Thursday, May 2, 2024
HomeIndiaധനമന്ത്രിമാരുടെ യോഗത്തില്‍ ഒച്ചപ്പാട്

ധനമന്ത്രിമാരുടെ യോഗത്തില്‍ ഒച്ചപ്പാട്

ന്യൂഡല്‍ഹി: ജി.എസ്.ടി നെറ്റ്വര്‍ക്ക് കള്ളപ്പണ നിരോധന നിയമത്തിന്‍റെ പരിധിയില്‍ കൊണ്ടുവന്നുവെന്ന റിപ്പോര്‍ട്ടുകളെച്ചൊല്ലി കേന്ദ്ര-സംസ്ഥാന ധനമന്ത്രിമാരുടെ ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ വലിയ ഒച്ചപ്പാട്.

ജി.എസ്.ടി നെറ്റ്വര്‍ക്കിലെ വിവരങ്ങള്‍ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റുമായി (ഇ.ഡി) പങ്കുവെക്കുന്നതിന് ഇത് ഇടയാക്കുമെന്നും ജി.എസ്.ടി നല്‍കുന്ന വ്യാപാരികളെ ഇ.ഡി വലയിലാക്കുന്നതാണ് കേന്ദ്രസര്‍ക്കാര്‍ നീക്കമെന്നും വിവിധ സംസ്ഥാനങ്ങള്‍ കുറ്റപ്പെടുത്തി.

എന്നാല്‍, ധനമന്ത്രാലയം കഴിഞ്ഞ ദിവസം ഇറക്കിയ വിജ്ഞാപനത്തിന് ജി.എസ്.ടിയുമായി ബന്ധമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വിശദീകരിച്ചു. ജി.എസ്.ടി കൗണ്‍സിലിന്‍റെ അനുമതിയില്ലാതെ വ്യാപാരികളെ വേട്ടയാടാൻ വിജ്ഞാപനം ഇറക്കിയെന്ന ആരോപണമാണ് കൗണ്‍സില്‍ യോഗത്തില്‍ ഉയര്‍ന്നത്. ധനമന്ത്രി നിര്‍മല സീതാരാമൻ അധ്യക്ഷത വഹിച്ച യോഗത്തില്‍ കേരളം, ഡല്‍ഹി, പഞ്ചാബ്, പശ്ചിമ ബംഗാള്‍, തമിഴ്നാട്, ഹിമാചല്‍ പ്രദേശ്, കര്‍ണാടക, ഛത്തിസ്ഗഢ്, തെലങ്കാന, രാജസ്ഥാൻ ധനമന്ത്രിമാര്‍ കടുത്ത പ്രതിഷേധം അറിയിച്ചു.

കള്ളപ്പണ നിരോധന നിയമവ്യവസ്ഥയില്‍ കേന്ദ്രം ഭേദഗതിവരുത്തി വിജ്ഞാപനം ഇറക്കിയതുവഴി ഇ.ഡിക്ക് ഏതു വ്യാപാരിയേയും അറസ്റ്റുചെയ്യാമെന്ന സ്ഥിതിയായെന്ന് അവര്‍ കുറ്റപ്പെടുത്തി. ചെറുകിട ബിസിനസ് സംരംഭങ്ങളെ ഭയപ്പെടുത്തുന്ന നികുതി ഭീകരതയാണിതെന്ന് പഞ്ചാബ് ധനമന്ത്രി ഹര്‍പാല്‍ സിങ് ചീമ യോഗത്തില്‍ കുറ്റപ്പെടുത്തി.

ജി.എസ്.ടി യഥാസമയം അടക്കുകയോ റിട്ടേണ്‍ നല്‍കുകയോ ചെയ്യാത്ത ഏതു സംരംഭകനെയും ഇ.ഡിക്ക് പിടികൂടാൻ അധികാരം നല്‍കുന്നതാണ് പുതിയ വിജ്ഞാപനം. വിറ്റുവരവ് അടിസ്ഥാനപ്പെടുത്തിയും ഇ.ഡിക്ക് വ്യാപാരിയെ കുരുക്കാം. രാഷ്ട്രീയ നേതാക്കളെയും മറ്റും വേട്ടയാടാൻ ഇ.ഡിയെ സര്‍ക്കാര്‍ ദുരുപയോഗിക്കുന്നതാണ് നിലവിലെ സ്ഥിതിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബിസിനസ് നടത്തിപ്പ് എളുപ്പമാക്കുമെന്ന് പറയുമ്ബോള്‍തന്നെയാണ് ഇത്തരം കുരുക്കുകള്‍. ജി.എസ്.ടി കൗണ്‍സിലിന്‍റെ അനുമതി ഇല്ലാതെ ധനമന്ത്രാലയത്തിന് മാത്രമായി ഇത്തരമൊരു വിജ്ഞാപനം കൊണ്ടുവരാൻ അധികാരമില്ലെന്ന് കേരള ധനമന്ത്രി കെ.എൻ. ബാലഗോപാല്‍ ചൂണ്ടിക്കാട്ടി.

ജി.എസ്.ടി വിവരങ്ങള്‍ നികുതിവകുപ്പുമായി പങ്കുവെക്കുന്നതിന് ധനകാര്യ ദൗത്യസംഘത്തിന്‍റെ മാനദണ്ഡപ്രകാരമുള്ള വിജ്ഞാപനം മാത്രമാണ് അതെന്ന് റവന്യൂ സെക്രട്ടറി സഞ്ജയ് മല്‍ഹോത്ര വിശദീകരിച്ചു. ഇതിന് ജി.എസ്.ടി നിയമവുമായി ബന്ധമില്ല. ജി.എസ്.ടി വിവരങ്ങള്‍ ഇ.ഡിയുമായി പങ്കുവെക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular