Tuesday, May 21, 2024
HomeKeralaഎഴുത്തുകാരി പി വത്സല അന്തരിച്ചു

എഴുത്തുകാരി പി വത്സല അന്തരിച്ചു

കോഴിക്കോട്: എഴുത്തുകാരി പി വത്സല അന്തരിച്ചു. 84 വയസ്സായിരുന്നു. കോഴിക്കോട് മുക്കം കെ.എം.സി.ടി. മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞ രാത്രി 11 മണിയോടെയായിരുന്നു അന്ത്യം.

സാഹിത്യകാരി എന്നതിന് പുറമേ അധ്യാപിക, സാമൂഹിക പ്രവര്‍ത്തക എന്നീ നിലകളിലും ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ച്ചവെച്ച വ്യക്തിത്വമായിരുന്നു പി വത്സലയുടേത്. സംസ്കാരം പിന്നീട്.

1960-കള്‍മുതല്‍ മലയാള സാഹിത്യരംഗത്ത് സജീവമായിരുന്നു പി വത്സല. തിരുനെല്ലിയുടെ കഥാകാരിയെന്നായിരുന്നു വത്സല അറിയപ്പെട്ടിരുന്നത്. മുഖ്യധാരയില്‍നിന്ന് അകന്നുനില്‍ക്കുകയോ അകറ്റപ്പെടുകയോ ചെയ്ത ഒരു സമൂഹത്തെ തന്റെ എഴുത്തുകളിലൂടെ പുറംലോകത്തിന് മുന്നില്‍ അനാവരണം ചെയ്യാൻ വത്സല എന്നും ശ്രമിച്ചിരുന്നു. കേരള സാഹിത്യ അക്കാദമി മുൻ അധ്യക്ഷയാണ്. നോവലിനും സമഗ്രസംഭാവനയ്ക്കുമുള്ള അക്കാദമി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. അക്കാദമിയുടെ വിശിഷ്ടാംഗത്വവും ലഭിച്ചിട്ടുണ്ട്.

കാനങ്ങോട്ട് ചന്തുവിന്റെയും എലിപ്പറമ്ബത്ത് പത്മാവതിയുടെയും മകളായി 1939 ഓഗസ്റ്റ് 28ന് കോഴിക്കോട് വെള്ളിമാടുകുന്നില്‍ ജനിച്ചു. ഹൈസ്കൂള്‍ പഠനകാലത്ത് വാരികകളില്‍ കഥയും കവിതയും എഴുതിത്തുടങ്ങി. അധ്യാപികയായി ജോലി ചെയ്തിരുന്ന പി.വല്‍സല 1993ല്‍ കോഴിക്കോട് ഗവണ്‍മെന്റ് ട്രെയിനിങ് കോളജ് പ്രധാനാധ്യാപികയായി വിരമിച്ചു. ഇരുപതോളം നോവലുകളും മുന്നൂറിലേറെ ചെറുകഥകളും ബാലസാഹിത്യകൃതികളും ജീവചരിത്ര ഗ്രന്ഥങ്ങളും യാത്രാവിവരണങ്ങളും എഴുതിയിട്ടുണ്ട്.

വയനാട്ടിലെ ആദിവാസികളുടെ ജീവിതത്തെ മുൻനിര്‍ത്തി രചിച്ച ‘നെല്ല്’ എന്ന നോവലിലൂടെയാണു ശ്രദ്ധേയയായത്. ‘തകര്‍ച്ച’ ആണ് ആദ്യ നോവല്‍. ആഗ്നേയം, നിഴലുറങ്ങുന്ന വഴികള്‍, അരക്കില്ലം, വേനല്‍, കനല്‍, പാളയം, കൂമൻകൊല്ലി, ആരും മരിക്കുന്നില്ല, ഗൗതമൻ, ചാവേര്‍, റോസ്മേരിയുടെ ആകാശങ്ങള്‍, വിലാപം, ആദിജലം, മേല്‍പ്പാലം, ഗായത്രി എന്നിവ നോവലുകളാണ്. നെല്ല് ഹിന്ദിയിലേക്കും ആഗ്നേയം ഇംഗ്ലിഷ്, കന്നഡ ഭാഷകളിലേക്കും പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

തിരക്കില്‍ അല്‍പം സ്‌ഥലം, പഴയ പുതിയ നഗരം, ആനവേട്ടക്കാരൻ, അന്നാമേരിയെ നേരിടാൻ, കറുത്ത മഴ പെയ്യുന്ന താഴ്‌വര, ചാമുണ്ഡിക്കുഴി, പേമ്ബി, ഉണിക്കോരൻ ചതോപാധ്യായ, എന്നിവ ചെറുകഥാസമാഹാരങ്ങളാണ്. വേറിട്ടൊരു അമേരിക്ക, ഗാലറി എന്നിവ യാത്രാവിവരണങ്ങള്‍. മരച്ചുവട്ടിലെ വെയില്‍ച്ചീളുകള്‍ (അനുഭവങ്ങള്‍), പുലിക്കുട്ടൻ, ഉഷറാണി, അമ്മുത്തമ്മ (ബാലസാഹിത്യം) തുടങ്ങിയവയാണ് മറ്റു പുസ്തകങ്ങള്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular