Saturday, May 4, 2024
HomeIndiaരാഹുല്‍ ഗാന്ധിയുടെ പ്രസംഗം എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ച്‌ ബി.ജെ.പി

രാഹുല്‍ ഗാന്ധിയുടെ പ്രസംഗം എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ച്‌ ബി.ജെ.പി

ഹൈദരാബാദ്: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രസംഗം എഡിറ്റ് ചെയ്ത് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച്‌ ബി.ജെ.പി.

രാജസ്ഥാനിലെ ബൻസ്വാരയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ മുസ്ലിം വിരുദ്ധ വിദ്വേഷ പ്രസംഗത്തിന് പിന്നാലെയാണ് വ്യാജ വിഡിയോ പ്രചരിപ്പിക്കുന്നത്.

ഇന്ത്യക്കാരുടെ സാമ്ബത്തിക സ്ഥിതി പഠിക്കാൻ സർവേ നടത്തുമെന്നും അതിനുശേഷം അർഹമായ അവകാശം നല്‍കുമെന്നും പറഞ്ഞുകൊണ്ടുള്ള വിഡിയോയിലാണ് കൃത്രിമം കാണിച്ചിട്ടുള്ളത്. ആള്‍ട്ട് ന്യൂസ്, റേഡിയോ ഫ്രീ, ദെ ക്വിന്റ് തുടങ്ങിയവർ നടത്തിയ അന്വേഷണത്തില്‍ വിഡിയോ എഡിറ്റ് ചെയ്തതാണെന്ന് വ്യക്തമായി.

ഹൈദരാബാദില്‍ കോണ്‍ഗ്രസ് പ്രകടന പത്രിക പ്രഖ്യാപന വേളയിലാണ് യഥാർഥ വിഡിയോ ചിത്രീകരിക്കുന്നത്. ‘ഞങ്ങള്‍ രാജ്യത്ത് ഒരു എക്സ്-റേ (ജാതി സെൻസസ്) നടത്തും, അതില്‍ നിന്ന് എല്ലാം വ്യക്തമാകും. പിന്നാക്ക വിഭാഗങ്ങള്‍, ദലിതുകള്‍, ആദിവാസികള്‍, പാവപ്പെട്ട പൊതുവിഭാഗത്തില്‍പ്പെട്ടവർ, ന്യൂനപക്ഷങ്ങള്‍ എന്നിവർക്ക് ഇന്ത്യയില്‍ അവരുടെ പങ്കാളിത്തം എത്രത്തോളമുണ്ടെന്ന് അറിയാൻ കഴിയും. ഇതിനുശേഷം ഞങ്ങള്‍ സാമ്ബത്തികവും സ്ഥാപനപരവുമായ സർവേ നടത്തി ഇന്ത്യ യഥാർഥത്തില്‍ ആരുടെ, ഏത് വിഭാഗത്തിൻ്റെ കൈകളിലാണെന്ന് കണ്ടെത്തും. ഈ ചരിത്രപരമായ നീക്കത്തിന് ശേഷം ഞങ്ങള്‍ ഒരു വിപ്ലവകരമായ ചുവടുവെപ്പ് നടത്തും. നിങ്ങളുടെ അവകാശം ഞങ്ങള്‍ നല്‍കും’ -എന്നാണ് രാഹുല്‍ ഗാന്ധി യഥാർഥത്തില്‍ സംസാരിക്കുന്നത്.

എന്നാല്‍, എഡിറ്റ് ചെയ്ത വിഡിയോയില്‍ ദലിതർ, ആദിവാസികള്‍, മറ്റു പിന്നാക്ക വിഭാഗങ്ങള്‍, സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്നവർ എന്നിവരെക്കുറിച്ചുള്ള പരാമർശങ്ങള്‍ ഒഴിവാക്കുകയും ന്യൂനപക്ഷത്തെ കുറിച്ച്‌ മാത്രം സംസാരിക്കുന്ന രീതിയിലാക്കി മാറ്റുകയും ചെയ്തു.

ഈ വ്യാജ വീഡിയോ ബി.ജെ.പി എം.പി ഗിരിരാജ് സിങ് ഉള്‍പ്പെടെയുള്ളവർ പങ്കുവെച്ചിട്ടുണ്ട്. ഹിന്ദുക്കളുടെ അവകാശങ്ങളും സ്വത്തുക്കളും എങ്ങനെ കവർന്നെടുക്കാമെന്നാണ് രാഹുല്‍ ഗാന്ധി പറയുന്നതെന്ന് അദ്ദേഹം വ്യാജ വീഡിയോ പോസ്റ്റ് ചെയ്ത് ‘എക്സി’ല്‍ കുറിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular