Saturday, May 4, 2024
HomeKeralaജമ്മുകാഷ്മീരില്‍ ഹിമപാത മുന്നറിയിപ്പ്

ജമ്മുകാഷ്മീരില്‍ ഹിമപാത മുന്നറിയിപ്പ്

ശ്രീനഗർ: ജമ്മുകാഷ്മീരിലെ പല ജില്ലകളിലും ഹിമപാത മുന്നറിയിപ്പ് നല്‍കി ഡിസാസ്റ്റർ മാനേജ്‌മെന്‍റ് അതോറിറ്റി. ബന്ദിപ്പോർ, ബാരാമുള്ള, കുപ്‌വാര എന്നിവിടങ്ങളില്‍ 2,400 മീറ്ററിനു മുകളില്‍ കുറഞ്ഞ അപകടസാധ്യതയുള്ള ഹിമപാതം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ജെകെഡിഎംഎ അറിയിച്ചു.
അടുത്ത 24 മണിക്കൂറിനുള്ളില്‍ ഡോഡ, കിഷ്ത്വാർ, പൂഞ്ച്, റംബാൻ, ഗന്ദർബാല്‍ ജില്ലകളില്‍ 2,200 മീറ്ററിനു മുകളില്‍ ഇടത്തരം അപകടനിലയുള്ള ഹിമപാതമുണ്ടാകാൻ സാധ്യതയുണ്ടെന്നും ജെകെഡിഎംഎ അറിയിച്ചു.

ഈ പ്രദേശങ്ങളില്‍ താമസിക്കുന്നവർ മുൻകരുതല്‍ എടുക്കാനും ഹിമപാത സാധ്യതയുള്ള പ്രദേശങ്ങളിലേക്ക് ഇറങ്ങുന്നത് ഒഴിവാക്കാനും നിർദേശമുണ്ട്. അതേസമയം, ജമ്മു കാഷ്മീരിലെ പല സ്ഥലങ്ങളിലും മഞ്ഞുവീഴ്ച തുടരുകയും തിങ്കളാഴ്ച താപനില ഒൻപത് ഡിഗ്രി സെല്‍ഷ്യസായി കുറയുകയും ചെയ്തു.

കാഷ്മീർ താഴ്‌വരയിലെ പല ജില്ലകളിലും ഇപ്പോള്‍ മഞ്ഞ് മൂടിയിരിക്കുകയാണ്. ഇത് ജമ്മു-ശ്രീനഗർ ദേശീയ പാതയിലെ വിമാന സർവീസുകളെയും ഗതാഗതത്തെയും ബാധിച്ചു. മഞ്ഞുവീഴ്ച തുടരുന്നതിനാല്‍ ബാരാമുള്ള ജില്ലയിലെ ഗുല്‍മാർഗും മഞ്ഞിനടിയിലാണ്.

കാലാവസ്ഥാ വ്യതിയാനത്തെത്തുടർന്ന് ജമ്മു-ശ്രീനഗർ ദേശീയ പാതയില്‍ ഷേർ ബീബി പ്രദേശത്തിന് സമീപം കിഷ്ത്വരി പത്തേരിയില്‍ മണ്ണിടിഞ്ഞു. ഹൈവേയുടെ റാംസു-ബനിഹാല്‍-ശ്രീനഗർ സ്‌ട്രെച്ചിലും വൻ മഞ്ഞുവീഴ്ച രേഖപ്പെടുത്തി.

റിയാസി ജില്ലയിലെ മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തിലേക്കുള്ള ഹെലികോപ്റ്റർ സർവീസും പ്രതികൂല കാലാവസ്ഥയെത്തുടർന്ന് നിർത്തിവച്ചു. മോശം കാലാവസ്ഥയെത്തുടർന്ന് ഡല്‍ഹിയില്‍ നിന്ന് ജമ്മു കാഷ്മീരിലെ ശ്രീനഗർ, ലേ എന്നിവിടങ്ങളിലേക്കുള്ള ആറ് ഇൻഡിഗോ വിമാന സർവീസുകളും റദ്ദാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular