊന്നും കാണുന്നില്ലെന്നും അത് സ്ത്രീ ശാക്തീകരണത്തിന് കാരണമാകുമെന്നും പ്രിയങ്ക പറഞ്ഞു. എന്നിരുന്നാലും, മെറിറ്റിന്റെ അടിസ്ഥാനത്തിൽ മാത്രമേ സ്ഥാനാർഥി തിരഞ്ഞെടുപ്പ് നടക്കൂ എന്നും അവർ കൂട്ടിച്ചേർത്തു

ഉത്തർപ്രദേശ് രാഷ്ട്രീയത്തിൽ ഒരു മാറ്റം കൊണ്ടുവരാനാണ് ഈ തീരുമാനമെന്നും സാമൂഹിക സേവനത്തിലായാലും അധ്യാപനത്തിലായാലും മാധ്യമത്തിലായാലും സ്ത്രീകൾ ഒന്നിക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു. “നിങ്ങൾക്ക് ഒരു മാറ്റം വേണമെങ്കിൽ, കാത്തിരിക്കരുത്. ആരും നിങ്ങളെ സംരക്ഷിക്കില്ല,” ഇതിലൂടെ സ്ത്രീകൾക്ക് “വിദ്വേഷ രാഷ്ട്രീയം” മാറ്റാൻ കഴിയുമെന്നും പ്രിയങ്ക പറഞ്ഞു.

സ്ത്രീകളെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരുന്നതിലൂടെ മാത്രമേ ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയം വികസനത്തിന്റെ രാഷ്ട്രീയമായി മാറ്റാൻ കഴിയൂ എന്ന് അവർ പറഞ്ഞു.

“രാഷ്ട്രീയത്തിൽ ഒരു മാറ്റം കൊണ്ടുവരാനാണ് എന്റെ പോരാട്ടം. ശബ്ദം ഉയർത്താൻ കഴിയാത്തവർക്ക് വേണ്ടിയാണിത്. ഇവിടെ ഒരു മാറ്റം കൊണ്ടുവരാനും അടിയുടെയും തൊഴിയുടെയും രാഷ്ട്രീയത്തിനുപകരം സേവന രാഷ്ട്രീയം അവതരിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.” തീരുമാനം സ്ത്രീ ശാക്തീകരണത്തിന് വേണ്ടിയാണെന്ന് അവകാശപ്പെട്ടു കൊണ്ട് പ്രിയങ്ക പറഞ്ഞു.

അതേസമയം, തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കുന്നത് സംബന്ധിച്ച് തീരുമാനം എടുത്തിട്ടില്ലെന്നും പ്രിയങ്ക പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular