Tuesday, May 7, 2024
HomeIndiaചെങ്കോട്ട അതീവ സുരക്ഷാ വലയത്തില്‍

ചെങ്കോട്ട അതീവ സുരക്ഷാ വലയത്തില്‍

ന്യൂഡല്‍ഹി: ആഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയില്‍ അതീവ സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും. സുരക്ഷയുടെ ഭാഗമായി 1,000 ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ (മുഖം തിരിച്ചറിയല്‍) ക്യാമറകള്‍, ആന്റി-ഡ്രോണ്‍ സംവിധാനങ്ങള്‍, 10,000-ത്തിലധികം പോലീസ് ഉദ്യോഗസ്ഥരുടെ സുരക്ഷ എന്നിവ ഒരുക്കിയിട്ടുണ്ട്.

ചൊവ്വാഴ്ചയാണ് 77-ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ ദേശീയ തലസ്ഥാനം ഒരുങ്ങുന്നത്. ഹരിയാനയിലെ നൂഹിലും സമീപ പ്രദേശങ്ങളിലും അടുത്തിടെയുണ്ടായ അക്രമസംഭവങ്ങള്‍ കണക്കിലെടുത്ത് കര്‍ശന ജാഗ്രത ഉറപ്പാക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു.

‘കോവിഡ് -19 നിയന്ത്രണങ്ങളൊന്നുമില്ലാതെ ഈ വര്‍ഷം സ്വാതന്ത്ര്യദിനം പൂര്‍ണ്ണ ആവേശത്തോടെ ആഘോഷിക്കും. അതിനാല്‍, ശക്തവും ആവശ്യമായതുമായ പോലീസിനെ വിന്യസിക്കും. സുരക്ഷ ഒരുക്കുന്നതിനായി മറ്റ് ഏജന്‍സികളുമായി തത്സമയ വിവരങ്ങള്‍ ഏകോപിപ്പിക്കുകയും പങ്കിടുകയും ചെയ്യും.’-സുരക്ഷാ ക്രമീകരണങ്ങളുടെ വിശദാംശങ്ങള്‍ പങ്കുവെച്ചുകൊണ്ട് സ്പെഷ്യല്‍ പോലീസ് കമ്മീഷണര്‍ (ക്രമസമാധാനം) ഡിപേന്ദ്ര പഥക് പറഞ്ഞു.

സെന്‍ട്രല്‍ ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് മുന്നിലെ ഗ്യാന്‍ പഥില്‍ ദേശീയ ഉത്സവാഘോഷങ്ങള്‍ക്കായി പൂക്കളും ജി20 ചിഹ്നങ്ങളും കൊണ്ട് അലങ്കരിച്ചിരിട്ടുണ്ട്. എന്നാല്‍ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്ന ചെങ്കോട്ടയില്‍ വലിയ അലങ്കാരങ്ങളൊന്നും ഉണ്ടാകില്ല.

കിസാന്‍ പദ്ധതിയുടെ ഗുണഭോക്താക്കള്‍ ഉള്‍പ്പെടെ 1,800 ഓളം പ്രത്യേക അതിഥികളെ സ്വാതന്ത്ര്യദിന ചടങ്ങില്‍ പങ്കെടുക്കാന്‍ സര്‍ക്കാര്‍ ക്ഷണിച്ചിട്ടുണ്ട്. ഈ വര്‍ഷം, 20,000-ലധികം ഉദ്യോഗസ്ഥരും സാധാരണക്കാരും സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ പങ്കെടുക്കും.

ഫേഷ്യല്‍ റെക്കഗ്‌നിഷനും വീഡിയോ അനലിറ്റിക് സംവിധാനങ്ങളുമുള്ള ആയിരത്തോളം ക്യാമറകള്‍ മുഗള്‍ കാലഘട്ടത്തിലെ കോട്ടയിലും പരിസരത്തും, മറ്റ് തന്ത്രപ്രധാനമായ സ്ഥലങ്ങളിലും ഫൂള്‍ പ്രൂഫ് സുരക്ഷ ഉറപ്പാക്കാനും വിവിഐപി ചലനങ്ങള്‍ നിരീക്ഷിക്കാനും സ്ഥാപിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

ചെങ്കോട്ടയില്‍ ആന്റി ഡ്രോണ്‍ സംവിധാനങ്ങളും സ്ഥാപിച്ചിട്ടുണ്ട്. വ്യോമ പ്രതിരോധ തോക്കുകള്‍ സ്ഥാപിക്കുന്നതുള്‍പ്പെടെ എല്ലാ ഭീകരവിരുദ്ധ നടപടികളും ആരംഭിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെയും മറ്റ് വിവിഐപി അതിഥികളുടെയും സുരക്ഷയ്ക്കായി സ്നൈപ്പര്‍മാര്‍, എലൈറ്റ് കമാന്‍ഡോകള്‍, ഷാര്‍പ്പ് ഷൂട്ടര്‍മാര്‍ എന്നിവരെ തന്ത്രപ്രധാനമായ സ്ഥലങ്ങളില്‍ വിന്യസിക്കും.

കേന്ദ്ര ഏജന്‍സികളില്‍ നിന്ന് ലഭിച്ച രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് പട്രോളിംഗ് ശക്തമാക്കുകയും സുപ്രധാന ഇന്‍സ്റ്റാളേഷനുകളില്‍ അധിക പിക്കറ്റുകള്‍ വിന്യസിക്കുകയും ചെയ്യും.

അതിര്‍ത്തികളില്‍ സമഗ്രമായ പരിശോധന നടക്കുന്നുണ്ട്. ദേശീയ തലസ്ഥാനത്തെ ക്രമസമാധാന നില തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി. പരിപാടികള്‍ പൂര്‍ത്തിയാകുന്നതുവരെ ചെങ്കോട്ടയ്ക്ക് ചുറ്റുമുള്ള പ്രദേശങ്ങളില്‍ പട്ടം പറത്തല്‍ നിരോധന മേഖലയായി നിശ്ചയിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular