Saturday, April 27, 2024
HomeUSAസക്കര്‍ബര്‍ഗിനുണ്ടായത് 300 കോടി ഡോളറിന്റെ നഷ്ടം

സക്കര്‍ബര്‍ഗിനുണ്ടായത് 300 കോടി ഡോളറിന്റെ നഷ്ടം

മെറ്റയുടെ അധീനതയിലുള്ള ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, ത്രെഡ്‌സ്, മെസഞ്ചര്‍ എന്നിവ കഴിഞ്ഞ ദിവസം പണിമുടക്കിയതിന് പിന്നാലെ മെറ്റ തലവന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിനുണ്ടായത് 300 കോടി ഡോളറിന്റെ നഷ്ടം.

ബ്ലൂംബെര്‍ഗ് ശതകോടീശ്വരന്‍മാരുടെ സൂചികയില്‍ സക്കര്‍ബര്‍ഗിന്റെ ആസ്തി ഒരു ദിവസം 279 കോടി ഡോളര്‍ (23,127 കോടി രൂപ) കുറഞ്ഞ് 17600 കോടി ഡോളറിലെത്തി.

ആഗോളതലത്തില്‍ സേവനങ്ങള്‍ നിശ്ചലമായതോടെ മെറ്റയുടെ ഓഹരിയില്‍ 1.6 ശതമാനത്തിന്റെ ഇടിവുണ്ടായി. വാള്‍സ്ട്രീറ്റിലെ ഓവര്‍നൈറ്റ് ട്രേഡിങില്‍ മെറ്റയുടെ ഓഹരി 490.22 ഡോളറിനാണ് അവസാനിച്ചത്. എങ്കിലും ലോകത്തിലെ നാലാമത്തെ സമ്ബന്നന്‍ എന്ന സ്ഥാനം സക്കര്‍ബര്‍ഗ് ഇപ്പോഴും നിലനിര്‍ത്തുന്നുണ്ട്.

കഴിഞ്ഞ ദിവസം ഒന്നര മണിക്കൂറാണ് മെറ്റ പ്ലാറ്റ്ഫോമുകള്‍ നിശ്ചലമായത്. ഇത്രയധികം സമയം ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും നിശ്ചലമാകുന്നതും അപൂര്‍വമാണ്. ഇതിനു മുമ്ബ് സമാനമായ സംഭവങ്ങളുണ്ടായിട്ടുണ്ടെങ്കിലും ഇത്രയധികം നേരം പ്രവര്‍ത്തനരഹിതമായിരുന്നില്ല. ഇക്കുറി ഫേസ്ബുക്ക് തനിയെ ലോഗ് ഔട്ടാവുകയായിരുന്നു. പിന്നീട് പ്രശ്നം പരിഹരിച്ചശേഷം ലോഗ് ഇന്‍ ആകുകയും ചെയ്തു.

ഉപയോക്താക്കള്‍ക്ക് ഉണ്ടായ ബുദ്ധിമുട്ടില്‍ ഖേദം അറിയിച്ച മെറ്റ പ്രശ്നം പൂര്‍ണമായി പരിഹരിക്കാന്‍ ശ്രമിക്കുന്നതായും വ്യക്തമാക്കി. എന്നാല്‍, സമൂഹമാധ്യമ പ്ലാറ്റ്ഫോമുകള്‍ക്ക് തടസം നേരിടാനുണ്ടായ കാരണം വ്യക്തമാക്കിയിട്ടില്ല.

ഏതെങ്കിലും തരത്തിലുള്ള സാങ്കേതിക പ്രശ്നമാണോ അതോ മറ്റെന്തെങ്കിലും കാരണമാണോ എന്ന കാര്യം ഉള്‍പ്പെടെ അധികൃതര്‍ അറിയിച്ചിട്ടില്ല. പ്രവര്‍ത്തനം നിലച്ചതോടെ #facebook, #facebookdown ഹാഷ്ടാഗുകള്‍ എക്സില്‍ ട്രെന്റിംഗ് ആയിരുന്നു. നൂറുകണക്കിന് പോസ്റ്റുകളാണ് ഇത് സംബന്ധിച്ച്‌ എക്സില്‍ ആളുകള്‍ പോസ്റ്റ് ചെയ്തത്. നിരവധി ട്രോളുകളും ഇതിനു പിന്നാലെ വന്നിരുന്നു.

ഇതിനിടെ മെറ്റയെ കളിയാക്കി എക്‌സ് മേധാവി ഇലോണ്‍ മസ്‌കും രംഗത്ത് വന്നിരുന്നു. ‘നിങ്ങള്‍ ഈ പോസ്റ്റ് വായിക്കുന്നുണ്ടെങ്കില്‍, ഞങ്ങളുടെ സെര്‍വറുകള്‍ പ്രവര്‍ത്തിക്കുന്നതാണ് അതിന് കാരണം.’ എന്നായിരുന്നു മസ്‌കിന്റെ കമന്റ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular