Thursday, May 2, 2024
HomeIndiaവെള്ളം നിറഞ്ഞ് റോഡുകള്‍; അതിവേഗം ശുചിയാക്കി മുനിസിപ്പാലിറ്റി

വെള്ളം നിറഞ്ഞ് റോഡുകള്‍; അതിവേഗം ശുചിയാക്കി മുനിസിപ്പാലിറ്റി

ദുബൈ: കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍ വെള്ളം നിറഞ്ഞ റോഡുകളും ഓവുചാലുകളും ദ്രുതഗതിയില്‍ ശുചിയാക്കി ദുബൈ മുനിസിപ്പാലിറ്റി.

അത്യാധുനിക സംവിധാനങ്ങളുടെ സഹായത്തോടെ അതിവേഗത്തിലാണ് മഴവെള്ളത്തെ വലിച്ചെടുത്ത് റോഡുകള്‍ മുനിസിപ്പാലിറ്റി ജീവനക്കാര്‍ ഗതാഗത യോഗ്യമാക്കിയത്.

രാത്രിയിലും മഴ തുടര്‍ന്നതോടെ ഒട്ടുമിക്ക പ്രധാന റോഡുകളിലും മഴവെള്ളം കെട്ടിക്കിടന്നതിനാല്‍ ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നു. ചില റോഡുകള്‍ അധികൃതര്‍ അടിച്ചിട്ട് ഗതാഗതം വഴിതിരിച്ചു വിടേണ്ടി വന്നു. തുടര്‍ന്ന് പ്രത്യേക ടീമിനെ സജ്ജമാക്കി ശുചീകരണ പ്രവൃത്തി മുനിസിപ്പാലിറ്റി വേഗത്തിലാക്കുകയായിരുന്നു. രാവിലെയോടെ ഏതാണ്ട് മുഴുവൻ ഇടത്തേയും വെള്ളക്കെട്ടുകളില്‍നിന്ന് വെള്ളം വലിച്ചെടുത്ത് വൃത്തിയാക്കാൻ മുനിസിപ്പാലിറ്റി കഴിഞ്ഞു. മഴവെള്ളവും മലിനജലവും ഒഴുകിപ്പോകാനായി 40 ലക്ഷം മീറ്റര്‍ നീളത്തില്‍ വ്യാപിച്ചുകിടക്കുന്ന ഓവുചാല്‍ സംവിധാനമാണ് ദുബൈക്കുള്ളത്. 72,000ത്തിലധികം മഴവെള്ള ഡ്രയ്നേജുകളുമായും 35,000 പരിശോധനമുറികളുമായും ഇവയെ ബന്ധിപ്പിച്ചിരിക്കുകയാണ്.

ഇതെല്ലാം 38 മികച്ച സംവിധാനങ്ങളോടുകൂടിയ എക്സിറ്റുകള്‍ വഴി ജലാശയങ്ങളില്‍ എത്തിച്ചേരുകയാണ് ചെയ്യുക. ഇതിനായി 59 ലിഫ്റ്റിങ് ആൻഡ് പമ്ബിങ് സ്റ്റേഷനുകളും ദുബൈ മുനിസിപ്പാലിറ്റി സജ്ജമാക്കിയിട്ടുണ്ട്.

എൻജിനീയര്‍മാര്‍, സാങ്കേതിക വിദഗ്ധര്‍ എന്നിവര്‍ അടങ്ങിയ 484 ഉദ്യോഗസ്ഥര്‍, 1150 ജീവനക്കാര്‍ എന്നിവരടങ്ങുന്ന ദ്രുതപ്രതികരണ ടീം 279 കാളുകളാണ് 24 മണിക്കൂറിനുള്ളില്‍ കൈകാര്യം ചെയ്തത്.

ജീവനക്കാരെ കൂടാതെ ലൈൻ ശുചീകരിക്കാനായി 15 ഉപകരണങ്ങള്‍, ഏഴു ട്രക്കുകള്‍, ക്രെയ്നുകള്‍, വെള്ളം കൊണ്ടുപോകാനായി 49 ടാങ്കുകള്‍, 87 പമ്ബുകള്‍, 74 പോര്‍ട്ടബ്ള്‍ പമ്ബുകള്‍, 63 വാഹനങ്ങള്‍, 60ലധികം പിക്കപ്പുകള്‍, കൂടാതെ 31 മറ്റ് വാഹനങ്ങള്‍ എന്നിവ അടങ്ങിയ പ്രത്യേക സംവിധാനങ്ങളും ദുബൈ മുനിസിപ്പാലിറ്റി സജ്ജമാക്കിയിരുന്നു.

ദേരയിലും ബര്‍ദുബൈയിലുമുടനീളം 20 വാട്ടര്‍ പമ്ബുകളാണ് വ്യാപിച്ചുകിടക്കുന്നത്. റോഡുകളില്‍ വെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി പലയിടങ്ങളിലും ബദല്‍ റോഡുകള്‍ ഉപയോഗിക്കാൻ പൊലീസ് പ്രത്യേക മുന്നറിയിപ്പ് നല്‍കിയിരുന്നു. ദുബൈ വിമാനത്താവളത്തില്‍ നിന്നുള്ളവര്‍ റോഡു മാര്‍ഗം വരുന്നതിന് പകരം മെട്രോ ഉപയോഗിക്കാനും പൊലീസ് നിര്‍ദേശിച്ചിരുന്നു.

റോഡ് ഗതാഗത അതോറിറ്റി, ദുബൈ പൊലീസ്, ദുബൈ മുനിസിപ്പാലിറ്റി, നകീല്‍ എന്നിവയുടെ സംയുക്തമായ പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് രാത്രിയോടെ തന്നെ വെള്ളക്കെട്ടുകള്‍ പരിഹരിച്ച്‌ ഗതാഗതം സുഖമമാക്കാനായത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular