Saturday, April 27, 2024
HomeIndiaആവേശമായി മോദിയുടെ റോഡ്‌ ഷോ

ആവേശമായി മോദിയുടെ റോഡ്‌ ഷോ

പാലക്കാട്‌: റോഡിനിരുവശവും പോലീസ്‌ നിരത്തിയ ബാരിക്കേഡുകള്‍ക്കുള്ളില്‍ പാലക്കാട്ടെ ചുട്ടുപൊള്ളുന്ന വേനല്‍ചൂടിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാത്തുനിന്നതു പതിനായിരങ്ങള്‍.

രാവിലെ എട്ടുമണിയോടെ തന്നെ സ്‌ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ ബാരിക്കേഡുകള്‍ക്കുള്ളില്‍ സ്‌ഥാനംപിടിച്ചു തുടങ്ങി. ആകാശത്ത്‌ ഒന്നിനു പുറകേ ഒന്നായി മൂന്നു ഹെലികോപ്‌റ്ററുകള്‍ ദൃശ്യമായപ്പോള്‍ തന്നെ മോദിക്ക്‌ ജയ്‌ വിളികള്‍ ഉയര്‍ന്നു.
പുഷ്‌പങ്ങളാല്‍ അലങ്കരിച്ച തുറന്ന വാഹനത്തില്‍ കോട്ടമൈതാനത്തെ അഞ്ചുവിളക്കിന്‌ സമീപത്തു നിന്നും മോദി റോഡ്‌ ഷോ ആരംഭിച്ചതോടെ ആവേശം അണപൊട്ടി. വെള്ള കുര്‍ത്തയും കറുത്ത കരയുള്ള തൂവെള്ള ഷാളും കാവിത്തൊപ്പിയും അണിഞ്ഞെത്തിയ മോദി, താമര ചിത്തിന്റെ ബാഡ്‌ജും ധരിച്ചിരുന്നു.
രാവിലെ പത്തരയോടെ ഹെലികോപ്‌റ്ററില്‍ വന്നിറങ്ങിയ മോദിയെ ബി.ജെ.പി. കേരളപ്രഭാരി പ്രകാശ്‌ ജാവദേകര്‍, ജില്ലാ പ്രസിഡന്റ്‌ കെ.എം. ഹരിദാസ്‌, പാലക്കാട്‌ നഗരസഭാ അധ്യക്ഷ പ്രമീള ശശിധരന്‍, ഉപാധ്യക്ഷന്‍ ഇ. കൃഷ്‌ണദാസ്‌ എന്നിവര്‍ ചേര്‍ന്ന്‌ സ്വീകരിച്ചു.
അലങ്കരിച്ച തുറന്നവാഹനത്തില്‍ മോദിക്കൊപ്പം പാര്‍ട്ടി സംസ്‌ഥാന പ്രസിഡന്റ്‌ കെ. സുരേന്ദ്രന്‍, എന്‍.ഡി.എ. പാലക്കാട്‌, പൊന്നാനി സ്‌ഥാനാര്‍ഥികളായ സി. കൃഷ്‌ണകുമാര്‍, നിവേദിതാ സുബ്രഹ്‌മണ്യന്‍ എന്നിവരും ഉണ്ടായിരുന്നു. വാഹനം പതുക്കെ നീങ്ങിത്തുടങ്ങിയതോടെ റോഡിന്‌ ഇരുവശവും തിങ്ങിനിറഞ്ഞവരുടെ ആവേശം നിറഞ്ഞ ജയ്‌ വിളികളും പുഷ്‌പ വൃഷ്‌ടിയും. 39 ഡിഗ്രി സെല്‍ഷ്യസ്‌ ചൂടിനെ കൂസാതെ മോദി ഇരുവശത്തേക്കും കൈവീശി അഭിവാദ്യം ചെയ്‌തു.
ജില്ലാ ആശുപത്രി, അര്‍ബന്‍ ബാങ്ക്‌, ഗണപതി ക്ഷേത്രം, സുല്‍ത്താന്‍പേട്ട ജങ്‌ഷനും കഴിഞ്ഞ്‌ ഹെഡ്‌പോസ്‌റ്റ്‌ ഓഫീസ്‌ പരിസരത്താണ്‌ റോഡ്‌ ഷോ സമാപിച്ചത്‌.
ഒരുകിലോ മീറ്ററില്‍ താഴെ വരുന്ന ദൂരം താണ്ടാനെടുത്തത്‌ 35 മിനിറ്റ്‌. സമാപനത്തിന്‌ തൊട്ടുമുമ്ബ്‌ മോദി വാഹനത്തില്‍ നിന്നിറങ്ങി നടക്കുമെന്ന്‌ കരുതിയിരുന്നെങ്കിലും അതുണ്ടായില്ല.
റോഡ്‌ ഷോ അവസാനിച്ച ശേഷം പ്രധാനമന്ത്രി തിരികെ മേഴ്‌സി കോളജ്‌ ഗ്രൗണ്ടിലെത്തി തമിഴ്‌നാട്ടിലെ സേലത്തേക്ക്‌ പോയി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular