Wednesday, May 8, 2024
HomeKeralaഇന്ന് ലോക നാളികേര ദിനം;'തെങ്ങ് ചതിക്കില്ല, കൃഷിരീതികള്‍ മാറണം'

ഇന്ന് ലോക നാളികേര ദിനം;’തെങ്ങ് ചതിക്കില്ല, കൃഷിരീതികള്‍ മാറണം’

ഗുരുവായൂര്‍: തെങ്ങ് ചതിക്കില്ലെന്ന പഴമൊഴിയില്‍ കേര കര്‍ഷകര്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടിട്ട് കാലമേറെയായി. തെങ്ങിന്‍ പറമ്ബിന്റെ വലുപ്പവും തെങ്ങുകളുടെ എണ്ണവുമൊക്കെ സമ്ബത്തിന്റെ അളവുകോലായിരുന്ന ഒരു കാലമുണ്ടായിരുന്നു.

അതെല്ലാം പലര്‍ക്കും ഗൃഹാതുരമായ ഓര്‍മകള്‍ മാത്രമായെങ്കിലും ‘തെങ്ങ് ചതിക്കില്ലെ’ന്ന് ഉറപ്പിച്ച്‌ പറയുകയാണ് തൊഴിയൂരിലെ യുവ കര്‍ഷകനായ മുഹമ്മദ് നൗഫല്‍. തെങ്ങിന്‍പറമ്ബില്‍ തെങ്ങുമാത്രം എന്ന പരമ്ബരാഗത രീതി മാറണമെന്നാണ് നൗഫലിന്റെ അഭിപ്രായം.

ആറര ഏക്കറോളം സ്ഥലത്ത് തെങ്ങ് കൃഷി ലാഭകരമാക്കിയ അനുഭവത്തിന്റെ വെളിച്ചത്തില്‍ നൗഫല്‍ ഇത് പറയുമ്ബോള്‍ കൃഷിയില്‍ ഭര്‍ത്താവിനൊപ്പം പങ്കാളിയായ തെസ്‌നിയും ഇത് ശരിവെക്കുന്നു. നൗഫല്‍ ഇടവിള കൃഷികള്‍ പരീക്ഷിച്ച തെങ്ങിന്‍തോട്ടത്തില്‍ താഴെവീണ് പെറുക്കിക്കൂട്ടുന്ന നാളികേരം മാത്രം 7000ത്തോളം എണ്ണം വരും. കൂവ, കൊള്ളി, ഇഞ്ചി, മഞ്ഞള്‍, പച്ചക്കറികള്‍ എന്നിങ്ങനെ പലവിധ ഇടവിളകളാണ് നൗഫല്‍ തെങ്ങിന്‍തോപ്പില്‍ കൃഷി ചെയ്യുന്നത്.

ചെറുധാന്യങ്ങളുടെ വര്‍ഷം പ്രമാണിച്ച്‌ റാഗിയും വിളയിക്കുന്നുണ്ട്. ഇടവിളകളെ പരിരക്ഷിച്ചാല്‍ മതിയെന്നും തെങ്ങിനായി വേറെ ഒന്നും ചെയ്യേണ്ടെന്നും നൗഫല്‍ പറഞ്ഞു. മഴയെ ആശ്രയിച്ചുമാത്രമാണ് ഇടവിളകള്‍ ഇറക്കുന്നത്. പ്രത്യേക ജലസേചനമൊന്നും നടത്തുന്നില്ല. തീര്‍ത്തും ജൈവ വളങ്ങള്‍ മാത്രമേ ഉപയോഗിക്കുന്നുള്ളൂ. വിജയഗാഥ കണ്ടറിഞ്ഞ തൊട്ടടുത്തുള്ള ഒരു ഭൂവുടമ തന്റെ രണ്ടേക്കര്‍ സ്ഥലത്ത് കൃഷി ചെയ്യാന്‍ അഭ്യര്‍ഥിച്ചിട്ടുണ്ടെന്ന് നൗഫല്‍ പറഞ്ഞു.

ഇടവിളകള്‍ക്ക് ലഭിക്കുന്ന ബോണസാണ് കേര സമൃദ്ധി. തെങ്ങിന്‍പറമ്ബുകളെ ആശ്രയിക്കുന്ന സമ്ബദ്‌വ്യവസ്ഥയുണ്ടായിരുന്ന തീരമേഖലക്ക് തന്റെ മാതൃക പരീക്ഷിക്കാവുന്നതാണെന്ന് ഈ യുവകര്‍ഷകന്‍ പറയുന്നു. 2015ലാണ് കാര്‍ഷിക മേഖലയിലേക്ക് നൗഫല്‍ കടക്കുന്നത്. നല്ല രീതിയില്‍ നടന്നുവരുന്ന കാറ്ററിങ്ങിനൊപ്പമാണ് കൃഷിയിലും പരീക്ഷണങ്ങള്‍ നടത്തുന്നത്. തങ്ങളുടെ ഇടവിളകള്‍ക്ക് വിപണി കണ്ടെത്താനും നൗഫല്‍- തെസ്‌നി ദമ്ബതികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. തൊഴിയൂരിലുള്ള ഇവരുടെ സ്ഥാപനത്തില്‍ 60ഓളം വിവിധ ജൈവ ഉല്‍പന്നങ്ങളുണ്ട്. തീര്‍ത്തും ജൈവരീതികളില്‍ ഉല്‍പാദിപ്പിക്കുന്ന ഭക്ഷ്യപദാര്‍ഥങ്ങളും സൗന്ദര്യവര്‍ധക വസ്തുക്കളുമൊക്കെ ഇവിടെയുണ്ട്. കുട്ടാടന്‍ പാടത്ത് ഇവരുടെ നേതൃത്വത്തില്‍ നെല്‍കൃഷിയും നടന്നുവരുന്നുണ്ട്. ”നിങ്ങള്‍ കൃഷി ചെയ്യുക, കൃഷിയില്‍ ഐശ്വര്യമുണ്ട്” എന്ന നബിവചനം നൗഫലിന്റെ കൃഷിയിടത്തില്‍ പലയിടത്തും രേഖപ്പെടുത്തിയിട്ടുണ്ട്. കൃഷിയെന്നത് ഒരു ദൈവിക ദൗത്യം കൂടിയാണെന്നാണ് ഈ ദമ്ബതികളുടെ അഭിപ്രായം. മികച്ച കര്‍ഷകനുള്ള ഗുരുവായൂര്‍ നഗരസഭയുടെ പുരസ്കാരം കഴിഞ്ഞ വര്‍ഷം നൗഫലും ഈ വര്‍ഷം തെസ്‌നിയും നേടിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular