Monday, May 6, 2024
HomeIndiaഡി. രൂപക്കെതിരെ രോഹിണി സിന്ധൂരി നല്‍കിയ മാനനഷ്ടക്കേസിന് ഇടക്കാല സ്റ്റേ

ഡി. രൂപക്കെതിരെ രോഹിണി സിന്ധൂരി നല്‍കിയ മാനനഷ്ടക്കേസിന് ഇടക്കാല സ്റ്റേ

ന്യൂഡല്‍ഹി: കര്‍ണാടകയിലെ ഐ.പി.എസ് ഉദ്യോഗസ്ഥ ഡി. രൂപക്കെതിരെ ഐ.എ.എസ് ഉദ്യോഗസ്ഥ രോഹിണി സിന്ദൂരി നല്‍കിയ മാനനഷ്ടക്കേസ് സുപ്രീംകോടതി സ്റ്റേ ചെയ്തു.

കേസ് റദ്ദാക്കണമെന്ന് കാണിച്ച്‌ ഡി. രൂപ നല്‍കിയ ഹരജി പരിഗണിച്ച്‌ ജസ്റ്റിസുമാരായ അഭയ് എസ്. ഓഖ, പങ്കജ് മിത്തല്‍ എന്നിവരടങ്ങിയ ബെഞ്ചാണ് തുടര്‍നടപടികള്‍ ഇടക്കാല ഉത്തരവിലൂടെ സ്റ്റേ ചെയ്തത്.

ഇരുവരും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാൻ ശ്രമങ്ങള്‍ നടത്തുന്നതിനാല്‍ ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കരുതെന്നും സമൂഹമാധ്യമങ്ങളിലൂടെയോ മറ്റോ കൂടുതല്‍ പ്രതികരണങ്ങള്‍ നടത്തരുതെന്നും കോടതി നിര്‍ദേശിച്ചു. കേസ് വീണ്ടും ജനുവരി 12ന് പരിഗണിക്കും.

രോഹിണി സിന്ദൂരിക്കെതിരെ ഡി. രൂപ സമൂഹമാധ്യമങ്ങളിലിട്ട പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്യാൻ കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ കോടതി വാക്കാല്‍ നിര്‍ദേശിച്ചിരുന്നു. ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥര്‍ ഇങ്ങനെ തമ്മിലടിച്ചാല്‍ ഔദ്യോഗിക നടപടികള്‍ എങ്ങനെ മുന്നോട്ട് പോകുമെന്ന് കോടതി ചോദിച്ചിരുന്നു.

ഈ വര്‍ഷമാദ്യമാണ് കര്‍ണാടകയിലെ രണ്ട് ഉന്നതോദ്യോഗസ്ഥരും തമ്മില്‍ രൂക്ഷമായ പോര് തുടങ്ങിയത്. കര്‍ണാടക ദേവസ്വം കമീഷണറായിരുന്നു രോഹിണി സിന്ദൂരി. കരകൗശല വികസന കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടറായിരുന്നു ഡി. രൂപ. പരസ്പരം ആരോപണമുന്നയിച്ച്‌ നടത്തിയ പോരിനൊടുവില്‍ ഇരുവരെയും സ്ഥലംമാറ്റിയിരുന്നു. പിന്നീട്, രോഹിണി സിന്ദൂരിയെ കര്‍ണാടക ഗസറ്റീര്‍ ഡിപ്പാര്‍ട്മെന്‍റിന്‍റെ ചീഫ് എഡിറ്ററായും ഡി. രൂപയെ ഇന്‍റേണല്‍ സെക്യൂരിറ്റി വകുപ്പില്‍ ഐ.ജിയായും പുനര്‍നിയമിച്ചിരുന്നു.

ഇരുവരും തമ്മിലുള്ള വിദ്വേഷമാണ് പരസ്യമായ ആരോപണങ്ങളിലേക്ക് നയിച്ചത്. രോഹിണി സിന്ദൂരിയുടെ ഏതാനും സ്വകാര്യ ചിത്രങ്ങള്‍ രൂപ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടിരുന്നു. പുരുഷ ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്ക് വാട്സ് ആപ്പിലൂടെ അയച്ചുകൊടുത്ത ഫോട്ടോകളാണെന്ന് പറഞ്ഞാണ് രൂപ ഇവ പങ്കുവെച്ചത്. ചിത്രങ്ങള്‍ മറ്റു പല കാര്യങ്ങളും തുറന്നുകാട്ടുന്നുണ്ട് എന്ന അടിക്കുറിപ്പോടെയായിരുന്നു പോസ്റ്റ്. രോഹിണി അഴിമതിക്കാരിയാണെന്നതടക്കം നിരവധി ആരോപണങ്ങളാണ് ഡി. രൂപ ഫേസ്ബുക്കിലൂടെയും മറ്റും ഉന്നയിച്ചത്.

എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും താൻ സമൂഹമാധ്യമങ്ങളിലും വാട്സ് ആപ്പ് സ്റ്റാറ്റസായും പങ്കുവെച്ച ചിത്രങ്ങളുടെ സ്ക്രീൻഷോട്ടാണ് രൂപ ഇപ്പോള്‍ പ്രചരിപ്പിക്കുന്നതെന്നും ആര്‍ക്കാണ് ചിത്രങ്ങള്‍ അയച്ചുകൊടുത്തത് എന്ന കാര്യം പരസ്യമാക്കണമെന്നും രോഹിണി പ്രതികരിച്ചു. തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്ന രൂപക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കിയിരുന്നു. ഇരുവരും ആരോപണ പ്രത്യാരോപണങ്ങള്‍ തുടരുകയും ചെയ്തു.

തുടര്‍ന്ന് രോഹിണി സിന്ദൂരി മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. താൻ നേരിട്ട അപമാനത്തിനും മാനസിക പ്രയാസത്തിനും നഷ്ടപരിഹാരമായി ഡി. രൂപ ഒരു കോടി രൂപ നല്‍കണമെന്നും നിരുപാധികമായി മാപ്പ് എഴുതി നല്‍കണമെന്നുമായിരുന്നു ആവശ്യം. ഈ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഡി. രൂപ നല്‍കിയ ഹരജിയിലാണ് സുപ്രീംകോടതി തുടര്‍നടപടികള്‍ ഇടക്കാലത്തേക്ക് സ്റ്റേ ചെയ്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular