Sunday, May 5, 2024
HomeKeralaസംസ്ഥാന ബജറ്റില്‍ പ്രതീക്ഷ മാത്രം

സംസ്ഥാന ബജറ്റില്‍ പ്രതീക്ഷ മാത്രം

തിരുവനന്തപുരം: വന്പൻ പ്രഖ്യാപനങ്ങളോ നിരക്കുവർധനയോ ഇല്ലാതെ ധനമന്ത്രി കെ.എൻ. ബാലഗോപാല്‍ സംസ്ഥാന ബജറ്റ് അവതരിപ്പിച്ചു.

റബറിന്‍റെ താങ്ങുവിലയില്‍ കിലോയ്ക്ക് പത്തു രൂപയുടെ നാമമാത്ര വർധന പ്രഖ്യാപിച്ച്‌ 180 രൂപയാക്കി. സാമൂഹ്യക്ഷേമ പെൻഷൻ തുകയില്‍ വർധനയില്ല. നിലവിലെ കുടിശികയെക്കുറിച്ചും മിണ്ടാട്ടമില്ല. അടുത്ത വർഷം പെൻഷൻ കൃത്യമായി കൊടുക്കുമെന്ന വാഗ്ദാനമുണ്ട്.

സംസ്ഥാന ജീവനക്കാർക്ക് ഒരു ഗഡു ഡിഎയും പെൻഷൻകാർക്ക് ഒരു ഗഡു ഡിആറും ഏപ്രില്‍ മുതല്‍ നല്‍കുമെന്നു പ്രഖ്യാപിച്ചു. ഏഴു ഗഡു കുടിശികയുള്ളപ്പോഴാണ് ഒരു ഗഡു നല്‍കുമെന്നു പ്രഖ്യാപിച്ചത്. പുതിയ അഞ്ചു നഴ്സിംഗ് കോളജുകള്‍ ആരംഭിക്കും. പങ്കാളിത്ത പെൻഷൻ പദ്ധതിയില്‍ പുനഃപരിശോധന നടത്തും. എന്നാല്‍ സ്റ്റാറ്റ്യൂട്ടറി പെൻഷനിലേക്കു മടങ്ങിപ്പോകില്ല.

ബജറ്റില്‍ 1,067 കോടി രൂപയുടെ അധിക വിഭവസമാഹരണം പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം 3,000 കോടി രൂപയുടെ അധികഭാരമായിരുന്നു അടിച്ചേല്‍പ്പിച്ചത്. ഇത്തവണ കണ്ടെത്തിയ അധിക വരുമാനമാർഗങ്ങള്‍ മിക്കതും സാധാരണക്കാരെ നേരിട്ടു ബാധിക്കുന്നതല്ല.

ജുഡീഷല്‍ ഫീസുകള്‍ ഉയർത്തിയും മദ്യത്തിന് ഗാലനേജ് ഏർപ്പെടുത്തിയും 200 കോടി രൂപ വീതം അധികമായി കണ്ടെത്തും. ഗാലനേജ് ഏർപ്പെടുത്തിയെങ്കിലും മദ്യത്തിന്‍റെ വിലയില്‍ അതു പ്രതിഫലിക്കില്ല. ഭൂമിയുടെ ന്യായവില വർധിപ്പിക്കുമെന്നു ബജറ്റില്‍ പ്രഖ്യാപിച്ചു.

ടൂറിസ്റ്റ് ബസുകളുടെ നികുതി അനിയന്ത്രിതമായി വർധിപ്പിച്ചതുമൂലം ടൂറിസ്റ്റ് ബസുകള്‍ മറ്റു സംസ്ഥാനങ്ങളില്‍ രജിസ്റ്റർ ചെയ്തു തുടങ്ങിയതായി കണ്ടെത്തിയതിനെത്തുടർന്ന് ടൂറിസ്റ്റ് ബസുകളുടെ നികുതി കുറച്ചു.

സ്വകാര്യവത്കരണത്തിനു ശക്തി കൂട്ടുമെന്ന സൂചനകള്‍ ബജറ്റിലുണ്ട്. അടുത്ത മൂന്നു വർഷത്തിനുള്ളില്‍ മൂന്നു ലക്ഷം കോടി രൂപയുടെ നിക്ഷേപം ആകർഷിക്കുമെന്നു ധനമന്ത്രി പ്രഖ്യാപിച്ചു. ടൂറിസം മേഖലയില്‍ ഈ വർഷം 5,000 കോടിയുടെ നിക്ഷേപം കൊണ്ടുവരും. വിദേശ സർവകലാശാലകളുടെ കാന്പസുകള്‍ കേരളത്തില്‍ ആരംഭിക്കും. സ്വകാര്യ സർവകലാശാലകള്‍ അനുവദിക്കും. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ ഗുണഭോക്താക്കളില്‍നിന്നു സംഭാവന സ്വീകരിക്കുന്ന നൂതന പദ്ധതിയും പ്രഖ്യാപിച്ചു.

ആകെ 1,38,655.16 കോടി രൂപയുടെ റവന്യു വരവും 1,66,501.21 കോടി രൂപ റവന്യു ചെലവും 27,846.05 കോടി രൂപയുടെ റവന്യു കമ്മിയുമുള്ള ബജറ്റ് ആണ് ധനമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ചത്. 44,529 കോടി രൂപയാണു ധനകമ്മി. നികുതി വരുമാനത്തില്‍ 7,845 കോടി രൂപയുടെയും നികുതിയേതര വരുമാനത്തില്‍ 1,503 കോടി രൂപയുടെയും വർധനയാണു ലക്ഷ്യമിട്ടിട്ടുള്ളത്.

കേന്ദ്ര അവഗണന തുടർന്നാല്‍ പ്ലാൻ ബി

കേരളത്തെ അവഗണിക്കുന്ന കേന്ദ്രസമീപനം തുടർന്നാല്‍ പ്ലാൻ ബിയെക്കുറിച്ച്‌ ആലോചിക്കേണ്ടിവരുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാല്‍.

എന്തു വിലകൊടുത്തും വികസന, ക്ഷേമ പ്രവർത്തനങ്ങള്‍ തുടരും. പ്ലാൻ ബിയെക്കുറിച്ചുള്ള നിർദേശങ്ങളും ആലോചനകളും ഉണ്ടാകുന്നുണ്ട്. കേരള വികസന മാതൃകയുടെ നന്മകള്‍ നിലനിർത്തി മുന്നോട്ടു പോകാനുള്ള വഴി കണ്ടെത്തുകതന്നെ ചെയ്യും.

ബജറ്റ് തയാറാക്കുന്പോള്‍ തനിക്കു പരിഗണിക്കേണ്ടി വന്ന അനിശ്ചിതത്വങ്ങളെക്കുറിച്ചു സൂചിപ്പിച്ചു കൊണ്ടാണ് മന്ത്രി പ്ലാൻ ബിയെക്കുറിച്ചുള്ള ആലോചന അവതരിപ്പിച്ചത്. അന്താരാഷ‌്ട്ര തലത്തില്‍ യുദ്ധവും സാന്പത്തിക മാന്ദ്യവും സൃഷ്ടിച്ച അനിശ്ചിതത്വമാണ് ആദ്യത്തേത്. രണ്ടാമത്തേത് സംസ്ഥാനത്തോട് കേന്ദ്രം കാണിക്കുന്ന അവഗണനയില്‍നിന്നുണ്ടാകുന്ന അനിശ്ചിതത്വമാണ്. നടപ്പുവർഷമാണ് കേന്ദ്രാവഗണന അതിന്‍റെ പാരമ്യത്തിലെത്തിയതെന്നും മന്ത്രി പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ കാര്യങ്ങള്‍ മെച്ചപ്പെടുമെന്ന നിരീക്ഷണം കണക്കിലെടുത്താണ് ബജറ്റ് തയാറാക്കിയത്. അതല്ല, ധനവ്യവസ്ഥയെ കൂടുതല്‍ കേന്ദ്രീകരിക്കുകയും സംസ്ഥാനത്തോടുള്ള അവഗണന തുടരുകയും ചെയ്താല്‍ ബദല്‍ മാർഗങ്ങളേക്കുറിച്ചു ചിന്തിക്കേണ്ടിവരുമെന്ന് മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് വിദേശ സർവകലാശാലാ കാന്പസുകള്‍ ആരംഭിക്കും

സംസ്ഥാനത്ത് ഉന്നതവിദ്യാഭ്യാസ നിക്ഷേപനയം രൂപീകരിക്കും. ഇതിനു മുന്നോടിയായി അക്കാദമിക് വിദഗ്ധരുടെ ടാസ്ക് ഫോഴ്സ് രൂപീകരിക്കും. യൂറോപ്പ്, യുഎസ്‌എ, ഗള്‍ഫ് നാടുകള്‍, സിംഗപ്പുർ എന്നിവിടങ്ങളില്‍ മേയ്, ജൂണ്‍ മാസങ്ങളിലായി നാല് പ്രാദേശിക കോണ്‍ക്ലേവുകള്‍ നടത്തും.

തുടർന്ന് ഓഗസ്റ്റില്‍ സംസ്ഥാനത്ത് ഹയർ എഡ്യൂക്കേഷൻ ട്രാൻസ്ഫോർമേഷൻ ഇനിഷ്യേറ്റീവ് ഗ്ലോബല്‍ കോണ്‍ക്ലേവ് നടത്തും. ഉന്നതവിദ്യാഭ്യാസ നിക്ഷേപ നയം രൂപീകരിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ദേശീയ, അന്തർദേശീയ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരിച്ച്‌ കേരളത്തില്‍ അന്താരാഷ്‌ട്ര നിലവാരത്തില്‍ പുതിയ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കുന്നതിന് നിക്ഷേപം ആകർഷിക്കുന്നതിനുള്ള പ്രത്യേക പ്രോത്സാഹനങ്ങളും പാക്കേജുകളും നടപ്പാക്കും.

സാമൂഹ്യക്ഷേമ പെൻഷൻ വർധനയില്ല

സാമൂഹ്യക്ഷേമ പെൻഷൻ വർധനയില്ല. പ്രതിമാസം 1600 രൂപ നിരക്കിലുള്ള ക്ഷേമപെൻഷൻ അടുത്ത സാന്പത്തികവർഷം മുതല്‍ കൃത്യമായും സമയബന്ധിതമായും കൊടുത്തുതീർക്കാൻ പ്രത്യേക നടപടി സ്വീകരിക്കും.

ഇപ്പോള്‍ ആറു മാസത്തെ ക്ഷേമപെൻഷൻ കുടിശികയാണുള്ളത്. ക്ഷേമപെൻഷൻ വർധിപ്പിക്കണമെന്ന് എല്‍ഡിഎഫില്‍നിന്നു സമ്മർദമുണ്ടായിട്ടും നടപ്പാക്കിയില്ല. 100 രൂപ വീതം വർധിപ്പിക്കുമെന്ന അഭ്യൂഹമുയർന്നിട്ടും വർധന നടപ്പാക്കിയില്ല. വിതരണം വൈകാൻ കാരണം കേന്ദ്രസർക്കാർ നയങ്ങളാണെന്നാണു ധനമന്ത്രിയുടെ കുറ്റപ്പെടുത്തല്‍.

പെൻഷൻ നല്‍കാനായി രൂപീകരിച്ച കേരള സാമൂഹികസുരക്ഷാ പെൻഷൻ കന്പനി ലിമിറ്റഡ് സമാഹരിച്ച 35,000 കോടി രൂപയില്‍ 24,000 കോടി രൂപ തിരിച്ചടച്ചിട്ടുണ്ട്. പെൻഷൻ കന്പനിയുടെ ധനസമാഹരണത്തെ സർക്കാരിന്‍റെ പൊതുകടമായി കണക്കാക്കി പെൻഷൻ വിതരണത്തിനു ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

പങ്കാളിത്ത പെൻഷൻ പദ്ധതി പുനഃപരിശോധിക്കും

സർക്കാർ ജീവനക്കാരുടെ പങ്കാളിത്ത പെൻഷൻ പദ്ധതി പുനഃപരിശോധിക്കും. പകരം ആന്ധ്ര, തെലുങ്കാന മാതൃകയില്‍ അഷ്വേർഡ് പെൻഷൻ സന്പ്രദായം സംസ്ഥാനത്തും നടപ്പാക്കും. എന്നാല്‍, നേരത്തേയുണ്ടായിരുന്ന സ്റ്റാറ്റ്യൂട്ടറി പെൻഷൻ സന്പ്രദായത്തിലേക്കു തിരിച്ചു പോകില്ല.

പങ്കാളിത്ത പെൻഷൻ പദ്ധതി സൃഷ്ടിച്ച അരക്ഷിതത്വം ജീവനക്കാരില്‍ വലിയ ആശങ്കയ്ക്കു വഴി വച്ചിരുന്നെന്നും ല്ലെന്നും ധനമന്ത്രി പറഞ്ഞു.

അഞ്ച് ജില്ലകളില്‍ പുതിയ നഴ്സിംഗ് കോളജുകള്‍

സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ പുതിയ നഴ്സിംഗ് കോളജുകള്‍ ആരംഭിക്കും. ആരോഗ്യവിദ്യാഭ്യാസ ഡയറക്ടറേറ്റിനു കീഴില്‍ കാസർഗോഡ്, ഇടുക്കി, വയനാട്, പാലക്കാട്, പത്തനംതിട്ട ജില്ലകളിലാണ് പുതിയ നഴ്സിംഗ് കോളജുകള്‍.

ആരോഗ്യവിദ്യാഭ്യാസ മേഖലയുടെ ആകെ വികസനത്തിനായി 401.24 കോടി രൂപ വകയിരുത്തി. റീജണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താല്‍മോളജി തിരുവനന്തപുരം, കോളജ് ഓഫ് ഫാർമസ്യൂട്ടിക്കല്‍ സയൻസ് തിരുവനന്തപുരം, മെഡിക്കല്‍ കോളജുകള്‍ എന്നിവയുടെ സമഗ്ര വികസനത്തിനായി 217.40 കോടി രൂപയും തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ സർജിക്കല്‍ റോബട്ട് സ്ഥാപിക്കുന്നതിനായി 29 കോടിയും വകയിരുത്തി.

ആറു ദന്തല്‍ കോളജുകളുടെ വികസനത്തിനായി 22.79 കോടി രൂപയും നഴ്സിംഗ് കോളജുകള്‍ക്കായി 13.78 കോടി രൂപയും അനുവദിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular