Tuesday, April 30, 2024
HomeUSAഇറാനെതിരായ തിരിച്ചടിയില്‍ പങ്കെടുക്കില്ലെന്ന് യു.എസിന്റെ മുന്നറിയിപ്പ്; തീരുമാനമെടുക്കാനാകാതെ ഇസ്രയേല്‍

ഇറാനെതിരായ തിരിച്ചടിയില്‍ പങ്കെടുക്കില്ലെന്ന് യു.എസിന്റെ മുന്നറിയിപ്പ്; തീരുമാനമെടുക്കാനാകാതെ ഇസ്രയേല്‍

ന്യൂയോർക്ക്/ ടെല്‍അവീവ്: ഇറാനെതിരായ തിരിച്ചടിയില്‍ ഇസ്രയേലിനൊപ്പം പങ്കെടുക്കില്ലെന്ന് യു.എസിന്റെ മുന്നറിയിപ്പ്.

ഇറാനെതിരെ ഇസ്രയേല്‍ നടത്തുന്ന പ്രത്യാക്രമണങ്ങളില്‍ ഒരുതരത്തിലും യു.എസ്. പങ്കെടുക്കില്ലെന്നാണ് വൈറ്റ്ഹൗസ് മുന്നറിയിപ്പ് നല്‍കിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. അതേസമയം, അമേരിക്കയുടെ മുന്നറിയിപ്പ് വന്നതിന് പിന്നാലെ ഇറാനെതിരേയുള്ള പ്രതികരണം എങ്ങനെയാകണമെന്നതില്‍ തീരുമാനമെടുക്കാതെ ഇസ്രയേലിന്റെ ‘വാർ കാബിനറ്റ്’ യോഗം പിരിഞ്ഞു. ഞായറാഴ്ച വൈകിട്ട് മൂന്നുമണിക്കൂറിലേറെ നീണ്ട ചർച്ചകള്‍ക്ക് ശേഷമാണ് ‘വാർ കാബിനറ്റ്’ യാതൊരു തീരുമാനവും എടുക്കാതെ പിരിഞ്ഞത്. ഉടൻതന്നെ ഇതുസംബന്ധിച്ച്‌ വീണ്ടും യോഗം ചേർന്നേക്കുമെന്നും ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.

അതേസമയം, ഇറാൻ നടത്തിയ ആക്രമണത്തിനെതിരേ തിരിച്ചടിയുണ്ടാകുമെന്നാണ് ഒരു ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച്‌ ഇസ്രയേല്‍ ദിനപത്രമായ ‘ഇസ്രയേല്‍ ഹയോം’ റിപ്പോർട്ട് ചെയ്തത്. ഇതുസംബന്ധിച്ച്‌ തീരുമാനമെടുത്തിട്ടില്ലെങ്കിലും ഇസ്രയേല്‍ തിരിച്ചടിക്കുമെന്നത് വ്യക്തമാണെന്നും വിവിധ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകളില്‍ പറയുന്നു. ഇറാനെതിരെ തിരിച്ചടി വേണമെന്നതിനെ ഇസ്രയേല്‍ വാർ കാബിനറ്റ് അനുകൂലിച്ചെങ്കിലും ഇത് എങ്ങനെ വേണമെന്നതില്‍ അഭിപ്രായഭിന്നതയുണ്ടെന്നും വിവിധ റിപ്പോർട്ടുകളിലുണ്ട്.

ഇറാനെതിരായ തിരിച്ചടി ശ്രദ്ധയോടെയാകണമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ കഴിഞ്ഞദിവസം ഇസ്രയേലിനോട് ആവശ്യപ്പെട്ടിരുന്നു. ഇറാനെതിരെ തിരിച്ചടി നടത്തുമ്ബോള്‍ തന്ത്രപരമായി വളരെയധികം ശ്രദ്ധിക്കണമെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് ജോ ബൈഡൻ നിർദേശം നല്‍കിയത്. അതേസമയം, കഴിഞ്ഞദിവസം ഇറാന്റെ മിസൈല്‍ ആക്രമണത്തെ ഇസ്രയേല്‍ വിജയകരമായി പ്രതിരോധിച്ചതായാണ് അമേരിക്കയുടെ വിലയിരുത്തല്‍.

ഇറാൻ തൊടുത്തുവിട്ട മിസൈലുകളില്‍ 99 ശതമാനവും ഇസ്രയേല്‍ തകർത്തതായും ഇത് ഇറാനുമേല്‍ ഇസ്രയേലിനുള്ള സൈനിക ആധിപത്യം വ്യക്തമാക്കുന്നതാണെന്നുമാണ് യു.എസ്. അധികൃതരുടെ വിലയിരുത്തല്‍. കഴിഞ്ഞദിവസം 300-ലേറെ ഡ്രോണുകളും മിസൈലുകളും ക്രൂയിസ് മിസൈലുകളുമാണ് ഇറാൻ ഇസ്രയേലിന് നേരേ വർഷിച്ചത്. എന്നാല്‍, ഇവയില്‍ മിക്കതും ലക്ഷ്യത്തിലെത്തും മുൻപേ ഇസ്രയേല്‍ സേന തകർത്തിരുന്നു. അമേരിക്കയുടെ യുദ്ധവിമാനങ്ങളും യുദ്ധക്കപ്പലുകളും ഇറാൻ ആക്രമണത്തെ പ്രതിരോധിക്കാനായി ഇസ്രയേലിനൊപ്പം അണിനിരന്നു. ഇറാൻ തൊടുത്തുവിട്ട ഡസൻകണക്കിന് മിസൈലുകളാണ് അമേരിക്കൻ യുദ്ധവിമാനങ്ങള്‍ തകർത്തത്. ഏകദേശം 80-ലേറെ ഡ്രോണുകളും ആറ് ബാലിസ്റ്റിക് മിസൈലുകളും യു.എസ്. യുദ്ധവിമാനങ്ങളും യുദ്ധക്കപ്പലുകളും ചേർന്ന് തകർത്തതായാണ് അവകാശവാദം.

അതേ സമയം ഒരു വ്യോമത്താവളത്തിന് ചെറിയ കേടുപാടുകള്‍ സംഭവിച്ചതായി ഇസ്രയേല്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണത്തില്‍ പരിക്കേറ്റ പെണ്‍കുട്ടിയുടെ നില ഗുരുതരാവസ്ഥയിലാണെന്നും ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular