Saturday, May 4, 2024
HomeKeralaതൃപ്പൂണിത്തുറ സ്ഫോടനം: സ്ഫോടനംനടന്ന പടക്കപ്പുര പ്രവര്‍ത്തിച്ചത് അനുമതിയില്ലാതെ

തൃപ്പൂണിത്തുറ സ്ഫോടനം: സ്ഫോടനംനടന്ന പടക്കപ്പുര പ്രവര്‍ത്തിച്ചത് അനുമതിയില്ലാതെ

തൃപ്പൂണിത്തുറയില്‍ ഒരാളുടെ മരണത്തിനിടയാക്കിയ സ്ഫോടനം നടന്ന പടക്കശേഖരണശാല പ്രവർത്തിച്ചിരുന്നത് അനുമതിയില്ലാതെയെന്ന് അഗ്നിരക്ഷാസേന.

വീടുകള്‍ തിങ്ങിനിറഞ്ഞ ഇത്തരം മേഖലകളില്‍ പടക്കക്കടയോ പടക്കനിർമാണശാലകളോ പടക്കശേഖരണശാലകളോ പ്രവർത്തിക്കാൻ പാടില്ലെന്നാണ് നിയമമെന്നും തൃപ്പൂണിത്തുറ ഫയർ ആന്റ് റെസ്ക്യു അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പറയുന്നു.

‘സ്ഫോടനം നടന്ന സ്ഥലത്തിന് അരകിലോമീറ്റർ അകലെയാണ് അഗ്നിരക്ഷാസേനയുടെ ഓഫീസുള്ളത്. സ്ഫോടനശബ്ദം കേട്ടയുടൻ ഉദ്യോഗസ്ഥരുമായി സംഭവസ്ഥലത്തേക്ക് പുറപ്പെടുകയായിരുന്നു. ശബ്ദംകേട്ട ഭാഗത്തേക്കാണ് വണ്ടിവിട്ടത്. സംഭവസ്ഥലത്ത് എത്തുമ്ബോള്‍ തീ സമീപത്തെ കടകളിലേക്കും പടർന്ന അവസ്ഥയിലായിരുന്നു’, രക്ഷാപ്രവർത്തനത്തിന് നേതൃത്വംനല്‍കിയ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പറഞ്ഞു.

പടക്കശേഖരണശാല ഇവിടെ പ്രവർത്തിക്കുന്നതായി അറിയില്ലായിരുന്നുവെന്നും അനുമതിയില്ലാതെയാണ് ഇത് ഇവിടെ പ്രവർത്തിച്ചിരുന്നതെന്നും അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ പറയുന്നു. അതേസമയം, പടക്കപ്പുരയ്ക്ക് അനുമതിക്കായി അപേക്ഷ നല്‍കിയിരുന്നെങ്കിലും പോലീസ് അനുമതി നല്‍കിയിരുന്നില്ലെന്നും വിവരമുണ്ട്.

സ്ഫോടനത്തിന്റെ ഭാഗമായി ഉണ്ടായിട്ടുള്ള ചെറിയ പരിക്കുകളോടെ സമീപത്തെ ആശുപത്രിയിലേക്ക് കൂടുതല്‍ പേർ ചികിത്സയ്ക്ക് എത്തുന്നുണ്ടെന്ന് റിപ്പോർട്ട്. സംഭവം നടന്നയുടൻ ചികിത്സയ്ക്കെത്തിച്ചവരില്‍ ഗുരുതരമായി പരിക്കേറ്റ അഞ്ചുപേരെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയതായി ആശുപത്രി അധികൃതർ അറിയിച്ചു. മറ്റുള്ളവരെ എറണാകുളം ജനറല്‍ ആശുപത്രി, കളമശ്ശേരി മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലേക്കും മാറ്റിയിട്ടുണ്ട്.

പുതിയകാവ് ക്ഷേത്രോത്സവത്തിനായി എത്തിച്ച പടക്കത്തിന് തീപിടിച്ചാണ് സ്ഫോടനം ഉണ്ടായത്. തിങ്കളാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് സ്ഫോടനം ഉണ്ടായത്. പാലക്കാട് നിന്ന് ഉത്സാവശ്യത്തിനുവേണ്ടി കൊണ്ടുവന്ന പടക്കങ്ങളാണ് പൊട്ടിത്തെറിച്ചത്.

ടെമ്ബോ ട്രാവലറില്‍നിന്ന് പടക്കങ്ങള്‍ ഇറക്കി അടുത്തുള്ള കോണ്‍ക്രീറ്റ് കെട്ടിടത്തിലേക്ക് മാറ്റുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. പടക്കക്കട പൂർണമായും തകർന്നു. രണ്ട് വാഹനങ്ങള്‍ കത്തിനശിച്ചിട്ടുണ്ട്. സമീപത്തെ ഇരുപതോളം വീടുകള്‍ക്ക് ഗുരുതരമായ കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. ആറോളം വീടുകളുടെ മേല്‍ക്കൂര തകർന്നു. ഒരു വീട് പൂർണമായും തകർന്ന നിലയിലാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular