Tuesday, April 30, 2024
HomeIndiaസൂര്യപ്രകാശമില്ലാത്ത 14 ദിവസം റോവറിനെയും ലാന്‍ഡറിനെയും ഉറക്കും -സോമനാഥ്

സൂര്യപ്രകാശമില്ലാത്ത 14 ദിവസം റോവറിനെയും ലാന്‍ഡറിനെയും ഉറക്കും -സോമനാഥ്

തിരുവനന്തപുരം: സൂര്യപ്രകാശമുള്ള 14 ദിവസങ്ങളിലാണ് ചന്ദ്രയാൻ പ്രവര്‍ത്തിക്കുകയെന്നും അത് കഴിഞ്ഞ് ഇരുട്ടാകുന്ന അടുത്ത 14 ദിവസം റോവറിനെയും ലാൻഡറിനെയും ഉറക്കുന്നതിന് ആവശ്യമായ കൃതിമ ബുദ്ധി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ഐ.എസ്.ആര്‍.ഒ ചെയര്‍മാൻ എസ്.

സോമനാഥ്. കമ്ബ്യൂട്ടറെല്ലാം സ്ലീപ്പിങ് മോഡിലേക്ക് പോകുന്നത് പോലെയാണിത്. സ്ലീപ്പിങ് സര്‍ക്യൂട്ട് എന്നാണ് ഇതിന് പേര് നല്‍കിയിരിക്കുന്നത്. വീണ്ടും സൂര്യപ്രകാശം വന്ന് ഭാഗങ്ങളെല്ലാം ചൂടാകുമ്ബോള്‍ സംവിധാനം വീണ്ടും പ്രവര്‍ത്തിച്ച്‌ തുടങ്ങും. ഇത് ഓട്ടോമാറ്റിക് ക്രമീകരണമാണ്. അങ്ങനെ വന്നാല്‍ നമ്മള്‍ ഭാഗ്യമുള്ളവരാണ്, വീണ്ടും 14 ദിവസം കൂടി കിട്ടുമെന്നും സോമനാഥ് പറഞ്ഞു. ചന്ദ്രയാൻ വിജയത്തിന് ശേഷം തലസ്ഥാനത്തെത്തിയ സോമനാഥ് മാധ്യമപ്രവര്‍ത്തകരോടാണ് ദൗത്യവിശേഷങ്ങള്‍ പങ്കുവെച്ചത്.

14 ദിവസത്തിന്‍റെ കാര്യത്തില്‍ നിരവധി റിസ്കുകളുണ്ട്. ഐസിന്‍റെ ഊഷ്മാവിനെക്കാള്‍ 150 ഡിഗ്രി താഴെയാണ് ഇവിടം. അത്രയും തണുപ്പില്‍ ഈ 14 ദിവസം പിടിച്ച്‌ നില്‍ക്കണം. ചൂടാക്കാൻ വേറെ വഴികളൊന്നുമില്ല. ബാറ്ററി തകര്‍ന്നുപോകാം. അല്ലെങ്കില്‍ ഇലക്ട്രോണിക് സര്‍ക്യൂട്ടില്‍ തകരാറ് വരാം. ഈ പ്രശ്നമുള്ളത് കൊണ്ടാണ് പരമാവധി ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കിയത്. ഇതില്‍ നല്ല ആത്മവിശ്വാസവുമുണ്ട്.

ചന്ദ്രയാനില്‍നിന്ന് സെക്കന്‍ഡ് തോറുമൊന്നും വിവരം കിട്ടില്ല. ആശയവിനിമയത്തിന് നിരവധി പരിമിതികളുണ്ട്. ഉദിക്കുന്നതുമുതല്‍ അസ്തമിക്കും വരെയേ നമുക്ക് ചന്ദ്രനെ കാണാൻ പറ്റൂ. ഭൂമിയുടെ മറ്റ് ഭാഗങ്ങള്‍ക്ക് അഭിമുഖമായെത്തുമ്ബോള്‍ നമുക്ക് ഇന്ത്യയല്ലാത്ത മറ്റ് ഗ്രൗണ്ട് സ്റ്റേഷനുകള്‍ വേണം. ഇതിനായി യു.എസിലെയും ബ്രിട്ടനിലെയും ആസ്ട്രേലിയയിലെയുമെല്ലാം ഗ്രൗണ്ട് സ്റ്റേഷനുകളെ ഉപയോഗിക്കുന്നുണ്ട്. നമ്മുടെ സ്വന്തം സ്റ്റേഷനുകളിലേത് പോലെ മറ്റ് ഇടങ്ങളില്‍ നിന്ന് വിവരം കിട്ടുക എളുപ്പമല്ല. ചന്ദ്രനില്‍ നിന്ന് േഡറ്റ കൈമാറ്റ വേഗവും വളരെ കുറവാണ്. 5 ജി പോലൊന്നും കിട്ടില്ല. ഒരു ചിത്രം ഡൗണ്‍ലോഡ് ചെയ്യാൻ നാല് മണിക്കൂര്‍ എടുക്കും. ചിത്രങ്ങള്‍ എടുത്ത് നോക്കി. പല ചിത്രങ്ങളും അത്ര മിഴിവില്ല. അവിടത്തെ നിഴലുകള്‍ക്ക് ചില പ്രത്യേകതകളുണ്ട്. ചന്ദ്രനിലെ നിഴലുകള്‍ ഭൂമിയുടെ നിഴലുകള്‍ പോലെയല്ല. സൂര്യപ്രകാശവും അന്തരീക്ഷവും ഇല്ലാത്തതുകൊണ്ട് കുറ്റാക്കുറ്റിരുട്ടായിരിക്കും. ചിത്രങ്ങള്‍ക്ക് വ്യക്തതയുണ്ടാവില്ല. ഈ പരിമിതി മറികടക്കാൻ മറ്റ് ചില രീതികളില്‍ ചിത്രങ്ങളെടുക്കാൻ ശ്രമിക്കുകയാണ്. കൂടുതല്‍ ചിത്രങ്ങള്‍ ഉടൻ വരും.

ചന്ദ്രനിലെ ദക്ഷിണധ്രുവത്തില്‍ ലാൻഡ് ചെയ്ത ആദ്യ ഉപഗ്രഹമാണ് നമ്മുടേത്. ദക്ഷിണധ്രുവത്തിലേക്ക് പോകാൻ അമേരിക്കയും ചൈനയുമടക്കം നിരവധി രാജ്യങ്ങള്‍ ശ്രമിക്കുന്നുണ്ട്. റഷ്യ ശ്രമിച്ചിട്ടും നടന്നില്ല. ചന്ദ്രന്‍റെ ഈ ഭാഗം നിരപ്പല്ല. രണ്ട് കിലോമീറ്റര്‍ ഉയരമുള്ള കുന്നുകളൊക്കെയാണ്. അതുപോലെ ആഴമേറിയ താഴ്ചവരകളും. ഇവിടെയെങ്ങാനും ലാൻഡ് ചെയ്താല്‍ ലാൻഡറിന്‍റെ കഥ എന്താകുമെന്ന് ആലോചിക്കാവുന്നതേയുള്ളൂ. സൂര്യപ്രകാശം കിട്ടുന്നത് കുറച്ച്‌ ദിവസമേയുള്ളൂ. അതായത് 14 ദിവസം. പിന്നീട് ഇരുട്ടാകും. വെളിച്ചമുള്ള ഭൂമധ്യരേഖ പ്രദേശമാണ് എല്ലാവരും മുൻഗണന നല്‍കുന്നത്. റിസ്കെടുത്ത് എന്തിനാണ് ദക്ഷിണധ്രുവത്തില്‍ പോയത് എന്ന ചോദ്യമുണ്ട്. ഈ ഭാഗത്താണ് സയൻസ് ഒരുപാട് ഉള്ളത് എന്നതാണ് ഇതിനുള്ള മറുപടി. മൂലകങ്ങളും ജലവുമെല്ലാം കണ്ടെത്താൻ സാധ്യതയുള്ളത് ഇവിടെയാണ്. ഈ മേഖല ഇതുവരെ മനുഷ്യരാശിക്ക് മുന്നില്‍ അധികം വെളിപ്പെട്ടിട്ടുമില്ല. ഇത്തരത്തിലുള്ള ശാസ്ത്രതാല്‍പര്യങ്ങള്‍ മുൻനിര്‍ത്തിയാണ് ദക്ഷിണധ്രുവത്തിലേക്ക് ദൗത്യം നിശ്ചയിച്ചത്.

റഷ്യ നമ്മള്‍ക്കിടയില്‍ കയറിയതാണോ എന്ന് അറിയില്ല. താൻ അതൊന്നും ചോദിച്ചിട്ടില്ല, അവര്‍ എന്നോട് പറഞ്ഞുമില്ല. അവര്‍ ഒരുപാട് വര്‍ഷങ്ങളായി ആസൂത്രണം ചെയ്തിരുന്നതാണ്. അപ്പോഴാണ് റഷ്യ-യുക്രെയ്ൻ യുദ്ധം തുടങ്ങിയത്. ഇതോടെ ഫ്രാൻസ് പിന്മാറി. പ്രശ്നങ്ങളുണ്ടായി. പിന്നീട് അവര്‍ മാത്രം പൂര്‍ത്തിയാക്കിയതായിരിക്കാം അവസാന ദൗത്യം. എല്ലാ റെഡിയായി വന്നപ്പോള്‍ നമുക്കൊപ്പം ആയിപ്പോയതാകാം. ചാന്ദ്രയാനില്‍ നമ്മള്‍ ആസൂത്രണം എല്ലാ പരീക്ഷണങ്ങളും ആരംഭിച്ചുകഴിഞ്ഞു. ഇനിയുള്ളത് േഡറ്റ കലക്‌ട് ചെയ്യലാണ്. റോവര്‍ വീണ്ടും മൂവ് ചെയ്തുകൊണ്ടിരിക്കുകയാണ്. റോവറിലെ രണ്ട് പരീക്ഷണങ്ങളും നന്നായി നടന്നു. വളരെ അപൂര്‍വമായ േഡറ്റയാണ് നമുക്ക് ചന്ദ്രയാനില്‍ നിന്ന് കിട്ടിയത്. ലോകത്ത് ആദ്യമായി കിട്ടുന്ന വിവരമാണ്. ഇതെല്ലാം ശാസ്ത്രജ്ഞര്‍ വിശകലനം ചെയ്യുകയാണ്.

സൂര്യദൗത്യത്തിന്‍റെ തീയതി ഉടൻ പ്രഖ്യാപിക്കും. സെപ്റ്റംബര്‍ ആദ്യ ആഴ്ചയിലാണ് ലോഞ്ച് ചെയ്യാൻ ഉദ്ദേശിക്കുന്നത്. ഉപഗ്രഹം റെഡിയാണ്. പി.എസ്.എല്‍.വി റോക്കറ്റുമായി ഘടിപ്പിച്ചുകഴിഞ്ഞു. അവസാന വട്ട ടെസ്റ്റുകള്‍ പുരോഗമിക്കുകയാണ്. ഓണത്തിനും അവിടെ ജോലികള്‍ പുരോഗമിക്കുകയാണ്. ഒരുപാട് മലയാളികള്‍ അവിടെയുണ്ട്. ഓണത്തിനൊന്നും അവധിയില്ല. ശ്രീഹരിക്കോട്ടയില്‍ ഇക്കുറിയും ഓണസദ്യ ഒരുക്കും. അവരും ഓണം ആഘോഷിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular