Wednesday, May 8, 2024
HomeGulfനിക്ഷേപം ലക്ഷ്യമിട്ട് 35 പുതിയ പദ്ധതികള്‍

നിക്ഷേപം ലക്ഷ്യമിട്ട് 35 പുതിയ പദ്ധതികള്‍

സ്കത്ത്: ഗതാഗതം, ലോജിസ്റ്റിക്‌സ്, കമ്യൂണിക്കേഷൻസ്, ഇൻഫര്‍മേഷൻ ടെക്‌നോളജി എന്നിവയില്‍ നിക്ഷേപം ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ 35 പുതിയ പദ്ധതികള്‍ നടപ്പാക്കുന്നുണ്ടെന്ന് ഗതാഗത, വാര്‍ത്താവിനിമയ, വിവര സാങ്കേതിക മന്ത്രാലയം അറിയിച്ചു.

ഒമാൻ വിഷൻ 2040ന്റെ മുൻഗണനകളുമായി നേരിട്ട് ബന്ധപ്പെട്ട പദ്ധതികളാണ് നടപ്പാക്കുന്നതെന്ന് മന്ത്രാലയത്തിലെ ആസൂത്രണ വിഭാഗം ഡയറക്ടര്‍ ജനറല്‍ ഡോ. സെയ്ഫ് ബിൻ സയീദ് അല്‍ സനാനി പറഞ്ഞു.

ഗതാഗത മേഖലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് സ്വകാര്യ മേഖലയുമായി സഹകരിച്ച്‌ വിവിധ പദ്ധതികള്‍ നടപ്പാക്കിവരുകയാണ്. ബദല്‍ റോഡുകള്‍, പ്രത്യേക തുറമുഖങ്ങള്‍, നിലവിലെ തുറമുഖങ്ങളായ ഖസബ്, ഷിനാസ്, അല്‍ സുവൈഖ്, ദല്‍ഖൂത് എന്നിവയുടെ പരിഷ്കരണം തുടങ്ങിയവ പദ്ധതികളില്‍ ഉള്‍പ്പെടും. ആഡംബരക്കപ്പലുകള്‍, ടഗ് ബോട്ടുകള്‍, വാട്ടര്‍ ടാക്‌സികള്‍ എന്നിവക്കായി ബെര്‍ത്തിങ് ഏരിയകള്‍ വികസിപ്പിക്കാനും ലക്ഷ്യമിടുന്നതായി മന്ത്രാലയം ചൂണ്ടിക്കാണിച്ചു.

വിവിധ പ്രോജക്ടുകളുടെ വളര്‍ച്ച വിലയിരുത്തുന്നതിനായി മന്ത്രാലയം ഏകീകൃത നിരീക്ഷണ സംവിധാനം വികസിപ്പിച്ചിട്ടുണ്ടെന്നും ഡോ. അല്‍ സനാനി പറഞ്ഞു. നിലവിലെ പഞ്ചവത്സര പദ്ധതിയില്‍ ലോകോത്തര അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് 89.0 കോടി റിയാലിലധികം ചെലവില്‍ നിരവധി റോഡ് പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതിലും ആരംഭിക്കുന്നതിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അല്‍-ബുറൈമി ഗവര്‍ണറേറ്റിലെ ശര്‍ഖിയ എക്‌സ്‌പ്രസ്‌വേ പദ്ധതി, അല്‍-ബാത്തിന എക്‌സ്‌പ്രസ് വേയിലേക്കുള്ള കൂടുതല്‍ കണക്റ്റിവിറ്റി, ആദം-ഹൈമ-തുംറൈത്ത് ഇരട്ടപ്പാത, അല്‍ അബൈല-അല്‍ ഫയാദ് റോഡ് എന്നിവക്കായി ടെൻഡറുകള്‍ നല്‍കിയതായി അദ്ദേഹം പറഞ്ഞു. കൂടാതെ ദോഫാര്‍ ഗവര്‍ണറേറ്റിലെ റസൂത്ത്-അല്‍-മുഗ്സൈല്‍ റോഡിന്റെ ഇരട്ടിപ്പിനുള്ള ടെൻഡറും നല്‍കിക്കഴിഞ്ഞു. റുസായില്‍-ബിദ്ബിദ് റോഡ് വികസന പദ്ധതിയുടെ നിര്‍മാണം 70 ശതമാനത്തിലെത്തിയിട്ടുണ്ടെന്നും അടുത്ത വര്‍ഷം ആദ്യ പാദത്തോടെ ഇത് പൂര്‍ത്തീകരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുസന്ദം ഗവര്‍ണറേറ്റിലെ ദിബ്ബ-കസബ് പാതയുടെ നിര്‍മാണത്തിനുള്ള ടെൻഡര്‍ ലഭിച്ചതായും ഈ വര്‍ഷം അവസാനത്തോടെ ഇത് നടപ്പാക്കാൻ തുടങ്ങുമെന്നും അല്‍ സനാനി കൂട്ടിച്ചേര്‍ത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular