Saturday, May 4, 2024
HomeUSAപ്രൗഢഗംഭീരമായ കേരള സെൻെറർ അവാർഡ് നിശ -2021

പ്രൗഢഗംഭീരമായ കേരള സെൻെറർ അവാർഡ് നിശ -2021

ന്യൂയോർക്:ന്യൂയോർക്ക്‌ കേരള സെന്ററിന്റെ 29–ാമത് പുരസ്‌കാര നിശ വർണ്ണഭമായി.നവംബര്‍ പതിമൂന്നിന് എല്‍മണ്ടിലെ കേരളാ സെന്റർ ആസ്ഥാനത്തായിരുന്നു അവാഡ് ദാന ചടങ്ങു്.വിവിധ മേഖലകളില്‍ പ്രതിഭ തെളിയിച്ച ആറു പേര്‍ക്കാണ് ഇത്തവണ പുരസ്‌കാരം നൽകിയത്. കൂടാതെ കോവിഡ് മഹാമാരിയുടെ കാലത്തെ സേവനത്തിന് രണ്ടു ഡോക്ടർമാർക്ക് പ്ര
ത്യേക പുരസ്കാരവും നൽകി.

മെഡിസിൻ & പ്രൊഫഷണൽ സേവന മേഖലകളിൽ നിന്ന് ഡോ. ജോർജ് എബ്രഹാം, പൊതു സേവനത്തിന് ഡോ. ദേവി നമ്പ്യാപറമ്പിൽ, രാഷ്ട്രീയ നേതൃത്വത്തിന് മേയർ റോബിൻ ഇലക്കാട്ട്, നഴ്‌സിംഗിലും സാമൂഹ്യസേവനത്തിനും മേരി ഫിലിപ്പ്, നിയമ രംഗത്തെ സേവനത്തിന് അറ്റോർണി നന്ദിനി നായർ, പെർഫോമിംഗ് ആർട്സിൽ ചന്ദ്രിക കുറുപ്പ് എന്നിവരാണ് പുരസ്‌കാര ജേതാക്കള്‍. കോവിഡ് മഹാമാരിയുടെ കാലത്തെ സേവനത്തിന് പ്രതേക പുരസ്ക്കാരം നൽകപ്പെട്ടത് ഡോക്ടർ ദമ്പതികളായ സാബു വർഗീസിനും ബ്ലെസി മേരി ജോസഫിനുമാണ്.

ബെയ്ലി സ്റ്റീഫന്റെയും ലോറൻ ജോസഫിന്റെയും അമേരിക്കന്‍, ഇന്ത്യന്‍ ദേശീയ ഗാനാലപത്തോടെ  പുരസ്‌കാര രാവിന്റെ തിരശീല ഉയർന്നു. പ്രസിഡന്റ് അലക്സ് കെ. എസ്തപ്പാൻ സെന്ററിന്റെ പ്രവർത്തങ്ങളും ലക്ഷ്യങ്ങളും ഹൃസ്വമായി വിവരിച്ചുകൊണ്ട് ആഘോഷരാവിനെ ധന്യമാക്കാൻ സന്നിഹിതരായ സഹൃദയരായ  എല്ലാവരെയും സ്വാഗതം ചെയ്തു.  ഇന്ത്യന്‍ കോണ്‍സല്‍ എ. കെ. വിജയകൃഷ്ണൻ മുഖ്യാതിഥിയായിരുന്നു.  നമ്മുടെ കമ്മ്യൂണിറ്റിയിലെ വ്യക്തികൾ നല്ല നിലയിൽ എത്തുന്നതും നല്ല കാര്യങ്ങൾ ചെയ്തു എന്നു കേൾക്കുന്നതും വളരെ സന്തോഷമുണ്ടാക്കുന്ന കാര്യമാണെന്ന് മലയാളിയായ കോൺസൽ വിജയകൃഷ്ണൻ പറഞ്ഞു. അവരുടെ പ്രവർത്തങ്ങൾ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുവാൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  അവാർഡ് കമ്മിറ്റിയുടെയും ഡയറക്ടർ ബോർഡിന്റെയും ചെയർമാനായ ഡോ. മധു ഭാസ്‌ക്കരൻ മുഖ്യാതിഥിയെ പരിചയപ്പെടുത്തി.

അവാര്‍ഡ് ജേതാവ് കൂടിയായ ഡോ. ഡോ. ജോർജ് എബ്രഹാമാണ് മുഖ്യ പ്രഭാഷണം നടത്തിയത്.അമേരിക്കൻ കോളേജ് ഓഫ് ഫിസിഷ്യൻസു
എന്ന സംഘടനയുടെ പ്രെസിഡെന്റ് കൂടിയായ മലയാളിയാണ്.എല്ലാവരെയും ഉൾക്കൊണ്ടുകൊണ്ട് മുന്നോട്ടു പോകണമെന്നും  അതുറപ്പു വരുത്തേണ്ടത് നേതാക്കന്മാരുടെ കടമയാണെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഒരു ഓർഗനൈസേഷൻ ശക്തി പ്രാപിക്കുന്നത് അതിലെ എല്ലാ വിഭാഗങ്ങളെയും കാഴ്ചപ്പാടുകളെയും ഉരുക്കിയെടുക്കുമ്പോളാണെന്ന് അദ്ദേഹം സമർത്ഥിച്ചു.  കേരള സെന്റർ ട്രസ്റ്റി ബോർഡ് ചെയർമാനും അവാർഡ് കമ്മിറ്റി മെമ്പറുമായ ഡോ. തോമസ് എബ്രഹാം ഡോ. ജോർജ് എബ്രഹാമിനെ പരിചയപ്പെടുത്തി. ഇന്ത്യൻ കോണ്സുലേറ്റിലെ കോൺസൽ  എ. കെ. വിജയകൃഷ്ണൻ അവാര്‍ഡ് സമ്മാനിച്ചു.
രാഷ്ട്രീയ രംഗത്തെ നേട്ടത്തിന് ആദരിക്കപ്പെട്ടത് ടെക്‌സാസിലെ സിറ്റിയായ മിസ്സോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട് ആണ്.  റെഡ് സ്റ്റേറ്റ് ആയ ടെക്സസ്സിൽ നിന്നും ബ്ലൂ സ്റ്റേറ്റ് ആയ ന്യൂയോർക്കിൽ വന്നപ്പോൾ താൻ കേട്ട പല കാര്യങ്ങളും സി എൻ എൻ ഉണ്ടാക്കിയ കഥകൾ മാത്രമാണെന്ന്  അദ്ദേഹം അഭിപ്രായപ്പെട്ടു. മേയറായതിന് ശേഷം തനിക്ക് ആദ്യമായി ഒരു അവാർഡ് കിട്ടുന്നത് കേരള സെന്ററിൽ നിന്നാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.കേരള സെന്ററിന്റെ മതേതര മുഖം മലയാളിയുടെ അഭിമാനം എന്നും അദ്ദേഹം പറഞ്ഞു  .  കേരള സെന്ററിന്റെ യുവ നേതാവായ ജെയിംസ് തോമസാണ് മേയർ റോബിൻ ഇലക്കാട്ടിനെ പരിചയപെടുത്തിയത്.  മലയാളിയും ന്യൂയോർക്ക് സെനറ്ററുമായ കെവിൻ തോമസ്  അവാര്‍ഡ് സമ്മാനിച്ചു.

പൊതു സേവനത്തിന് അവാര്‍ഡ് നേടിയത് ഡോ. ദേവി നമ്പ്യാപറമ്പിലാണ്. ഡോ. ദേവി ഈ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ന്യൂയോർക്ക് സിറ്റിയിലെ രണ്ടാമത്തെ ഏറ്റവും വലിയ സ്ഥാനമായ പബ്ലിക് അഡ്വക്കേറ്റ് സ്ഥാനത്തേക്ക് റിപ്പബ്‌ളിക്കൻ പാർട്ടി സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു.  കോവിഡ് കാലത്തു താനും തന്റെ കുടുംബവും കടന്നു പോയ ദുരിത അനുഭവങ്ങൾ തന്നെ പൊതു സേവനത്തിന് കൂടുതൽ പ്രേരിപ്പിച്ചുവെന്ന് അവർ പ്രസ്താവിച്ചു. തെരഞ്ഞെടുപ്പിൽ തന്നെ സഹായിച്ച മലയാളി സമൂഹത്തോട് ഡോ. ദേവി പ്രത്യേകമായി നന്ദി പറഞ്ഞു.  കേരള സെന്റർ ബോർഡ് മെമ്പർ രാജു തോമസ് ഡോ. ദേവിയെ പരിചയപ്പെടുത്തി. അറ്റോർണി അപ്പൻ മേനോൻ അവാര്‍ഡ് സമ്മാനിച്ചു.
നിയമ രംഗത്തെ അവാർഡിന്  അർഹയായത് അറ്റോർണി നന്ദിനി നായർ ആണ്. ഒന്നുമില്ലാതെ വന്ന് അമേരിക്കൻ ഡ്രീം വെട്ടിപ്പിടിച്ച തന്റെ മാതാപിതാക്കൾ തന്റെ വഴികാട്ടിയാണെന്ന് ഇമ്മിഗ്രേഷൻ അറ്റോർണിയായ നന്ദിനി നായർ പറഞ്ഞു. കേരള സെന്റർ ബോർഡ് മെമ്പർ ഡോ. തെരേസ ആന്റണിയാണ് നന്ദിനി നായരെ  പരിചയപെടുത്തിയത്. സബിൻസ കോർപ്പറേഷനിലെ ഡോ. ആശ രമേശ് അവാർഡ് സമ്മാനിച്ചു.
നഴ്സിംഗ് & കമ്മ്യൂണിറ്റി സർവീസിന് അവാർഡ് നേടിയത് ശ്രീമതി മേരി ഫിലിപ്പാണ്. മറ്റുള്ള സംഘടനകളുടേതിൽ നിന്നും ഒരു വേറിട്ട പ്രവർത്തനമാണ് കേരള സെന്ററിന്റേതെന്ന് മേരി ഫിലിപ്പ് തന്റെ പ്രസംഗത്തിൽ പറഞ്ഞു. ആതുര സേവന രംഗത്തു സേവനം ചെയ്യുന്നവരെ പ്രത്യേകമായി ആദരിച്ചതും ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തിൽ ഇന്ത്യൻ പ്രതിരോധ സേനയിൽ നിന്ന് വിരമിച്ച ജവാന്മാരെക്കൊണ്ട് പതാക ഉയർത്തിപ്പിച്ചതും വേറിട്ട കാര്യങ്ങളായി മേരി എടുത്തു പറഞ്ഞു. മറ്റു പല അവാർഡുകൾ കിട്ടിയിട്ടുണ്ടെങ്കിലും കേരള സെന്ററിന്റെ അവർഡാണ് ഹൃദയത്തോട് ചേർന്നിരിക്കുന്നതെന്ന്  മേരി പറഞ്ഞു. ക്രിസ്റ്റി തോട്ടം മേരി ഫിലിപ്പിനെ പരിചയപ്പെടുത്തി. കേരള സെന്റർ ട്രസ്റ്റി ഡോ. ഉണ്ണി മൂപ്പൻ അവാർഡ് സമ്മാനിച്ചു.
പെർഫോമിംഗ് ആർട്സിൽ അവാർഡ് നേടിയത്  ശ്രീമതി ചന്ദ്രിക കുറുപ്പ് ആണ്. തന്റെ കൂട്ടികൾ വലുതായി ഡാൻസ് സ്കൂളുകൾ ആരംഭിച്ചിരിക്കുന്നത് കാണുന്നതിൽ വളരെ സന്തോഷമുണ്ടെന്നു ചന്ദ്രിക പറഞ്ഞു. കേരള സെന്റര് യുവ നേതാവ് ആനി എസ്തപ്പാൻ  ചന്ദ്രിക കുറുപ്പിനെ പരിചയപ്പെടുത്തി. അബ്രഹാം ഫിലിപ്പ്( സി പി എ) അവാർഡ് സമ്മാനിച്ചു.
കോവിഡ് മഹാമാരിയുടെ കാലത്തെ സേവനത്തിന് പ്രത്യേക    പുരസ്ക്കാരം നൽകപ്പെട്ട ഡോക്ടർ ദമ്പതികളായ സാബു വർഗീസിനെയും ബ്ലെസി മേരി ജോസഫിനെയും പരിചയപ്പെടുത്തിയ ബൻസി തോമസ്, ഡിഎൻ പി തന്റെ കോവിഡ് അനുഭവങ്ങൾ വിവരിച്ചത് വേദന നിറഞ്ഞ വാക്കുകളോട് ആയിരുന്നു . ഡോ. സാബു  വർഗീസ് തന്റെ ഒരു കോളീഗും കോവിഡ് രോഗിയുമായിരുന്ന ഡോക്ടറിന്റെ അനുഭവങ്ങൾ വിവരിച്ചത് ഹൃദയ സ്പർശിയായി. ഡോ. ബ്ലെസ്സി തന്റെ കോവിഡ് കാല അനുഭവങ്ങൾ വിവരിച്ചത് വിങ്ങിപ്പൊട്ടുന്ന ഹൃദയ വികാരങ്ങളോടെയായിരുന്നു. ഡോ. സാബുവിന്  കൈരളി ടിവിയുടെ അമേരിക്കയിലെ അമരക്കാരൻ ജോസ് കാടാപുറവും  കേരള സെന്റർ ട്രസ്റ്റി ജി. മത്തായിയും ഡോ. ബ്ലെസ്സിക്ക്  കേരള സെന്റർ ട്രസ്റ്റി ജി. മത്തായിയുംഅവാർഡ് സമ്മാനിച്ചു.കോവിഡിന്റെ മൂർദ്ധന്യത്തിൽ ന്യൂയോർക്കിലെ മലയാളികൾക്ക് ഉൾപ്പെടെ  ഈഡോക്ടർ  ദമ്പതികൾ നൽകിയ സേവനം അവിസ്‌മരണീയമാണ്.
ഈ അവാർഡ് ദാന ചടങ്ങിനോടനുബന്ധിച്ചിറക്കിയ സുവനീറിന്റെ പ്രകാശനം കമ്മിറ്റി ചെയർമാൻ പി. റ്റി. പൗലോസ് മറ്റു കമ്മിറ്റി അംഗങ്ങളായ ജോൺ പോൾ, എബ്രഹാം തോമസ് എന്നിവരുടെ സാന്നിത്യത്തിൽ ഡോ. സൂസൻ ജോർജിന് ഒരു കോപ്പി നൽകിക്കൊണ്ട് പ്രകാശനം ചെയ്തു.
കേരള സെന്റര്‍ സാരഥി ഇ.എം.സ്റ്റീഫന്റെ അഭാവത്തിൽ എക്സിക്യൂട്ടീവ് ഡയറക്ടർ തമ്പി തലപ്പള്ളിയും ഡയറക്ടർ എബ്രഹാം തോമസും  പരിപാടികൾക്ക് നേതൃത്വം നല്‍കി. അവാർഡ് ഡിന്നറിന്റെ ചെയർമാൻ ജെയിംസ് തോട്ടം ആയിരുന്നു. ചടങ്ങിന്റെ എംസിയായിരുന്ന ഡയ്സി പള്ളിപ്പറമ്പിൽ ഈ പരിപാടിയെ ഹൃദയ സ്പർശിയായ ഒരനുഭവമാക്കി. ശാലിനി രാജേന്ദ്രന്റെയും ലോറൻ ജോസഫിന്റെയും സ്വരമധുരമായ ഗാനങ്ങളും  നൂപുര ഡാൻസ് സ്കൂളിലെ കലാകാരികളുടെ നൃത്തച്ചുവടുകളും അവാർഡ് രാവിന് വർണ്ണപ്പകിട്ടേകി. സെക്രട്ടറി ജിമ്മി ജോൺ വിശിഷ്ട്ട വ്യക്തികൾക്കും സദസ്യർക്കും ഈ പരിപാടി വിജയിപ്പിക്കുവാൻ പ്രവർത്തിച്ച എല്ലാവർക്കും നന്ദി പറഞ്ഞു. അതിനു ശേഷം വിഭവ സമൃദ്ധമായ ഡിന്നറോടുകൂടി പുരസ്‌കാര രാവ് പൂർണ്ണമായി.
ജോസ് കാടാപുറം 
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular