Saturday, April 27, 2024
HomeIndiaകാര്‍ഷിക നിയമ പ്രതിസന്ധി: സിംഗു അതിര്‍ത്തിയില്‍ കര്‍ഷകന്‍ ജീവനൊടുക്കിയ നിലയില്‍

കാര്‍ഷിക നിയമ പ്രതിസന്ധി: സിംഗു അതിര്‍ത്തിയില്‍ കര്‍ഷകന്‍ ജീവനൊടുക്കിയ നിലയില്‍

ഗുഡ്ഗാവ്: വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ സമരവേദിയായ സിംഗു അതിര്‍ത്തിയില്‍ കര്‍ഷകനെ മരിച്ചനിലയില്‍ കണ്ടെത്തി. സിംഗു അതിര്‍ത്തിയിലെ മാളിനടുത്തുള്ള മരത്തില്‍ തൂങ്ങിയ നിലയില്‍ ഇന്നു രാവിലെയാണു മൃതദേഹം കണ്ടത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നതെന്നും ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചതായും പൊലീസ് പറഞ്ഞു.

ഫത്തേഗഡ് സാഹിബ് ജില്ലയിലെ റൂര്‍ക്കി ഗ്രാമത്തില്‍നിന്നുള്ള ഗുര്‍പ്രീത് സിങ് (45) ആണ് മരിച്ചതെന്നു പൊലീസ് പറഞ്ഞു. ഭാരതീയ കിസാന്‍ യൂണിയന്‍ (ബികെയു) ഏക്താ സിദ്ധുപുരുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നയാളാണ് ഇദ്ദേഹം.

”പ്രാഥമിക വിവരമനുസരിച്ച് ഇത് ആത്മഹത്യയാണെന്ന് തോന്നുന്നു. അന്വേഷണം ആരംഭിച്ചു,” സോനിപത്തിലെ ക്രമസമാധാന ചുമതലയുള്ള ഡെപ്യൂട്ടി ഡിഎസ്പി വീരേന്ദര്‍ സിങ് പറഞ്ഞു.

രാവിലെ ആറോടെയാണു വിവരം ലഭിച്ചതെന്നും ഗുര്‍പ്രീത് സിങ്ങിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായും ബികെയു ഏക്താ സിദ്ധുപൂര്‍ ഫത്തേഗഡ് സാഹിബ് ജില്ലാ കണ്‍വീനര്‍ ഗുര്‍ജീന്ദര്‍ സിങ് പറഞ്ഞു.

”തന്റെ ഗ്രാമം സന്ദര്‍ശിച്ച അദ്ദേഹം തിങ്കളാഴ്ചയാണു സിംഗു അതിര്‍ത്തിയിലെ സമരകേന്ദ്രത്തില്‍ തിരിച്ചെത്തിയത്. കാര്‍ഷിക നിയമങ്ങള്‍ സംബന്ധിച്ച പ്രതിസന്ധിയിലും ഒരു വര്‍ഷത്തിലേറെയായി കര്‍ഷകര്‍ പ്രതിഷേധിച്ചിട്ടും ആവശ്യങ്ങള്‍ സര്‍ക്കാര്‍ ചെവിക്കൊണ്ടില്ലെന്നതിലും താന്‍ അസ്വസ്ഥനാണെന്നു കഴിഞ്ഞ രണ്ടു ദിവസമായി കര്‍ഷകരുമായുള്ള സംഭാഷണത്തില്‍ അദ്ദേഹം പറഞ്ഞിരുന്നു,” ഗുര്‍ജീന്ദര്‍ സിങ് പറഞ്ഞു.

ഗുര്‍പ്രീത് സിങ് കുറിപ്പൊന്നും എഴുതിവച്ചിട്ടില്ലെന്നും അദ്ദേഹത്തിന്റെ ഇടതു കൈയില്‍ ‘ജിമ്മേദാര്‍’ (ഉത്തരവാദി) എന്നൊരു വാക്ക് എഴുതിയിട്ടുണ്ടെന്നും ഗുര്‍ജീന്ദര്‍ സിങ് പറഞ്ഞു. ഭാര്യയും ഇരുപതു വയസുള്ള മകനുമടങ്ങുന്നതാണു ഗുര്‍പ്രീത് സിങ്ങിന്റെ കുടുംബം.

പ്രക്ഷോഭം ആരംഭിച്ചതുമുതല്‍ ഗുര്‍പ്രീത് സിങ് തങ്ങളുടെ യൂണിയനുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നതായി ബികെയു ഏക്താ സിദ്ധുപൂര്‍ പഞ്ചാബ് പ്രസിഡന്റ് ജഗ്ജിത് സിങ് ദല്ലേവാള്‍ പറഞ്ഞു. ”മോര്‍ച്ച യോഗങ്ങളില്‍ സ്ഥിരം സാന്നിധ്യമായിരുന്ന അദ്ദേഹം ഗ്രാമത്തിലെ പ്രതിഷേധങ്ങളുടെ ഭാഗവുമായിരുന്നു. കഴിഞ്ഞ വര്‍ഷം മുതല്‍ അദ്ദേഹം സിങ്കു അതിര്‍ത്തിയില്‍ ക്യാമ്പ് ചെയ്യുകയായിരുന്നു. വളരെ കുറച്ചുമാത്രം ഭൂമിയുണ്ടായിരുന്ന അദ്ദേഹം ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍, കോവിഡിനു മുന്‍പ് സ്‌കൂള്‍ വാഹനം ഓടിക്കുകയായിരുന്നു. വളരെ നിര്‍ഭാഗ്യകരമാണ് ഈ മരണം. കരിനിയമങ്ങള്‍ സര്‍ക്കാര്‍ ഉടന്‍ പിന്‍വലിക്കണം,”അദ്ദേഹം പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular