Wednesday, May 1, 2024
HomeKeralaഇടുക്കിയിലെ ഹൈറേഞ്ച് സംരക്ഷസമിതിയുടെ സ്ഥാനാര്‍ത്ഥി ഇക്കുറി അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍; കത്തോലിക്ക സഭാ ആര്‍ക്ക് വോട്ട്...

ഇടുക്കിയിലെ ഹൈറേഞ്ച് സംരക്ഷസമിതിയുടെ സ്ഥാനാര്‍ത്ഥി ഇക്കുറി അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍; കത്തോലിക്ക സഭാ ആര്‍ക്ക് വോട്ട് ചെയ്യും?

ഇടുക്കിയില്‍ ഇക്കുറി ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ സ്ഥാനാർത്ഥി അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ മത്സരിക്കുന്നു എന്നത് ഏറെ ശ്രദ്ധേയമാണ്.
കസ്തൂരി രംഗൻ വിഷയം ഇവിടെ ആളിക്കത്തിയപ്പോള്‍ സഭയും മെത്രാനുമെല്ലാം അന്നത്തെ ഇടുക്കി എം.പി ആയിരുന്ന അന്തരിച്ച പി.ടി.തോമസിനെതിരെ നീങ്ങിയപ്പോള്‍ കെ.പി.സി.സി നേതൃത്വം ഇടപെട്ട് പി.ടി.തോമസിനെ മാറ്റി അന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന ഡീൻ കുര്യാക്കോസിനെ സ്ഥാനാർത്ഥിയാക്കുകയായിരുന്നു. പി.ടി.തോമസിനെ സ്ഥാനാർത്ഥിയാക്കിയാല്‍ ഇടുക്കിയില്‍ യു.ഡി.എഫ് തോല്‍ക്കുമെന്നായിരുന്നു ഇടുക്കിയിലെ കത്തോലിക്കാ സഭയുടെയും മെത്രാൻ്റെയും അച്ചന്മാരുടെയുമൊക്കെ ഭീഷണി. ആ ഭീഷണി കണ്ട് പേടിച്ചാണ് അന്നത്തെ കെ.പി.സി.സി പ്രസിഡൻ്റായിരുന്ന വി.എം സുധീരൻ ഇടപെട്ട് പി.ടിയെ മാറ്റിയത് .
പി.ടി തോമസിന് അത് ഒരുപാട് മാനസിക വിഷമം ഉണ്ടാക്കിയ കാര്യമായിരുന്നു. ആരൊക്കെ എതിർത്താലും തന്നെ ജനം കൈവിടില്ലെന്നും താൻ ഇടുക്കിയില്‍ ജയിക്കുമെന്നും പി ടി തോമസ് പറഞ്ഞിരുന്നു. ഇതൊന്നും വകവെയ്ക്കാതെയാണ് കെ.പി.സി.സി നേതൃത്വം ഇടുക്കിയില്‍ പി ടിക്ക് സീറ്റ് കൊടുക്കാതെ ഡീൻ കുര്യാക്കോസിന് കൊടുത്തത്. ഡീന് സീറ്റ് കൊടുത്തിട്ടും സഭ ഇടഞ്ഞു തന്നെയാണ് നിന്നത്. ഇടുക്കിയിലെ ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ വക്താവായിരുന്ന അഡ്വ. ജോയിസ് ജോർജിനെ സ്ഥാനാർത്ഥിയാക്കി ഇടതുമുന്നണി യുടെ പിന്തുണ വാങ്ങി നല്‍കുകയാണ് ബിഷപ്പും അച്ചന്മാരുമൊക്കെ ഇടുക്കിയില്‍ ചെയ്തത്. ഫലമോ ഇടുക്കിയില്‍ യു.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന ഡീൻ കുര്യാക്കോസ് പരാജയപ്പെടുകയാണ് ഉണ്ടായത്.

യു.ഡി.എഫ് സ്ഥാനാർത്ഥി ഇടുക്കി ബിഷപ്പ് ഹൗസില്‍ ചെന്നപ്പോള്‍ ബിഷപ്പ് സ്ഥാനാർത്ഥിയെ ആക്ഷേപിച്ച്‌ ഇറക്കി വിട്ടതായും ആക്ഷേപം ഉയർന്നു. അങ്ങനെ ചുളുവില്‍ ജയിച്ച്‌ എം.പിയായി പാർലമെൻ്റില്‍ എത്തിയ ജോയിസ് ജോർജ് പിന്നീട് ഹൈറേഞ്ച് സംരക്ഷണ സമിതിയും അച്ചന്മാരുമായും അത്ര നല്ല രസത്തിലായിരുന്നില്ല പോയിരുന്നതെന്നാണ് അറിയാൻ കഴിഞ്ഞത് . കഴിഞ്ഞ പാർലമെൻ്റ് തെരഞ്ഞെടുപ്പില്‍ വീണ്ടും എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച ജോയിസ് ജോർജിന് ഹൈറേഞ്ച് സംരക്ഷ സമിതിയില്‍ നിന്ന് വേണ്ടത്ര പിന്തുണ കിട്ടിയില്ല. ഫലമോ, ജോയിസ് ജോർജ് ഇടുക്കിയില്‍ പരാജയപ്പെടുകയും ചെയ്തു. ആദ്യം യു.ഡി.എഫ് സ്ഥാനാർത്ഥിയായി നിന്നു പരാജയപ്പെട്ട ഡീൻ കുര്യാക്കോസ് ആണ് കഴിഞ്ഞ തവണ ജോയിസ് ജോർജിനെ തോല്‍പ്പിച്ച്‌ എം.പി ആയി പാർലമെൻ്റില്‍ എത്തിയത്. ഇക്കുറിയും, അതായത് മൂന്നാമതും ഇവർ ഇരുവരും തമ്മിലാണ് പ്രധാന മത്സരം.

നിലവിലെ എം.പി ഡീൻ കുര്യാക്കോസ് യു.ഡി.എഫ് സ്ഥാനാർത്ഥിയായി കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കുമ്ബോള്‍ ജോയിസ് ജോർജ് ഇവിടെ ഇടതു സ്വതന്ത്രനല്ലെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. അദ്ദേഹം ഇക്കുറി അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ സി.പി.എം ചിഹ്നത്തില്‍ തന്നെയാണ് മത്സരിക്കുന്നത്. കത്തോലിക്കർക്ക് ഭൂരിപക്ഷമുള്ള ഇടുക്കിയില്‍ അച്ചന്മാർ ഇറക്കിക്കൊണ്ടുവന്ന സ്ഥാനാർത്ഥി അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ മത്സരിക്കുമ്ബോള്‍ വിശ്വാസികള്‍ക്ക് അത് എത്രമാത്രം ഉള്‍ക്കൊള്ളാനാവുമെന്ന് കണ്ടു തന്നെ അറിയണം. ഇടതു വോട്ടുകള്‍ പാർട്ടി ചിഹ്നമായതിനാല്‍ പരമാവധി സമാഹരിക്കാൻ പറ്റുമെങ്കിലും മറ്റുള്ളവരുടെ വോട്ടുകള്‍ എത്രമാത്രം പെട്ടിയിലാക്കാൻ പറ്റുമെന്ന് കണ്ടു തന്നെ അറിയണം.

ഇടുക്കി ലോക്സഭാ മണ്ഡലത്തെപറ്റി പറയുകയാണെങ്കില്‍ ക്രൈസ്തവ ഭൂരിപക്ഷ മേഖലയായ ഇവിടെ യു.ഡി.എഫിന് വ്യക്തമായ മേല്‍ക്കോയ്മ ഉണ്ട്. ഇടുക്കി, പീരുമേട്, തൊടുപുഴ, മൂവാറ്റുപുഴ, കോതമംഗലം, ദേവികുളം, ഉടുമ്ബൻ ചോല തുടങ്ങിയ നിയമസഭാ മണ്ഡലങ്ങളാണ് ഈ ലോക് സഭാ മണ്ഡലത്തിന് കീഴില്‍ വരുന്നത്. സഭയും മെത്രാന്മാരുമൊന്നും ഇടഞ്ഞില്ലെങ്കില്‍ യു.ഡി.എഫ് സ്ഥാനാർത്ഥി വ്യക്തമായ ഭൂരിപക്ഷത്തില്‍ വിജയിക്കാവുന്ന മണ്ഡലം കൂടിയാണ് ഇടുക്കി. മുൻപ് ഇടുക്കിയില്‍ സാക്ഷാല്‍ പി.ജെ.ജോസഫ് ഇടതു സ്ഥാനാർത്ഥിയായപ്പോള്‍ പോലും തോറ്റ ചരിതമുണ്ട്. ഇക്കുറി മെത്രാൻ്റെയും കത്തോലിക്കാ വൈദികരുടെയും നേതാവ് അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ മത്സരിക്കുമ്ബോള്‍ ഇവർ ഈ ചിഹ്നത്തില്‍ വോട്ട് ചെയ്യുമോ..? ഇതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

ഇടുക്കിയില്‍ ഇടതു സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ജോയിസ് ജോർജ് മുൻപ് കെ.എസ്.യുവിൻ്റെയും കോണ്‍ഗ്രസിൻ്റെയും ഒക്കെ നേതാവായിരുന്നു. ശേഷം ഇടുക്കിയിലെ വൈദികർ നേതൃത്വം കൊടുക്കുന്ന ഹൈറേഞ്ച് സംരക്ഷ സമിതിയുടെ വക്താവായി പ്രവർത്തിക്കുകയായിരുന്നു. അവിടെ നിന്നാണ് ഇടുക്കിയില്‍ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർത്ഥിയായി അച്ചന്മാരുടെയും മെത്രാൻ്റെയും ഒക്കെ ആശിർവാദത്തോടെ എത്തിയത്. ഇക്കുറി സി.പി.എം സ്ഥാനാർത്ഥിയായി എത്തുന്ന ജോയിസ് ജോർജിനെ ഭാഗ്യം തുണയ്ക്കുമോ, അതോ നിലവിലെ എം.പി ഡീൻ കുര്യാക്കോസിന് വിജയം ഈസിയാകുമോ?ഇടുക്കിയുടെ മനസ് എന്താണ്..?. അതിന് ഫലം അറിയും വരെ കാത്തിരിക്കേണ്ടി വരും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular