Thursday, May 9, 2024
HomeKeralaമുല്ലപ്പെരിയാറിലെ ജലനിരപ്പ് നിർണയം പുനഃപരിശോധിക്കണമെന്ന് കേരളം സുപ്രീംകോടതിയിൽ

മുല്ലപ്പെരിയാറിലെ ജലനിരപ്പ് നിർണയം പുനഃപരിശോധിക്കണമെന്ന് കേരളം സുപ്രീംകോടതിയിൽ

ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിലെ (Mullaperiyar Dam) ജലനിരപ്പ്  (Water Level) നിർണയം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം (Kerala) സുപ്രീം കോടതിയിൽ (Supreme Court) സത്യവാങ്ങ്മൂലം (Affidavit) നൽകി. ജലനിരപ്പ് 142 അടിവരെയായി ഉയർത്താം എന്ന് വ്യക്തമാക്കുന്ന റൂൾ കെർവ് (Rule Curve) പുനഃപരിശോധിക്കണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.

മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട ഹർജികൾ വെള്ളിയാഴ്ച പരിഗണിക്കാനിരിക്കെയാണ് കേരളം സുപ്രീം കോടതിയിൽ നിലപാട് വ്യക്തമാക്കിയത്. വർഷത്തിൽ രണ്ട് തവണ ജലനിരപ്പ് 142 അടിയായി ഉയർത്താം എന്ന റൂൾ കെർവ് പുനഃപരിശോധിക്കണമെന്ന് കേരളം ആവശ്യപ്പെട്ടു. തമിഴ്നാട് തയ്യാറാക്കിയ റൂൾ കെർവ് പ്രകാരം നവംബർ 30 ന് അണക്കെട്ടിലെ പരമാവധി ജലനിരപ്പ് 142 അടിയായി ഉയർത്താനാകും. ഇത്  ജല കമ്മീഷൻ അംഗീകരിച്ചിട്ടുമുണ്ട്. നവംബർ 30 ന് അണക്കെട്ടിലെ പരമാവധി ജലനിരപ്പ് 140 അടിയായി നിജപ്പെടുത്താൻ നിർദേശിക്കണമെന്ന് കേരളം സത്യവാങ്ങ് മൂലത്തിൽ ആവശ്യപ്പെടുന്നു.

ശക്തമായ മഴ ഉണ്ടാകുമ്പോൾ ചുരുങ്ങിയ സമയത്തിനുള്ളിൽ  അണക്കെട്ടിലെ  ജലനിരപ്പ് വലിയ തോതിൽ ഉയരും. വീണ്ടും  മഴ ചെയ്താൽ ജലം ഇടുക്കി അണക്കെട്ടിലേക്ക് ഒഴുക്കേണ്ടി വരും. ഇടുക്കി അണക്കെട്ടിലും ആ ഘട്ടത്തിൽ ജലനിരപ്പ് പരമാവധിയാണെങ്കിൽ പ്രതിസന്ധി സൃഷ്ടിക്കുമെന്നും സംസ്ഥാന സർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.

പെരിയാറിലെ മറ്റ് അണക്കെട്ടുകളായ ഇടുക്കി, ഇടമലയാർ, കക്കി എന്നിവയ്ക്കായി കേന്ദ്ര ജല കമ്മീഷൻ തയ്യാറാക്കിയിട്ടുള്ള റൂൾ കെർവ് പ്രകാരം വർഷത്തിൽ ഒരു തവണ മാത്രമാണ് പരമാവധി ജലനിരപ്പിൽ വെള്ളം സംഭരിക്കാൻ അനുവദിച്ചിട്ടുള്ളത്. എന്നാൽ മുല്ലപെരിയാർ അണക്കെട്ടിനായി കേന്ദ്ര ജലകമ്മീഷൻ തയ്യാറാക്കിയ റൂൾ കെർവിൽ വർഷത്തിൽ രണ്ട് തവണ ജലനിരപ്പ് 142 അടിയായി ഉയർത്താൻ അനുവദിച്ചിട്ടുണ്ടെന്നും കേരളം ആരോപിക്കുന്നു.

കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് കേരളത്തിൽ  മഴയിൽ കാര്യമായ മാറ്റം വന്നിട്ടുണ്ട്.  കഴിഞ്ഞ നാല് അഞ്ച് വർഷങ്ങളിൽ സംസ്ഥാനത്തിന് റെക്കോർഡ് മഴയാണ് ലഭിക്കുന്നത്. ഈ സാഹചര്യത്തിൽ ശാശ്വത പരിഹാരം പുതിയ അണകെട്ട് ആണെന്നും കേരളം സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

സുപ്രീം കോടതി നിർദേശിച്ചതിനെ തുടർന്നാണ് സംസ്ഥാന സർക്കാർ നിലപാട് വ്യക്തമാക്കി  സത്യവാങ്മൂലം ഫയൽ ചെയ്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular