Tuesday, May 7, 2024
HomeIndiaഫയര്‍ ഫോഴ്സിനെയും ഞെട്ടിച്ച്‌ അമ്ബലംകുന്നിലെ മൂവര്‍ സംഘം

ഫയര്‍ ഫോഴ്സിനെയും ഞെട്ടിച്ച്‌ അമ്ബലംകുന്നിലെ മൂവര്‍ സംഘം

തിരുവനന്തപുരം: വിഴിഞ്ഞം മുക്കോലയില്‍ ആഴമേറിയ കിണറ്റില്‍ അകപ്പെട്ട മഹാരാജനെ പുറത്തെടുക്കാൻ നീണ്ട 36 മണിക്കൂര്‍ കഠിന പരിശ്രമം നടത്തിയിട്ടും കഴിയാതെ പൊലീസും ഫയര്‍ഫോഴ്സും നാട്ടുകാരും കുഴഞ്ഞു.

ഈ ഘട്ടത്തിലാണ് കൊല്ലം അമ്ബലംകുന്നിലെ മൂന്നംഗ കിണര്‍വെട്ട് സംഘത്തെ കുറിച്ച്‌ കേട്ടത്

പിന്നെ വൈകിയില്ല. ഫോണ്‍ കാളുകള്‍ പ്രവഹിച്ചു. സംഘം ഉടൻ എത്തുമെന്ന് ഞായറാഴ്ച രാത്രി എട്ടോടെ ഉറപ്പ് ലഭിച്ചു. ആ കാത്തിരിപ്പ് പാഴായില്ല. ശാസ്ത്രീയമായ രീതിയില്‍ മണ്ണിടിച്ചില്‍ തടഞ്ഞ് മഹാരാജന്റെ മൃതദേഹം ഇന്നലെ പുറത്തെടുക്കാൻ കഴിഞ്ഞത് അമ്ബലംകുന്നില്‍ നിന്നെത്തിയ ചുണക്കുട്ടികളായ. അജയൻ.ബാബു,ഷാജി എന്നിവരുടെ കൂടി കരുത്തിലാണ്. ശനിയാഴ്ച മുതല്‍ അപകട വിവരം വാര്‍ത്താ ചാനലുകളിലൂടെയും പത്രങ്ങളിലൂടെയും ഇവര്‍ അറിഞ്ഞിരുന്നു. ഞായറാഴ്ച രാത്രി ഏഴരയോടെയാണ് അജയന്റെ ഫോണിലേക്ക് വിഴിഞ്ഞം സി.ഐ പ്രജേഷ് ശശിയുടെ വിളിയെത്തിയത്. സുഹൃത്തായ പൊലീസ് ഉദ്യോഗസ്ഥൻ വഴിയാണ് അദ്ദേഹം ഈ സംഘത്തെക്കുറിച്ച്‌ അറിഞ്ഞത്. സഹായം അഭ്യര്‍ത്ഥിച്ചപ്പോള്‍ അജയൻ മറ്റൊന്നും ആലോചിച്ചില്ല.

ഒപ്പമുള്ള ബാബുവിനെയും ഷാജിയെയും വിളിച്ചു സാധന സാമഗ്രികള്‍ സജ്ജമാക്കി മഹീന്ദ്ര പിക്കപ്പില്‍ കയറ്റി.വിഴിഞ്ഞം വരെ എത്താനുള്ള ഇന്ധനം വണ്ടിയിലില്ല. മകളുടെ കഴുത്തില്‍ കിടന്ന മാലയുമായി സമീപത്തെ ഫൈനാൻസ് നടത്തുന്നയാളുടെ വീട്ടിലെത്തി. അയ്യായിരം രൂപ വാങ്ങി. രാത്രി എട്ടോടെ അമ്ബലംകുന്നില്‍ നിന്ന് യാത്ര തിരിച്ചു. ഒരു മണിക്കൂര്‍ കൊണ്ട് മുക്കോലയിലെത്തി. ഉടൻ കിണറ്റിലിറങ്ങി പണി തുടങ്ങി.കിണറിനുള്ളിലെ രക്ഷാപ്രവര്‍ത്തനം അത്ര പരിചിതമല്ലാത്ത ഫയര്‍ഫോഴ്സിന് ഇവരുടെ വരവ് വലിയ ആശ്വാസമായി.

2012ല്‍ കൊല്ലം പെരുമ്ബുഴയില്‍ 150 അടി താഴ്ചയുള്ള കിണറ്റില്‍ അകപ്പെട്ട നാല് പേര്‍ക്ക് വേണ്ടി രക്ഷാപ്രവര്‍ത്തനം നടത്തിയതിലൂടെയാണ് അമ്ബലംകുന്നിലെ അജയനെയും സംഘത്തെയും പുറംലോകം അറിഞ്ഞു തുടങ്ങിയത്. 200 അടിവരെയുള്ള കിണറിന്റെ നിര്‍മ്മാണം പാറ പൊട്ടിച്ച്‌ പൂര്‍ത്തിയാക്കുന്നവരാണ് സംഘം.

മഴക്കാലത്ത് കിണര്‍ പണിക്ക് ആരും ഇറങ്ങാറില്ല,ഈര്‍പ്പം നിറഞ്ഞ് മണ്ണിടിയാൻ സാദ്ധ്യതയുള്ളതിനാല്‍ വേനല്‍ കാലത്താണ് ഇത്തരം ജോലികള്‍ ചെയ്യുന്നത്. ജൂണ്‍ തുടങ്ങിയാല്‍ കിണര്‍ പണിയില്ലെന്ന് അമ്ബലംകുന്നിലെ അജയനും സംഘവും പറയുന്നു. മുക്കോലയില്‍ അപകടത്തിന് കാരണമായതും മഴക്കാലത്തെ ഉറ ഇറക്കലാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular