Saturday, April 27, 2024
HomeIndia921 ലെ മാപ്പിള ലഹളയും അർമീനിയൻ കൂട്ടക്കൊലയും

921 ലെ മാപ്പിള ലഹളയും അർമീനിയൻ കൂട്ടക്കൊലയും

ലോകത്തെ നടുക്കിയ വംശഹത്യ. യൂറോപ്യൻ രാജ്യമായ അർമീനിയയിൽ തുർക്കി നടത്തിയ കൂട്ടക്കൊലകളെ ലോകത്തിലെ ഏറ്റവും വലിയ വംശഹത്യ എന്ന് തന്നെ വിശേഷിപ്പിക്കാം. വംശീയ വിദ്വേഷം മാത്രം കൈമുതലാക്കി തുർക്കിയിലെ ഇസ്ലാമിക ഭരണാധികാരികൾ അരും കൊല ചെയ്തത് അർമീനിയയിലെ 18 ലക്ഷം നിരപരാധികളെയാണ്. സോവിയറ്റ് യൂണിയന്റെ പതനത്തെ തുടർന്ന് അർമീനിയ സ്വതന്ത്രമായതിനുശേഷമാണ് തുർക്കികൾ നടത്തിയ കൂട്ടക്കൊലകളുടെ വ്യാപ്തി പുറം ലോകം അറിയുന്നത്. നിസ്സഹായരും നിരാലംബരുമായ മനുഷ്യരുടെ ചുടു രക്തം ഒഴുകിയ വംശഹത്യയുടെ നാൾ വഴികളിലൂടെ വാസ്തവം തിരഞ്ഞ് നമുക്കൊരുയാത്ര പോകാം

അർമീനിയയിലെ ക്രൈസ്തവർ റഷ്യയുമായി സഹകരിച്ചു എന്നതിന്റെ പേരിൽ തുർക്കിയിലെ ഇസ്ലാമിക ഭരണാധികാരികൾ നടത്തിയ കൂട്ടക്കൊലയെയാണ് അർമേനിയൻ വംശ ഹത്യ എന്ന് ലോകം വിശേഷിപ്പിക്കുന്നത്. 1915 ആരംഭിച്ച മനുഷ്യക്കുരുതി 8 വർഷത്തോളം തുടരുകയായിരുന്നു മനുഷ്യത്വം മരവിച്ച ഓട്ടോമാൻ തുർക്കികൾ. അർമീനിയക്കാർ കൂടുതലും താമസിച്ചിരുന്ന അനത്തോളിയ തുർക്കിയുടെ ശത്രുരാജ്യമായിരുന്ന റഷ്യയുടെ അതിർത്തിയിലായിരുന്നു. ഇവിടുത്തെ ജനങ്ങൾ റഷ്യയുമായി സഹകരിച്ച് തങ്ങൾക്കെതിരെ നീങ്ങാൻ പദ്ധതിയിടുന്നു എന്ന് സംശയം തുർക്കിക്കുണ്ടായിരുന്നു.

15-ാം നൂറ്റാണ്ടിൽ രാജ്യം പൂർണ്ണമായും ഓട്ടോമൻ തുർക്കികളുടെ ഭരണത്തിലായതോടെ അർമീനിയക്കാർ മാതൃ രാജ്യത്ത് രണ്ടാം കിട പൗരൻമാരായി. സ്വന്തം രാജ്യത്ത് ജീവിക്കാൻ അധിനിവേശ ശക്തിയ്‌ക്ക് നികുതി നൽകേണ്ട സാഹചര്യത്തിലേക്ക് അവർ എടുത്തെറിയപ്പെട്ടു. ഇതിനെതിരേ ഉയർന്ന പ്രതിഷേധം അടിച്ചമർത്താനാനെന്ന് കാരണം പറഞ്ഞാണ് കൂട്ടക്കൊലകൾ ആരംഭിക്കുന്നത്.

1915 ഏപ്രിൽ 24-ന് 250 ഓളം അർമീനിയൻ ബുദ്ധിജീവികളെയും എഴുത്തുകാരെയും ക്രിസ്ത്യൻ പുരോഹിതരെയും കൂട്ടത്തോടെ അറസ്റ്റ് ചെയ്തു. അവരെ കൂട്ടക്കൊല ചെയ്തുകൊണ്ടായിരുന്നു മനുഷ്യമനഃസാക്ഷിയെ നടുക്കിയ വംശഹത്യയുടെ ആരംഭം തുർക്കികൾ നിർവഹിച്ചത്. സുൽത്താൻ അബ്ദുൾ ഹമീദ് രണ്ടാമന്റെ കാലത്ത് നടത്തിയ ഈ കൂട്ടക്കൊല ഹമീദിയൻ കൂട്ടക്കൊല എന്നാണ് ലോകചരിത്രത്തിൽ അറിയപ്പെടുന്നത്. അർമീനിയൻ നേതാക്കളെ വധിച്ച ഏപ്രിൽ 24 ന് അർമീനിയൻ വംശഹത്യയുടെ ഓർമദിനമായി ആചരിക്കുന്നു.

ഹമീദിയൻ കൂട്ടക്കൊലയ്‌ക്ക് ശേഷം മനുഷ്യ മനസ്സിനെ മരവിപ്പിക്കുന്ന കാഴ്ചകളാണ് പിന്നീട് രാജ്യത്തിന്റെ തെരുവുകളിൽ കണ്ടത്. അർമീനിയൻ വംശജരെ ജന്മനാട്ടിൽ നിന്നും ഓടിക്കുകയായിരുന്നു തുർക്കിയുടെ ലക്ഷ്യം. തികഞ്ഞ സമാധാന പ്രിയരായിരുന്ന അർമേനിയക്കാരെ കടുത്ത പീഡനങ്ങൾക്ക് വിധേയരാക്കി. 12 വയസിനു മുകളിലുള്ള മുഴുവൻ പുരുഷന്മാരെയും കൊന്നൊടുക്കി.

സ്ത്രീകളോടും കുട്ടികളോടും വീടും സ്വത്തുവകകളും ഉപേക്ഷിച്ച് മരുഭൂമിയിലൂടെ സിറിയയിലേക്കു ഓടിപോകാൻ തുർക്കി ആവശ്യപ്പെട്ടു. പ്രായമായവരെയും കുഞ്ഞുങ്ങളെയുമൊക്കെ തോളിലേന്തി ഉള്ളതെല്ലാം ഉപേക്ഷിച്ച് അടുത്തുള്ള മരുഭൂമിയിലേക്ക് ആളുകൾ നിരനിരയായി നീങ്ങിത്തുടങ്ങി. നിർബന്ധിച്ച് പാലായനം ചെയ്യിപ്പിക്കുക എന്നത് തുർക്കി നടപ്പിലാക്കിയ ക്രൂരവും മനുഷ്യത്വ രഹിതവുമായ ഒരു ഗൂഢ പദ്ധതിയായിരുന്നു.

സിറിയയിലേയ്‌ക്കുള്ള യാത്രയ്‌ക്കിടയിൽ മരുഭൂമിയിൽ ഭക്ഷണവും വെള്ളവുമില്ലാതെ നിരവധി ആളുകൾ മരിച്ചുവീണു. ജീവന്റെ തുടിപ്പ് അവശേഷിച്ചവരെ വെടിവെച്ചു കൊന്ന് തുർക്കി പട്ടാളം ആനന്ദനൃത്തം ചവിട്ടി. യുവതികളെ കൂട്ടമാനഭംഗത്തിനിരയാക്കിയശേഷം ഇസ്താംബൂളിലെ അടിമ ചന്തയിൽ കൊണ്ടുപോയി ലേലം ചെയ്തു. സഹികെട്ട ക്രിസ്ത്യൻ സ്ത്രീകളിൽ വലിയൊരു വിഭാഗം നദിയിൽ ചാടി ജീവനൊടുക്കി. യൂഫ്രട്ടീസ് നദി മനുഷ്യ കബന്തങ്ങൾ കൊണ്ട് നിറഞ്ഞൊഴുകിയെന്ന് ലോകപ്രശസ്ത ചരിത്രകാരൻമാർ വസ്തുതകൾ നിരത്തി സമർത്ഥിക്കുന്നു.

1921 ൽ മലബാറിൽ നടന്ന ഹിന്ദു വംശഹത്യയോട് അർമീനിയൻ കൂട്ടക്കൊലയ്‌ക്ക് സമാനതകളേറെയുണ്ട്. തങ്ങളോട് നല്ല ബന്ധത്തിലായിരുന്ന നേതാക്കളെയും സാധാരണക്കാരേയുമടക്കം കൂട്ടക്കൊലചെയ്യാൻ തുർക്കി ഭരണാധികാരിൾക്ക് യാതൊരു മടിയും ഉണ്ടായില്ല. ബ്രീട്ടീഷുകാർക്കും ഭൂഉടമൾക്കും എതിരായ പോരാട്ടമെന്ന് പറഞ്ഞ് ദളിതരെയും സാധാരണക്കാരെയും കൊന്നുതള്ളിയ മാപ്പിള കലാപകാരികളുടെ ക്രൂരതയും തുർക്കി പട്ടാളത്തിന്റെ അർമീനിയൻ വംശഹത്യയും ചരിത്രപുസ്തകത്തിലെ ഒരേ താളിൽ എഴുതി ചേർക്കേണ്ടവ തന്നെയാണ്.

അർമേനിയയിൽ നടന്നതു വംശഹത്യയല്ലെന്നും രാജ്യത്തോടു കൂറുപുലർത്താത്തവരോടുള്ള ഭൂരിപക്ഷത്തിന്റെ സ്വാഭാവിക പ്രതികരണം മാത്രമെന്നാണ് 18 ലക്ഷം പേർ മൃഗീയമായി വധിക്കപ്പെട്ട സംഭവത്തെ ന്യായീകരിച്ചുകൊണ്ട് തുർക്കി ഭരണാധികാരികൾ ഇന്നും വാദിക്കുന്നത്. അർമേനിയ എന്ന വാക്കുപോലും തുർക്കി ഭരണാധികാരി റജബ് തയ്യിബ് ഉർദുഗാനെപ്പോലും അലോസരപ്പെടുത്തുകയാണ്.

തങ്ങളുടെ പിൻമുറക്കാർ അനുഭവിച്ച യാതനകളും പീഡനങ്ങളും വിസ്മൃതിയിൽ ഉപേക്ഷിക്കാൻ ഒരുക്കമല്ലായിരുന്നു. തിന്മയെ വേർതിരിച്ച് നന്മയെ കൊണ്ടുവരാൻ മനുഷ്യനെ പ്രേരിപ്പിക്കുന്നതിനായി പണികഴിച്ചിരിക്കുന്ന യരവനിലെ ജനോസൈഡ് മ്യൂസിയം ഇതിന്റെ തെളിവാണ്. അർമേനിയയുടെ ചരിത്രം പിന്നിട്ട കറുത്ത കാലഘട്ടത്തിലെ നേർ സാക്ഷ്യങ്ങൾ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങളായി ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. അർമീനിയയിൽ എന്ന് എന്ത് സംഭവിച്ചുവെന്ന് നമ്മുക്ക് പറഞ്ഞു തരുന്ന ചരിത്ര രേഖകളായി.

എന്നാൽ 1921 ലെ വംശഹത്യയിൽ മലബാറിന്റെ മണ്ണിൽ ശിരസ്സ് അറുക്കപ്പെട്ട് പിടഞ്ഞു മരിച്ചവരെ സ്മരിക്കാൻ നമുക്കൊരു മ്യൂസിയം പോയിട്ട് ഓർമ്മദിനം പോലുമില്ല.. കൊല്ലപ്പെട്ട നിരപരാധികൾ മറവിയുടെ കയങ്ങളിലേക്ക് എടുത്തെറിയപ്പെട്ടപ്പോൾ കൊന്നവരെ മഹത്വവൽക്കരിക്കാനുള്ള തിരക്കാണിവിടെ. മതഭീകരത നടത്തിയവർ സ്വാതന്ത്ര്യ സമര സേനാനികളും കാർഷിക സമര നായകരുമായി വാഴ്തത്തപ്പെടുകയാണ്.. അർമീനിയൻ വംശഹത്യയും മലബാർ കലാപവും ചരിത്രത്തിന്റെ ആവർത്തനങ്ങളാണ്. ഇത്തരം ചരിത്രങ്ങൾ ഇനി ആവർത്തിക്കാതിരിക്കാൻ പരിശ്രമിക്കുക എന്നതാണ് ഒരു ജനാധിപത്യ സമൂഹത്തിന് ചെയ്യാനുള്ളത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular