Tuesday, April 30, 2024
HomeKerala20 സീറ്റും യുഡിഎഫിന്, എല്‍ഡിഎഫിനെ കാത്തിരിക്കുന്നത് വന്‍ തോല്‍വി; ലോക്‌പോള്‍ മെഗാ സര്‍വേഫലം

20 സീറ്റും യുഡിഎഫിന്, എല്‍ഡിഎഫിനെ കാത്തിരിക്കുന്നത് വന്‍ തോല്‍വി; ലോക്‌പോള്‍ മെഗാ സര്‍വേഫലം

തിരുവനന്തപുരം: വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ യു ഡി എഫ് തരംഗം പ്രവചിച്ച്‌ ലോക്‌പോള്‍ മെഗാ സര്‍വേ.

2019 ലേതിന് സമാനമായ വിജയമാണ് യു ഡി എഫിന് കേരളത്തില്‍ ലോക്‌പോള്‍ പ്രവചിക്കുന്നത്. ആകെയുള്ള 20 സീറ്റില്‍ 18 മുതല്‍ 20 വരെയും യു ഡി എഫ് നേടും എന്നാണ് സര്‍വേ പ്രവചിക്കുന്നത്. എല്‍ ഡി എഫിന് പൂജ്യം മുതല്‍ രണ്ട് സീറ്റ് വരെയാണ് പ്രവചിക്കുന്നത്.

ഓരോ ലോക്‌സഭാ മണ്ഡലത്തിലേയും 1350 പേരില്‍ നിന്നാണ് സര്‍വേ ടീം അഭിപ്രായം നേടിയത്. 2019 ല്‍ 20 ല്‍ 19 ഉം യു ഡി എഫ് ആയിരുന്നു നേടിയിരുന്നത്. സംസ്ഥാന സര്‍ക്കാരിനെതിരായ ഭരണവിരുദ്ധ വികാരമാണ് എല്‍ ഡി എഫിന് ഇത്തവണ തിരിച്ചടിയാകുക. മധ്യവര്‍ഗ വോട്ടര്‍മാരിലും താഴെത്തട്ടിലെ മധ്യവര്‍ഗ വോട്ടര്‍മാരിലുമെല്ലാം ഈ വികാരമുണ്ട് എന്നും അതാണ് എല്ലാവരും യു ഡി എഫിന് പിന്നില്‍ അണിനിരക്കാന്‍ കാരണം എന്നുമാണ് സര്‍വേയുടെ കണ്ടെത്തല്‍.

മണിപ്പൂര്‍ കലാപം, ഉത്തരേന്ത്യയിലെ സംഘപരിവാര്‍ അതിക്രമം എന്നിവ കാരണം ക്രിസ്ത്യന്‍ വോട്ട് ബാങ്കില്‍ കയറിക്കൂടാനുള്ള ബി ജെ പി ശ്രമം പരാജയപ്പെടും. തല്‍ഫലമായി ക്രിസ്ത്യാനികള്‍ കോണ്‍ഗ്രസിന് പിന്നില്‍ അണിനിരക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴില്‍ മൂന്നാമതും സര്‍ക്കാര്‍ രൂപീകരിക്കുന്നതിനെ മുസ്ലീങ്ങള്‍ ഭയപ്പെടുന്നു. ഇത് യുഡിഎഫിന്റെ വോട്ടില്‍ പ്രതിഫലിക്കും.

സംസ്ഥാനത്ത് ഹിന്ദുത്വ രാഷ്ട്രീയം കളിക്കാനുള്ള ബി ജെ പിയുടെ ശ്രമം പരാജയപ്പെടും. അറിയപ്പെടാത്തതും ദുര്‍ബലരുമായ സ്ഥാനാര്‍ത്ഥികളെ ബി ജെ പി നിര്‍ത്തിയതും യു ഡി എഫിന് അനുകൂലമായി മാറും എന്നാണ് സര്‍വേയുടെ കണ്ടെത്തല്‍. ഏപ്രില്‍ 26 നാണ് കേരളത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിലാണ് കേരളത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്.

അതേസമയം കര്‍ണാടകയില്‍ ബിജെപിക്ക് 11 മുതല്‍ 13 സീറ്റ് വരേയും കോണ്‍ഗ്രസിന് 15 മുതല്‍ 17 സീറ്റ് വരേയുമാണ് സര്‍വേ പ്രവചിക്കുന്നത്. അസമില്‍ ബി ജെ പിക്ക് ഏഴ് മുതല്‍ എട്ട് സീറ്റ് വരേയും കോണ്‍ഗ്രസിന് നാല് മുതല്‍ അഞ്ച് സീറ്റ് വരേയും ലഭിക്കും എന്നാണ് പ്രവചനം. പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് 26-28 സീറ്റുകളും ബി ജെ പിക്ക് 11-13 സീറ്റുകളും കോണ്‍ഗ്രസിന് 2-4 സീറ്റുമാണ് സര്‍വേ പ്രവചിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular