Saturday, May 4, 2024
HomeKeralaസമാധാന നൊബേല്‍ ആക്ടിവിസ്റ്റ് നര്‍ഗീസ് മൊഹമ്മദിക്ക്

സമാധാന നൊബേല്‍ ആക്ടിവിസ്റ്റ് നര്‍ഗീസ് മൊഹമ്മദിക്ക്

സ്‌ലോ: അടിച്ചമര്‍ത്തല്‍ നേരിടുന്ന സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടി അക്ഷീണ പോരാട്ടം നടത്തുന്ന ഇറേനിയൻ ആക്ടിവിസ്റ്റ് നര്‍ഗീസ് മൊഹമ്മദിക്ക് ഈ വര്‍ഷത്തെ സമാധാന നൊബേല്‍ പുരസ്കാരം.
അന്പത്തിയൊന്നുകാരിയായ നര്‍ഗീസ് നിരവധി തവണ അറസ്റ്റിലാകുകയും ജയിലിലടയ്ക്കപ്പെടുകയും ചെയ്തിട്ടുണ്ട്. നൊബേല്‍ പുരസ്കാരത്തിന് അര്‍ഹയായ വേളയിലും നര്‍ഗീസ് ജയിലിലാണ്. ജനാധിപത്യത്തിനുവേണ്ടിയും ഇറാനിലെ വധശിക്ഷയ്ക്കെതിരേയും നര്‍ഗീസ് നിരന്തരം പ്രവര്‍ത്തിച്ചുവരുക യാണ്.

ഇറാനിലെ സ്ത്രീകള്‍ നേരിടുന്ന അടിച്ചമര്‍ത്തലിനെതിരേയും എല്ലാവര്‍ക്കും മനുഷ്യാവകാശവും സ്വാതന്ത്ര്യവും ഉറപ്പാക്കുന്നതിനുവേണ്ടിയും നര്‍ഗീസ് നടത്തിയ പോരാട്ടത്തിനാണു പുരസ്കാരമെന്നു നൊബേല്‍ പുരസ്കാര സമിതി അറിയിച്ചു.

സമാധാന നൊബേല്‍ ലഭിക്കുന്ന 19-ാമത്തെ വനിതയും രണ്ടാമത്തെ ഇറേനിയൻ വനിതയുമാണ് എൻജിനിയറായ നര്‍ഗീസ് മൊഹമ്മദി. മനുഷ്യാവകാശ പ്രവര്‍ത്തക ഷിറിൻ ഇബാദിയാണ് സമാധാന നൊബേല്‍ (2003) നേടിയ ആദ്യ ഇറേനിയൻ വനിത.

നൊബേല്‍ സമ്മാനത്തിന്‍റെ 122 വര്‍ഷത്തെ ചരിത്രത്തില്‍ അഞ്ചാം തവണയാണു ജയിലിലടയ്ക്കപ്പെട്ടയാള്‍ക്കു പുരസ്കാരം ലഭിക്കുന്നത്. 2018ല്‍ നര്‍ഗീസിന് ആന്ദ്രേ സഖറോവ് പുരസ്കാരവും ഈ വര്‍ഷം പെൻ അമേരിക്കയുടെ പെൻ/ബാര്‍ബി ഫ്രീഡം ടു റൈറ്റ് പുരസ്കാരവും ലഭിച്ചിരുന്നു.

ഇറാൻ ഭരണകൂടം നര്‍ഗീസിനെ 13 തവണ ജയിലിലടച്ചു; അഞ്ചു തവണ കുറ്റക്കാരിയെന്നു കണ്ടെത്തി. 31 വര്‍ഷത്തേക്കാണു നര്‍ഗീസിനെ ശിക്ഷിച്ചത്. ടെഹ്റാനിലെ കുപ്രസിദ്ധമായ എവിൻ ജയിലിലാണു നര്‍ഗീസ് മൊഹമ്മദിയെ പാര്‍പ്പിച്ചിരിക്കുന്നത്.

രാഷ്‌ട്രീയത്തടവുകാരെയും പാശ്ചാത്യബന്ധമുള്ളവരെയും അടച്ചിരിക്കുന്ന ജയിലാണിത്. നര്‍ഗീസ് മൊഹമ്മദിയെ മോചിപ്പിക്കണമെന്നു നൊബേല്‍ കമ്മിറ്റി ഇറാനോട് ആവശ്യപ്പെട്ടു. ഡിസംബര്‍ പത്തിനാണു പുരസ്കാരം സമ്മാനിക്കുക.

ശിരോവസ്ത്രം ധരിച്ചില്ലെന്ന പേരില്‍ മഹ്സ അമിനി എന്ന പെണ്‍കുട്ടി കഴിഞ്ഞവര്‍ഷം ഇറേനി യൻ പോലീസിന്‍റെ കസ്റ്റഡിയില്‍ കൊല്ലപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് ഇറാനില്‍ ആയിരക്കണക്കിനു സ്ത്രീകളാണ് തെരുവിലിറങ്ങി പ്രതിഷേധിച്ചത്.

സംഘര്‍ഷങ്ങളില്‍ അഞ്ഞൂറിലേറെ പേര്‍ കൊല്ലപ്പെട്ടു. നിരവധി പേരെ വധശിക്ഷയ്ക്കു വിധേയരാക്കി. ഇറാനിലെ സമാനതകളില്ലാത്ത പോരാട്ടം മനുഷ്യാവകാശപ്രവര്‍ത്തകര്‍ നടത്തുന്നതിനിടെയാണു സമാധാന നൊബേല്‍ പുരസ്കാരം നര്‍ഗീസിനെ തേടിയെത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular