Saturday, May 4, 2024
HomeKeralaറഷ്യയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് കേരളത്തിലും പോളിംഗ് ബൂത്തും വോട്ടെടുപ്പും..!

റഷ്യയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് കേരളത്തിലും പോളിംഗ് ബൂത്തും വോട്ടെടുപ്പും..!

തിരുവനന്തപുരം: റഷ്യന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കേരളത്തിലും പോളിംഗ് ബൂത്തൊരുക്കി അധികൃതര്‍. കേരളത്തിലുള്ള റഷ്യന്‍ പൗരന്‍മാര്‍ക്കും വിനോദ സഞ്ചാരികള്‍ക്കും വേണ്ടിയാണ് ഇത്തരമൊരു സജ്ജീകരണം ഒരുക്കിയത്. തിരുവനന്തപുരത്തെ റഷ്യന്‍ ഫെഡറേഷന്റെ ഓണററി കോണ്‍സുലേറ്റായ റഷ്യന്‍ ഹൗസില്‍ പ്രത്യേകം ക്രമീകരിച്ച ബൂത്തില്‍ കേരളത്തില്‍ താമസിക്കുന്ന റഷ്യന്‍ പൗരന്മാര്‍ ഇന്നലെ വോട്ട് രേഖപ്പെടുത്തുകയും ചെയ്തു.

ഇത് മൂന്നാം തവണയാണ് റഷ്യന്‍ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ പോളിംഗ് ബൂത്ത് ക്രമീകരിക്കുന്നത് എന്ന് റഷ്യയുടെ ഓണററി കോണ്‍സലും തിരുവനന്തപുരത്തെ റഷ്യന്‍ ഹൗസ് ഡയറക്ടറുമായ രതീഷ് നായര്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. പോളിംഗ് പ്രക്രിയയില്‍ സഹകരിച്ചതിന് കേരളത്തിലെ റഷ്യന്‍ പൗരന്മാരോട് നന്ദി പറയുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റഷ്യന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ കേരളത്തിലെ പോളിംഗിന് വേണ്ട ക്രമീകരണങ്ങള്‍ക്കായി വലിയ സഹകരണമാണ് നല്‍കിയത് എന്നും അദ്ദേഹം പറഞ്ഞു. ‘പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ചട്ടക്കൂടിലാണ് ഞങ്ങള്‍ പ്രാഥമിക വോട്ടെടുപ്പ് സംഘടിപ്പിക്കുന്നത്. ഇന്ത്യയില്‍ താമസിക്കുന്ന റഷ്യന്‍ ഫെഡറേഷനുകളിലെ പൗരന്മാര്‍ക്ക് അവസരം നല്‍കാനാണ് ഞങ്ങള്‍ ഇവിടെ എത്തിയിരിക്കുന്നത്’, ചെന്നൈയിലെ സീനിയര്‍ കോണ്‍സല്‍ ജനറല്‍ സെര്‍ജി അസുറോവ് പറഞ്ഞു.

പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ അവസരം നല്‍കിയതിന് റഷ്യന്‍ ഹൗസിനും ഇന്ത്യയിലെ കോണ്‍സുലേറ്റ് ജനറലിനും നന്ദി പറയുന്നതായി കേരളത്തിലുള്ള റഷ്യന്‍ പൗരയായ ഉലിയയും പറഞ്ഞു. വോട്ട് ചെയ്യാനെത്തിയവരെല്ലാം ഒന്നുകില്‍ ഇന്ത്യയില്‍ സ്ഥിരമായി താമസിക്കുന്നവരോ വിനോദസഞ്ചാരത്തിനായി എത്തിയവരോ ആണ്. വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട് എന്നും ഉലിയ കൂട്ടിച്ചേര്‍ത്തു.

മാര്‍ച്ച് 15 മുതല്‍ 17 വരെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടത്താന്‍ റഷ്യ ഒരുങ്ങുകയാണ്. റഷ്യന്‍ പൗരന്മാര്‍ വെള്ളിയാഴ്ച മുതല്‍ ഞായറാഴ്ച വരെ രാജ്യത്തെ 11 ഇടങ്ങളില്‍ വോട്ട് ചെയ്യും. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് എതിരായി മൂന്ന് സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്. ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ലിയോനിഡ് സ്ലട്ട്സ്‌കി, ന്യൂ പീപ്പിള്‍ പാര്‍ട്ടിയുടെ വ്ലാഡിസ്ലാവ് ദവന്‍കോവ്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിക്കോളായ് ഖാരിറ്റോനോവ് എന്നിവരാണ് പുടിനെതിരെ മത്സരിക്കുന്നത്.

മൂന്ന് പേരും ക്രെംലിന്‍ അനുകൂലികളാണെന്നാണ് വിവരം. ഉക്രെയ്‌നിനെതിരായ റഷ്യയുടെ സൈനിക നടപടിക്ക് ആരും എതിരല്ല. അതേസമയം ഈ തിരഞ്ഞെടുപ്പിലും പുടിന് കാര്യമായ വെല്ലുവിളി ഉണ്ടാകാന്‍ സാധ്യത ഇല്ല എന്നാണ് സി എന്‍ എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പുടിന്‍ വീണ്ടും തിരഞ്ഞെടുക്കപ്പെടുന്നത് കുറഞ്ഞത് 2030 വരെ അദ്ദേഹത്തിന്റെ ഭരണം നീട്ടും. 2020 ലെ ഭരണഘടനാ ഭേദഗതിയാണ് അദ്ദേഹത്തിന് വീണ്ടും മത്സരിക്കാനും 2036 വരെ അധികാരത്തില്‍ തുടരാനും അനുവദിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular