Thursday, May 2, 2024
HomeIndiaഇന്ത്യയിലെ ആദ്യ ഗര്‍ഭനിരോധന ഗുളിക 'സഹേലി' കണ്ടുപിടിച്ച ഡോ. നിത്യ ആനന്ദ് അന്തരിച്ചു

ഇന്ത്യയിലെ ആദ്യ ഗര്‍ഭനിരോധന ഗുളിക ‘സഹേലി’ കണ്ടുപിടിച്ച ഡോ. നിത്യ ആനന്ദ് അന്തരിച്ചു

ന്യൂഡല്‍ഹി: ഇന്ത്യയിലെ ആദ്യ ഗര്‍ഭനിരോധന ഗുളികയായ ‘സഹേലി’ കണ്ടുപിടിച്ച ഡോ. നിത്യ ആനന്ദ് അന്തരിച്ചു.
99 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ലക്‌നൗവിലെ എസ്ജിപിജിഐഎംഎസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം. ശനിയാഴ്ചയോടെയാണ് മരണം സ്ഥിരീകരിച്ചത്. സംസ്‌കാര ചടങ്ങുകള്‍ ഇന്ന് നടക്കും.

സെന്‍ട്രല്‍ ഡ്രഗ് റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായ സേവനമനുഷ്ടിച്ച വ്യക്തി കൂടിയാണ് ഡോ. നിത്യ ആനന്ദ്. 1974-1984 കാലത്താണ് അദ്ദേഹം സ്ഥാപനത്തിന്റെ മേധാവിയായി പ്രവര്‍ത്തിച്ചിരുന്നത്.

400ലധികം റിസര്‍ച്ച്‌ പേപ്പറുകളും അദ്ദേഹത്തിന്റെ പേരില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 130ലധികം പേറ്റന്റുകളും അദ്ദേഹത്തിന്റെ പേരിലുണ്ട്. 100ലധികം പിഎച്ച്‌ഡി വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദ്ദേശകനായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

ലോകത്തിലെ ആദ്യത്തെ നോണ്‍-സ്റ്റിറോയിഡല്‍, നോണ്‍-ഹോര്‍മോണല്‍ ഗുളികയാണ് സഹേലി. 1986ലാണ് സഹേലി ഗുളിക വിപണിയിലെത്തിയത്. രാജീവ് ഗാന്ധിയായിരുന്നു അന്നത്തെ പ്രധാനമന്ത്രി. 2016ല്‍ സഹേലിയെ ദേശീയ കുടുംബാരോഗ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.

“ആദ്യം ശാസ്ത്രജ്ഞനായും പിന്നീട് 1963-74 കാലത്ത് മെഡിക്കല്‍ കെമിസ്ട്രി വിഭാഗത്തിന്റെ തലവനായും ഡോ. നിത്യ ആനന്ദ് പ്രവര്‍ത്തിച്ചു. 1974-84 കാലത്താണ് അദ്ദേഹം സ്ഥാപനത്തിന്റെ തലവനായി എത്തിയത്. വളര്‍ന്നുവരുന്ന ശാസ്ത്രജ്ഞരെ രൂപപ്പെടുത്തുന്നതിലും പരിപോഷിപ്പിക്കുന്നതിലും അദ്ദേഹം വലിയ പങ്ക് വഹിച്ചു,” സെന്‍ട്രല്‍ ഡ്രഗ് റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വക്താവും മുതിര്‍ന്ന ശാസ്ത്രജ്ഞനുമായ സഞ്ജീവ് യാദവ് പറഞ്ഞു.

കേന്ദ്രസര്‍ക്കാരിന്റെ മരുന്ന് നയം രൂപപ്പെടുത്തുന്നതിലും ഡോ. നിത്യ ആനന്ദ് കാര്യമായ സ്വാധീനം ചെലുത്തിയിരുന്നു. നിരവധി സ്ഥാപനങ്ങളുടെ ഉപദേശകനായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.

രാജ്യം പദ്മശ്രീ നല്‍കി ആദരിച്ച വ്യക്തികൂടിയാണ് നിത്യ ആനന്ദ്. നീരജ് നിത്യാനന്ദ്, ഡോ. നവീന്‍ നിത്യ ആനന്ദ്, ഡോ. സോണിയ നിത്യ ആനന്ദ് എന്നിവരാണ് മക്കള്‍. സോണിയ നിത്യ ആനന്ദ് കിംഗ് ജോര്‍ജ്‌സ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയുടെ വൈസ് ചാന്‍സലര്‍ കൂടിയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular