Friday, May 3, 2024
HomeUncategorizedറഷ്യന്‍ ആശുപത്രിയില്‍ നിന്ന് ആന്ത്രാക്സ് രോഗികള്‍ ചാടിപ്പോയി

റഷ്യന്‍ ആശുപത്രിയില്‍ നിന്ന് ആന്ത്രാക്സ് രോഗികള്‍ ചാടിപ്പോയി

മോസ്കോ: റഷ്യയിലെ തെക്കൻ സൈബീരിയയില്‍ മംഗോളിയൻ അതിര്‍ത്തിയോട് ചേര്‍ന്ന ടുവാ മേഖലയില്‍ അപകടകാരിയായ ആന്ത്രാക്സ് രോഗം ബാധിച്ച നാല് രോഗികള്‍ ആശുപത്രിയില്‍ നിന്ന് ചാടിപ്പോയി.

ടുവായിലെ തന്നെ പ്രാദേശിക ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ഇവര്‍ തുടര്‍ചികിത്സയ്ക്ക് വിസമ്മതിക്കുകയും അധികൃതരുടെ കണ്ണുവെട്ടിച്ച്‌ മുങ്ങുകയുമായിരുന്നു. മറ്റൊരാള്‍ ചികിത്സ തുടരുന്നുണ്ട്. ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ടവരുടെ നില തൃപ്തികരമാണ്. ത്വക്കില്‍ ആന്ത്രാക്സ് ബാധിച്ച ഇവര്‍ക്ക് രോഗം പൂര്‍ണമായും ഭേദമായിട്ടില്ല.

അതേ സമയം, ആന്ത്രാക്സ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് വ്യാപിക്കുന്നതായി കണ്ടെത്തിയിട്ടില്ല. വളരെ അപൂര്‍വം അവസരങ്ങളില്‍ ഇത്തരം രോഗികളുടെ മുറിവുകളില്‍ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പകരാനിടയുണ്ടെന്ന് കരുതുന്നുണ്ട്. ആന്ത്രാക്സ് ബാധിച്ച കുതിരയുടെ മാംസം ഭക്ഷിച്ചതിലൂടെയാണ് രക്ഷപ്പെട്ട നാല് പേര്‍ക്ക് രോഗം ബാധിച്ചത്. 150ലേറെ പേരെ ഇവിടെ വാക്സിനേഷന് വിധേയമാക്കി.

ആന്ത്രാക്സ് ബാധിതരില്‍ പനി, ശ്വാസതടസം, ചുമ, തലകറക്കം, വയറുവേദന, തലവേദന, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങള്‍ പ്രകടമാകാം. ശരിയായ ചികിത്സ ലഭിച്ചില്ലെങ്കില്‍ രോഗം ഗുരുതരമായി മരണത്തില്‍ കലാശിക്കാം. എന്താണ് ആന്ത്രാക്സ് ? ബാസിലസ് ആന്ത്രാസിസ് എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗം.

കന്നുകാലികളടക്കമുള്ള ജീവികളെയാണ് ആന്ത്രാക്സ് സാധാരണയായി ബാധിക്കുന്നത്. മനുഷ്യരില്‍ ആന്ത്രാക്സ് വളരെ അപൂര്‍വമായാണ് ബാധിക്കുന്നത്. രോഗം ബാധിച്ച മൃഗങ്ങളുമായുള്ള അടുത്ത ഇടപെടലോ അല്ലെങ്കില്‍ രോഗം ബാധിച്ച ജീവികളുടെ ഉത്പന്നങ്ങളോടെ ആണ് മനുഷ്യരില്‍ ആന്ത്രാക്സിന് കാരണമാകുന്നത്. മണ്ണില്‍ ജീവിക്കുന്ന ബാസിലസ് ആന്ത്രാസിസ് പലപ്പോഴും പുല്ലിലൂടെയും മറ്റുമാണ് മൃഗങ്ങളിലേക്ക് പടരുന്നത്.

ത്വക്ക്, ശ്വാസകോശം, കുടല്‍ എന്നിവയെ ആണ് ആന്ത്രാക്സ് പ്രധാനമായും ബാധിക്കുന്നത്. ശ്വാസകോശത്തെ ബാധിക്കുന്നതാണ് ഏറ്റവും ഗുരുതരം. ഇതിന് 92 ശതമാനം മരണസാദ്ധ്യതയുണ്ടെന്ന് യു.എസിലെ സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആൻഡ് പ്രിവെൻഷൻ ( സി.ഡി.സി ) പറയുന്നു. രോഗം ബാധിച്ച ജീവികളുടെ മാംസം ഭക്ഷിക്കുന്നതിലൂടയാണ് മനുഷ്യന്റെ കുടലിനെ ആന്ത്രാക്സ് ബാധിക്കുന്നത്.

വളരെ അപൂര്‍വമാണെങ്കിലും 60 ശതമാനം വരെ മരണനിരക്കാണ് ഇവയ്ക്ക് കല്പിക്കുന്നത്. ത്വക്കിനെ ബാധിക്കുന്ന ആന്ത്രാക്സ് ആന്റിബയോട്ടിക്കുകള്‍ കൊണ്ട് ചികിത്സിച്ച്‌ മാറ്റാം. 2016 ജൂലായില്‍ വടക്കൻ സൈബീരിയയിലെ നൂറോളം നാടോടികള്‍ക്ക് ആന്ത്രാക്സ് സ്ഥിരീകരിച്ചിരുന്നു. അതേ സമയം, രണ്ടാം ലോകമഹായുദ്ധ കാലത്തും മറ്റും അപകടകാരിയായ ജൈവായുധമായും ആന്ത്രാക്സിനെ മനുഷ്യര്‍ ഉപയോഗിച്ചിട്ടുണ്ട്.

അത്യന്തം വിനാശകാരിയും, വ്യാപനശേഷിയും മരണനിരക്കും കൂടുതലുമുള്ള കാറ്റഗറി എ ഗണത്തില്‍പ്പെടുന്ന ജൈവായുധമാണ് ഇത്. നൂറു വര്‍ഷം പഴക്കമുള്ള ഈ ജൈവായുധത്തിന് മണമോ രുചിയോ ഇല്ല. അദൃശ്യമാണ്. പൊടി, ആഹാരം, ജലം എന്നിവയിലൂടെ കടത്തിവിടുന്നു. രണ്ടാം ലോകമഹായുദ്ധക്കാലത്ത് ചൈനയ്ക്കെതിരെ ജപ്പാൻ ആന്ത്രാക്സ് ജൈവായുധം പ്രയോഗിച്ചെന്ന് പറയപ്പെടുന്നുണ്ട്. 2001ല്‍ പൊടിയുടെ രൂപത്തിലുള്ള ആന്ത്രാക്സ് ബാക്ടീരിയ അടങ്ങിയ കത്തുകള്‍ യു.എസ് പോസ്റ്റല്‍ സര്‍വീസിന് ലഭിച്ചിരുന്നു. 22 പേര്‍ക്ക് രോഗ ബാധ ഉണ്ടാവുകയും അതില്‍ അഞ്ച് പേര്‍ മരിക്കുകയും ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular