Thursday, May 2, 2024
HomeIndiaമഴയില്‍ മെഡല്‍പ്പിറവി

മഴയില്‍ മെഡല്‍പ്പിറവി

ബാംബൊലിം (ഗോവ): ഏഷ്യൻ ഗെയിംസ് മേല്‍വിലാസവുമായെത്തിയ ആൻസി സോജൻ കേരളത്തിന്റെ പ്രതീക്ഷകള്‍ തെറ്റിച്ചില്ല. ദേശീയ ഗെയിംസ് വനിത ലോങ് ജംപില്‍ ആൻസിയുടെ സുവര്‍ണചാട്ടം.

മലയാളി താരങ്ങള്‍ തമ്മില്‍ കനത്ത പോരാട്ടം നടന്ന മത്സരത്തില്‍ കേരളത്തിന്റെതന്നെ നയന ജെയിംസിനെ രണ്ടാമതാക്കിയാണ് എഷ്യാഡ് വെള്ളിനേട്ടക്കാരിയായ ആൻസി ജേത്രിയായത്. 4×100 മീറ്റര്‍ റിലേയില്‍ വനിതകളും തായ്ക്വോണ്ടോയില്‍ ലയ ഫാത്തിമയും വെള്ളിയിലെത്തി. ഒപ്പം നാലു വെങ്കലവും കേരളത്തിന് തിങ്കളാഴ്ച സ്വന്തം. ഇതോടെ മൊത്തം കേരളത്തിന് 26 മെഡലുകളായി. ആറ് സ്വര്‍ണവും 12 വെള്ളിയും എട്ട് വെങ്കലവുമാണ് ഒമ്ബതാം സ്ഥാനത്തുള്ള കേരളത്തിന്റെ അക്കൗണ്ടിലുള്ളത്.

ഒരുമണിക്കൂറോളം നീണ്ട മഴക്കുശേഷം നടന്ന മത്സരത്തില്‍ 6.53 മീറ്റര്‍ മറികടന്നാണ് ആൻസിയുടെ സ്വര്‍ണം. നിലവിലെ ചാമ്ബ്യനായ നയന ജെയിംസ് 6.52 മീറ്റര്‍ ചാ‍ടിയാണ് വെള്ളി നേ‍ടിയത്. വനിത റിലേയില്‍ 46.02 സെക്കൻഡിലാണ് വി. നേഹ, പി.ഡി. അഞ്ജലി, രമ്യ രാജന്‍, എ.പി. ഷില്‍ബി എന്നിവരടങ്ങിയ ടീം രണ്ടാമതെത്തിയത്. സുവര്‍ണ പ്രതീക്ഷയോടെയാണ് ട്രാക്കിലിറങ്ങിയതെങ്കിലും മിന്നുംതാരം ജ്യോതി യാരാജിയുടെ നേതൃത്വത്തിലിറങ്ങിയ ആന്ധ്രയെ (45.61) മറികടക്കാനായില്ല. കര്‍ണാടക വെങ്കലവും (46.22) നേടി.

മഴയില്‍ കുതിര്‍ന്ന ട്രാക്കില്‍ നടന്ന 4X100 മീ. പുരുഷ റിലേയില്‍ കേരളം (40.14) വെങ്കലത്തിലൊതുങ്ങി. ഡി. ബിബിന്‍, സി.വി. അനുരാഗ്, മുഹമ്മദ് ഷാന്‍, ടി. മിഥുൻ എന്നിവരാണ് കേരളത്തിനായി ബാറ്റണ്‍ പിടിച്ചത്. ഡെക്കാത്തലണില്‍ എൻ. തൗഫിഖും (6755) വെങ്കലമെത്തിച്ചു. തുടര്‍ച്ചയായ മൂന്നാം ദിവസവും നീന്തല്‍കുളത്തില്‍നിന്ന് മെഡല്‍ മുങ്ങിയെടുത്ത സജൻ പ്രകാശിന്റേതാണ് മറ്റൊരു വെങ്കലം. തിങ്കളാഴ്ച 400 മീറ്റര്‍ വ്യക്തിഗത മെഡ്‌ലിയില്‍ വെങ്കലമാണ് (നാല് മിനിറ്റ് 32.18) സ്വന്തമാക്കിയത്. ബീച്ച്‌ ഫുട്ബാളില്‍ ഫൈനലില്‍ കടന്ന കേരളം ഒരു മെഡല്‍കൂടി ഉറപ്പായി.

പുരുഷന്മാരുടെ വാട്ടര്‍ പോളോയില്‍ കര്‍ണാടകയെ കേരളം പരാജയപ്പെടുത്തി (18- 2). അത്‍ലറ്റിക്സ് മത്സരങ്ങള്‍ക്കിടെ വൈകീട്ട് ഏഴോടെയാണ് അപ്രതീക്ഷിതമായി മഴയെത്തിയത്. വനിതകളുടെ 4X100 മീറ്റര്‍ റിലേ പൂര്‍ത്തിയാതിനു പിന്നാലെ കനത്ത മഴ ചെയ്തതോടെ മത്സരങ്ങള്‍ നിര്‍ത്തിവെച്ചു. പിന്നീട് ഒന്നര മണിക്കൂറിനുശേഷമാണ് മത്സരങ്ങള്‍ പുനരാരംഭിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular